Your Image Description Your Image Description
Your Image Alt Text

 

ബംഗളൂരു: ഐപിഎല്‍ പതിനേഴാം സീസണിലും കനത്ത തിരിച്ചടിയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നേരിട്ടിരിക്കുന്നത്. പൂര്‍ത്തിയായ ഏഴ് കളിയില്‍ ആറിലും തോറ്റ ആര്‍സിബി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നിലവിലെ സാഹചര്യത്തില്‍ ആര്‍ സി ബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ എങ്ങനെയെന്ന് നോക്കാം. ഐപിഎല്ലില്‍ ആരാധക പിന്തുണയില്‍ ഏറ്റവും മുന്നിലുള്ള ടീമുകളില്‍ ഒന്നാണ് ആര്‍സിബി. എന്നാല്‍ കളിമികവിലും പോയിന്റിലും ഏറ്റവും പിന്നിലും.

മുന്‍ സീസണുകളിലെ പോലെ ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തുണ്ടെങ്കിലും മൂര്‍ച്ചയില്ലാത്ത ബൌളിംഗാണ് ആര്‍സിബിയെ തുടര്‍ തോല്‍വികളിലേക്ക് തള്ളിയിടുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റെക്കോര്‍ഡ് സ്‌കോര്‍ പിറന്ന മത്സരത്തില്‍ 25 റണ്‍സിന് തോറ്റതോടെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ മങ്ങി. ഏഴ് കളിയില്‍ രണ്ട് പോയിന്റ് മാത്രമാണ് ആര്‍സിബിയുടെ സമ്പാദ്യം. പ്ലേ ഓഫിലെത്താന്‍ പതിനാറ് പോയിന്റാണ് വേണ്ടത്.

ഇതുകൊണ്ടുതന്നെ ഇനിയുള്ള ഏഴ് കളിയും ജയിച്ചാലേ മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിക്കാതെ ബംഗളൂരുവിന് പ്ലേ ഓഫിലെത്താനാവൂ. ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. തുടര്‍ന്ന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഡെല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെ ഓരോ മത്സരവും ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രണ്ട് മത്സരവും ആര്‍സിബി കളിക്കും.

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായാണ് ആര്‍സിബി തോറ്റത്. അവരുടെ തുടര്‍ച്ചയായ അഞ്ചാം തോല്‍വി ആയിരുന്നത്. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായിരുന്നിത്. ട്രാവിസ് ഹെഡ് (41 പന്തില്‍ 102), ഹെന്റിച്ച് ക്ലാസന്‍ (31 പന്തില്‍ 67) എന്നിവരാണ് ഹൈദരാബാദിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ ഐപിഎല്ലിലെ റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനാണ് സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *