Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാവുന്ന രീതിയിലുള്ള വിപ്ലവകരമായൊരു ഡിജിറ്റല്‍ അഡ്മിനിസ്ട്രേഷനിലേക്കുള്ള മാറ്റം ലക്ഷ്യം വച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന കെ സ്മാര്‍ട്ട് പദ്ധതി രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത്. ഓട്ടോമേറ്റഡ് ആയ, തടസ്സങ്ങളില്ലാത്ത, എളുപ്പത്തില്‍ ഏകോപനം സാധ്യമാകുന്ന ഇ ഗവേണന്‍സ് സംവിധാനമാണിത്. ആദ്യഘട്ടത്തില്‍ 14 മൊഡ്യൂളുകളായും, രണ്ടാം ഘട്ടത്തില്‍ 9 മൊഡ്യൂളുകളുമായാണ് കെസ്മാര്‍ട്ടിന്റെ പ്രവര്‍ത്തനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അപാകതകള്‍ പരിഹരിക്കുവാനും തടസ്സങ്ങളില്ലാതെ കൂടുതല്‍ ജനങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കുവാനും കെ സ്മാര്‍ടിന് സാധിച്ചു.

ഇ-ഓഫീസ് സിസ്റ്റത്തിന് സമാനമാണ് കെ സ്മാര്‍ടിന്റെ ഫയല്‍ മാനേജ്മെന്റ് സംവിധാനവും. ഇ ഫയല്‍ സംവിധാനത്തിലൂടെ ഓഫീസുകളില്‍ നേരിട്ടുചെല്ലാതെ പൗരന് അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കുവാനും അപേക്ഷകന് സാധിക്കും. ഇതുവരെ ഇത്തരത്തില്‍ ലഭിച്ചിട്ടുള്ള അപേക്ഷകളുടെ എണ്ണം 96,0863 ആണ്. ഇതില്‍ 63,3733 അപേക്ഷകള്‍ തീര്‍പ്പാക്കിക്കഴിഞ്ഞു. 327130 അപേക്ഷകള്‍ പരിശോധനാ ഘട്ടത്തിലുമാണ്.

എല്ലാ സാമ്പത്തിക ഇടപാടുകളും തത്സമയം റെക്കോര്‍ഡ് ചെയ്യപ്പെടുന്ന സംവിധാനം കൂടിയാണ് കെ സ്മാര്‍ട്ട് പ്ലാറ്റ്ഫോം.  ബഡ്ജറ്റ് ഡോക്യുമെന്റ് ക്രിയേഷന്‍, ലോങ് ടേം, മിഡ് ടേം, ഷോര്‍ട്ട് ടേം ക്യാഷ് ഫ്ളോ മാനേജ്മെന്റ്, റെഗുലര്‍ ക്യാഷ് പൊസിഷന്‍ റിപ്പോര്‍ട്ട്സ്, ഡെയിലി ക്യാഷ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍, ബഡ്ജറ്റ് സമ്മറി തുടങ്ങിയവയെല്ലാം ഈ അപ്ലിക്കേഷനിലൂടെ സാധ്യമാണ്. പൂര്‍ണമായും ഡിജിറ്റലി നിയന്ത്രിക്കാവുന്ന ഫിനാന്‍സ് മാനേജ്മെന്റ് സംവിധാനമാണിത്. നിലവില്‍ ഇതുവരെ വസ്തു നികുതി, കെട്ടിട നിര്‍മാണ നികുതി, ലൈസന്‍സ് ഫീ, സിവില്‍ രജിസ്ട്രേഷന്‍ ഇനത്തില്‍ ആകെ 628.66 കോടി രൂപയാണ് കെ സ്മാര്‍ട്ട് പദ്ധയിലൂടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ഫ്രണ്ട് ഓഫീസിലൂടെ 500.66 കോടി രൂപയും, ഔട്ട് ഡോര്‍ കളക്ഷനായി 5.46 കോടി രൂപയും ഇ പേയിലൂടെ 77.03 കോടി രൂപയുടേയും സ്വീകരിച്ചു. പിഒഎസിലൂടെ സ്വീകരിക്കപ്പെട്ടിട്ടുള്ളത് 45.51 കോടി രൂപയാണ്.

ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹ രജിസ്ട്രേഷന്‍ തുടങ്ങിയവയ്ക്കായും ഓണ്‍ലൈനായി കെ സ്മാര്‍ട്ട് ആപ്പിലൂടെ അപേക്ഷ നല്‍കാം.

