Your Image Description Your Image Description
Your Image Alt Text

 

തൃശൂർ : കുന്നംകുളം കാണിപ്പയ്യൂരിൽ വീട്ടുകിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങി കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ കുന്നംകുളം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പോണ്ടിച്ചേരി കടലൂർ സ്വദേശി കുമാറിനെ (45)യാണ് കുന്നംകുളം അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി വൈശാഖിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘം രക്ഷപ്പെടുത്തിയത്. ഇന്നലെ രാവിലെ ഒമ്പതിനാണ് സംഭവം.

കാണിപ്പയ്യൂർ സ്വദേശി ചെറുകാക്കശ്ശേരി വീട്ടിൽ ഇമ്മാനുവലിന്റെ വീട്ടുപറമ്പിലെ കിണറ്റിൽ വീണ പൂച്ചയെ പുറത്തെടുക്കാനാണ് ഇതര സംസ്ഥാന തൊഴിലാളി കിണറ്റിലിറങ്ങിയത്. കിണറ്റിൽ വെള്ളമുണ്ടായിരുന്നില്ല. പൂച്ചയെ രക്ഷപ്പെടുത്തി കൊട്ടയിൽ കരക്ക് കയറ്റിയ ശേഷം കിണറ്റിൽ നിന്നും കയറയാൻ ശ്രമിക്കുമ്പോഴാണ് നേരിയ തോതിൽ ശ്വാസതടസ്സവും പരിഭ്രമവും അനുഭവപ്പെട്ടതോടെ കുമാർ കിണറ്റിൽ കുടുങ്ങിയത്.

കിണറ്റിൽ നിന്നും തിരിച്ചു കയറാൻ കഴിയാതെ വന്നതോടെ കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം സംഭവസ്ഥലത്തെത്തിയ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ നെറ്റ് ഉപയോഗിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ കിണറിന് പുറത്തെത്തിച്ച് രക്ഷപ്പെടുത്തി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിടി ലൈജു, സുരേഷ് കുമാർ, ആർകെ ജിഷ്ണു, ശരത്ത് സ്റ്റാലിൻ, ഇബ്രാഹിം, ശരത്ത് എസ് കുമാർ എന്നിവരടങ്ങുന്ന സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നേരത്തെ തന്നെ ഫയർഫോഴ്സ് ഇത് സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകിയിരുന്നു. വേനൽ കടുക്കുമ്പോൾ കിണറ് വൃത്തിയാക്കാനും മറ്റുമായി ഇറങ്ങുന്നവർ ശ്രദ്ധിക്കണമെന്നായിരുന്നു മുന്നറിയിപ്പ്.

ശ്രദ്ധിക്കുക…

വേനൽ കാലമായതിനാൽ പലരും വൃത്തിയാക്കാനും മറ്റുമായി കിണറ്റിൽ ഇറങ്ങുന്നത് സാധാരണമാണ്. പലവട്ടം ആവർത്തിച്ചാലും വീണ്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത് ദൌർഭാഗ്യകരമാണ്. കിണറ്റിൽ ഇറങ്ങുമ്പോൾ കൃത്യമായ മുൻകരുതലുകൾ എടുക്കണം. അറുപത് അടിയിൽ കൂടുതലുള്ള കിണറ്റിൽ ഇറങ്ങുമ്പോൾ കിണറ്റിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കണം. ഇതിനായി പലപ്പോഴും പറഞ്ഞത് പോലെ തീ കത്തിച്ച് കിണറ്റിന്റെ അടിഭാഗത്ത് വരെ കെടാതെ നിൽക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അതുപോലെ വർഷങ്ങളായി ഉപയോഗിക്കാത്ത കിണറ്റിൽ ഇറങ്ങരുത്. ഫാൻ കെട്ടിത്തുക്കിയോ മറ്റോ അകത്ത് വായു സഞ്ചാരം ഉറപ്പാക്കാൻ ശ്രദ്ധിക്കണം. കിണറ്റിലേക്ക് ഇറങ്ങുമ്പോൾ, മുകളിൽ ആളുകൾ ഉള്ളപ്പോൾ മാത്രം ഇറങ്ങുക. മുകളിലുള്ളവർക്ക് വലിച്ച് കയറ്റാൻ തക്കവണ്ണം ശരീരം മറ്റൊരു കയറിൽ ബന്ധിപ്പിച്ചിടണം. ഏത് സഹായത്തിനും സമയം വൈകിപ്പിക്കാതെ ഫയർഫോഴ്സിനെ വിവരം അറിയിക്കണമെന്നും ഫയർഫോഴ്സ് ടെക്നിക്കൽ വിഭാഗം ഡയറക്ടർ എം നൌഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *