Your Image Description Your Image Description
Your Image Alt Text

 

ഹൈദരാബാദ്: ഐപിഎല്ലിൽ അവസാന പന്തിലെ ത്രില്ലറിൽ രാജസ്ഥാൻ റോയൽസിനെ മറികടന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ്. ഹൈദരാബാദിൽ നടന്ന മത്സരത്തിൽ ഒരു റണ്ണിനായിരുന്നു രാജസ്ഥാന്റെ തോൽവി. ഹൈദരാബാദ് 202 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടു വച്ചത്. നിതീഷ് റെഡ്ഡി (42 പന്തിൽ 76), ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ രാജസ്ഥാന് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുക്കാനാണ് സാധിച്ചത്. യശസ്വി ജയ്‌സ്വാൾ (40 പന്തിൽ 67), റിയാൻ പരാഗ് (49 പന്തിൽ 77) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് പ്രതീക്ഷ നൽകിയത്. റോവ്മാൻ പവൽ (15 പന്തിൽ 27) വിജയത്തിനടുത്ത് എത്തിച്ചെങ്കിലും ഭുവനേശ്വർ കുമാറിന്റെ അവസാന പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. തോൽവിയോടെ രാജസ്ഥാൻ പ്ലേ ഓഫിന് വേണ്ടി കാത്തിരിക്കണം. 10 മത്സരങ്ങളിൽ 16 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഹൈദരാബാദിന് ഇത്രയും മത്സരങ്ങളിൽ 12 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറാനായി.

അവസാന രണ്ട് ഓവറിൽ 20 റൺസാണ് രാജസ്ഥാൻ ജയിക്കാൻ വേണ്ടിയിരുന്നത്. പാറ്റ് കമ്മിൻസിന്റെ ആദ്യ പന്തിൽ ധ്രുവ് ജുറൽ (1) മടങ്ങി. രണ്ടാം പന്തിൽ അശ്വിൻ ഒരു റൺ നേടി. മൂന്നാം പന്ത് റോവ്മാൻ പവലിന് തൊടാൻ കഴിഞ്ഞില്ല. നാലാം പന്തിൽ റൺസില്ല. അഞ്ചാം പന്തിലും റൺ നേടാൻ പവലിന് സാധിച്ചില്ല. അവസാന പന്തിൽ സിക്‌സ്. ശേഷിക്കുന്ന ഒരോവറിൽ ജയിക്കാൻ വേണ്ടത് 13 റൺസ്. ഭുവനേശ്വർ എറിഞ്ഞ അവാസന ഓവറിലെ ആദ്യ പന്തിൽ അശ്വിൻ റൺസെടുത്തു. പിന്നാലെ പവൽ രണ്ട് റൺ ഓടിയെടുത്തു. അവസാന നാല് പന്തിൽ ജയിക്കാൻ 10 റൺസ്. മൂന്നാം പന്ത് ബൗണ്ടറിയിലേക്ക്. പിന്നീട് ജയിക്കാൻ മൂന്ന് പന്തിൽ ആറ് റൺസ്. നാലാം പന്തിൽ പവൽ രണ്ട് റൺ ഓടിയെടുത്തു. അഞ്ചാം പന്തിലും രണ്ട് റൺ. എന്നാൽ പവലിന്റെ പോരാട്ടത്തിന് അവസാന പന്തിൽ അവസാനമായി. ഭുവനേശ്വർ ഹൈദരാബാദിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിൻസ്, ടി നടരാജൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമായിരുന്നു രാജസ്ഥാന്. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ജോസ് ബട്‌ലർ (0), സഞ്ജു സാംസൺ (0) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. ബട്‌ലർ സ്ലിപ്പിൽ മാർകോ ജാൻസന് ക്യാച്ച് നൽകി. സഞ്ജുവാകട്ടെ നേരിട്ട മൂന്നാം പന്തിൽ ബൗൾഡായി. പിന്നീട് ജയ്‌സ്വാൾ – പരാഗ് സഖ്യം 133 റൺസ് കൂട്ടിചേർത്തു. ടീമിന് വിജയപ്രതീക്ഷയുമായി. എന്നാൽ 14-ാം ഓവറിൽ ജയ്‌സ്വാൾ
മടങ്ങി. രണ്ട് സിക്‌സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സ്. 16-ാം ഓവറിൽ പരാഗും കൂടാരം കയറി. നാല് സിക്‌സും എട്ട് ഫോറും പരാഗിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഷിംറോൺ ഹെറ്റ്‌മെയർ (13), ധ്രുവ് ജുറൽ (1) നിരാശപ്പെടുത്തി. പവലിന് അശ്വിൻ (2) എല്ലാ പിന്തുണയും നൽകിയെങ്കിലും വിജയിപ്പിക്കാനായില്ല.

മോശം തുടക്കമാണ് ഹൈദരാബാദിനും ലഭിച്ചത്. ആറ് ഓവറിൽ രണ്ടിന് 37 എന്ന നിലയിലായിരുന്നു ആതിഥേയർ. തുടക്കത്തിൽ തന്നെ അഭിഷേക് ശർമ (12), അൻമോൽപ്രീത് സിംഗ് (5) എന്നിവരെ മടക്കാൻ രാജസ്ഥാൻ ബൗളർമാർക്കായി. അഭിഷേകിനെ ആവേഷ് ഖാൻ മടക്കി. അൻമോലിന്റെ വിക്കറ്റ് സന്ദീപ് ശർമയ്ക്കായിരുന്നു. തുടർന്ന് നാലാം വിക്കറ്റിൽ ഹെഡ് – റെഡ്ഡി സഖ്യം 96 റൺസ് കൂട്ടിചേർത്തു. ഇതിൽ ഹെഡിന്റെ ആദ്യ പന്തിൽ തന്നെ റിയൻ പരാഗ് പാഴാക്കിയിരുന്നു. അതിന് കനത്ത വില കൊടുക്കേണ്ടിവന്നു. എന്നാൽ 15-ാം ഓവറിൽ ഹെഡിനെ, ആവേശ് ബൗൾഡാക്കി. 44 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും നാല് ഫോറും നേടി. തുടർന്നത്തിയ ഹെന്റിച്ച് ക്ലാസനാണ് 200നോട് അടുത്തെത്തിച്ചത്. 18 പന്തുകൾ നേരിട്ട താരം 40 റൺസുമായി റെഡ്ഡിക്കൊപ്പം പുറത്താവാതെ നിന്നു. മൂന്ന് വീതം സിക്‌സും ഫോറും ക്ലാസൻ നേടിയിരുന്നു. 42 പന്തുകൾ നേരിട്ട റെഡ്ഡിയുടെ ഇന്നിംഗ്‌സിൽ എട്ട് സിക്‌സും മൂന്ന് ഫോറും നേടി. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

 

Leave a Reply

Your email address will not be published. Required fields are marked *