ഇതുവരെ ആകെ സമര്‍പ്പിക്കപ്പെട്ട ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം 77,916 ആണ്. ഇതില്‍ 67176 അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചുകഴിഞ്ഞു. ആകെ ലഭിച്ചിട്ടുള്ള 38384 മരണ സര്‍ട്ടിഫിക്കറ്റ് അപേക്ഷകളില്‍ 30694 എണ്ണമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ആകെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവാഹ സര്‍ട്ടിഫിക്കറ്റ് അപേക്ഷകളുടെ എണ്ണം 29073 ആണ്. ഇതില്‍ 12826 അപേക്ഷകളില്‍ ഇതിനോടകം സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. വീഡിയോ കെവൈസി അനുമതി നല്‍കിയിട്ടുള്ളത് ആകെ 3358 അപേക്ഷകളിലാണ്.

കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും പുതിയ ലൈസന്‍സിനായും ലൈസന്‍സ് പുതുക്കുന്നതിനും ജനങ്ങള്‍ക്ക് കെ സമാര്‍ട് ആപ്പ് ഉപയോഗപ്പെടുത്താം. മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം പുതിയ ലൈസന്‍സ് ഇഷ്യൂ ചെയ്തിട്ടുള്ളത് 5459 അപേക്ഷകളിലാണ്. പുതുക്കിയത് 65354 അപേക്ഷകളും. വസ്തുനികുതി ഇനത്തില്‍ ഇതുവരെയുള്ള ആകെ വരവ് 328.45 കോടി രൂപയാണ്. ഫ്രണ്ട് ഓഫീസ് മുഖേന സ്വീകരിച്ചിട്ടുള്ളത് 222.67 കോടി രൂപയും, ഔട്ട്ഡോര്‍ കളക്ഷന്‍ 5.01 കോടി രൂപയും, ഇ പേയിലൂടെ 58.02 കോടി രൂപയും, പിഒഎസ് മുഖേന 42.75 കോടി രൂപയുമാണ് നിലവില്‍ ആകെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്.

ലോ റിസ്‌ക് കാറ്റഗറി കെട്ടിടങ്ങള്‍ക്ക് 10 സെക്കന്റിനുള്ളില്‍ കെ സ്മാര്‍ട്ട് പ്ലാറ്റ്ഫോമില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ് ലഭിക്കും. നിലവിലെ കണക്കുകള്‍ പ്രകാരം ആകെ അനുവദിക്കപ്പെട്ട പെര്‍മിറ്റുകളുടെ എണ്ണം 5066 ആണ്. ഇതില്‍ 4037 എണ്ണം സെല്‍ഫ് സര്‍ട്ടിഫൈഡ് പെര്‍മിറ്റുകളും, 848 എണ്ണം നോര്‍മല്‍ പെര്‍മിറ്റുകളും, 181 എണ്ണം റെഗുലറൈസേഷനുകളുമാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ട് പരാതികള്‍ സമര്‍പ്പിക്കുവാനുള്ള സംവിധാനവും കെസ്മാര്‍ട്ടിലുണ്ട്. ആകെ 8876 പരാതികളാണ് ഇതുവരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ 1322 എണ്ണം ഇതിനോടകം പരിഹരിച്ചുകഴിഞ്ഞു. 39 പരാതികള്‍ തള്ളിക്കളയുകയും 692 എണ്ണം പരാതിക്കാരിലേക്ക് തിരികെ നല്‍കുകയുമാണുണ്ടായിട്ടുള്ളത്. 6823 പരാതികള്‍ പരിഗണനയിലാണ്.

വിവിധ മനുഷ്യവിഭവ ശേഷി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനായി കെ സ്മാര്‍ട്ടില്‍ തയ്യാറാക്കിയിട്ടുള്ള മൊഡ്യൂളാണ് എച്ച്ആര്‍എംഎസ് അഥവാ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം. എച്ച്ആര്‍എംഎസില്‍ ജീവനക്കാരുടെ സര്‍വ്വീസ് മാപ്പിംഗ് സാധ്യമാണ്. സര്‍വ്വീസ് മാപ്പിംഗ് പ്രിവ്യൂവിലൂടെ മാപ്പ് ചെയ്ത വിവരങ്ങള്‍ പരിശോധിക്കുവാനുമാകും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 530514 പേരും, 13563 സ്ഥാപനങ്ങളും, 8253 ജീവനക്കാരും രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു.

ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ കെ സ്മാര്‍ട്ട് ആപ്പ് ലഭ്യമാണ്. ഇതേ സേവനങ്ങള്‍ https://ksmart.lsgkerala.gov.in/ui/web-portal എന്ന കെ സ്മാര്‍ട്ട് വെബ് പോര്‍ട്ടിലിലൂടെയും ഏവര്‍ക്കും ഉപയോഗപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *