Your Image Description Your Image Description
Your Image Alt Text

 

അസാധാരണമായ ഇന്നത്തെ സാഹചര്യങ്ങളില്‍ സ്വാഭാവിക രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് എത്രത്തോളം സാധ്യമാണ്? പടിഞ്ഞാറന്‍ യു.പി., തെക്കന്‍ പഞ്ചാബ്, വടക്കന്‍ ഹരിയാണ, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലായി അഞ്ചുദിവസംനീണ്ട 1500 കിലോമീറ്റര്‍ യാത്ര അവസാനിക്കുമ്പോള്‍ ഞാന്‍ എന്നോടുതന്നെ ചോദിച്ച ചോദ്യം ഇതാണ്. ലളിതമായൊരു ചോദ്യവുമായാണ് ഞങ്ങള്‍ അഞ്ചുപേര്‍ യാത്രതുടങ്ങിയത്. 2014-ലും 2019-ലും ഉണ്ടായതുപോലൊരു ബി.ജെ.പി. തരംഗം ഹിന്ദി ഹൃദയഭൂമിയില്‍ ഇത്തവണയുണ്ടോ? അന്നു സംഭവിച്ചതുപോലെ, പ്രതിപക്ഷം ഇത്തവണയും കടപുഴകുമോ?

‘ഇല്ല’ -വീടുകളിലും തെരുവുകളിലും ചന്തകളിലുമായി നാനൂറോളം സാധാരണ വോട്ടര്‍മാരോട് സംസാരിച്ചപ്പോള്‍ കിട്ടിയ ഉത്തരം ലളിതവും കൃത്യവുമായിരുന്നു. ഞങ്ങളവിടെ കണ്ടത്, പതിവു രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരുകൊണ്ട് അമര്‍ത്തിവെക്കാനോ മറച്ചുവെക്കാനോ കഴിയാത്ത ജീവല്‍പ്രശ്‌നങ്ങളും പ്രാദേശിക വിഷയങ്ങളും ഭരണകൂടത്തോടുള്ള വിമര്‍ശനങ്ങളും ജാതി, മത സമവാക്യങ്ങളും ചേരിതിരിഞ്ഞുള്ള രാഷ്ട്രീയപ്പോരുമാണ് ഞങ്ങള്‍ക്കുമുന്നില്‍ നിരന്നത്. ഭരണംനടത്തുന്ന ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ശുഭകാര്യമല്ല അത്. ഈ ജനവികാരം, അതേരീതിയില്‍ തിരഞ്ഞെടുപ്പുഫലത്തില്‍ പ്രതിഫലിക്കുകയാണെങ്കില്‍, ഹിന്ദി ഹൃദയഭൂമി തൂത്തുവാരാന്‍ മോദിയുടെ ബി.ജെ.പി.ക്ക് നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.

ഇതുപക്ഷേ, സാധാരണ കാലമല്ല. സാധാരണ തിരഞ്ഞെടുപ്പുമല്ല. ജനരോഷം എന്നുവിളിക്കാനാവില്ലെങ്കില്‍ക്കൂടി, ജനങ്ങളുടെ ഈ ആശങ്ക ജനഹിതമായി പുറത്തുവരുമോ? ജനഹിതം തിരഞ്ഞെടുപ്പിലെ ജനവിധിയായിമാറുമോ? ഒന്നുകൂടി കടത്തിച്ചോദിച്ചാല്‍, ജനഹിതം തന്നെയാണോ തിരഞ്ഞെടുപ്പു ഫലമായി പുറത്തുവരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, തുടക്കത്തിലുള്ളതിനെക്കാളധികം ചോദ്യങ്ങളുമായാണ് ഞങ്ങള്‍ മടങ്ങിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *