Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങളാണ് കൊച്ചിയില്‍ ലുലു ഗ്രൂപ്പ് നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പി രാജീവ്. സ്മാര്‍ട് സിറ്റിക്കുള്ളില്‍ നിര്‍മ്മാണത്തിന്റെ വലിയൊരു പങ്കും പൂര്‍ത്തിയായിട്ടുള്ള ഈ മെഗാ പദ്ധതി തുറന്നു കൊടുക്കുന്നതോടെ 30,000 ഐടി പ്രൊഫഷണലുകള്‍ക്ക് ഒരേസമയം ജോലി ചെയ്യാന്‍ പറ്റുന്ന സ്‌പേസ് കേരളത്തില്‍ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

‘ഇതിനോടകം തന്നെ കേരളം ലക്ഷ്യസ്ഥാനമാക്കിയിട്ടുള്ള നിരവധി വന്‍കിട കമ്പനികള്‍ക്ക് ആകര്‍ഷകവും എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്നതോടെ, വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളം പ്രതീക്ഷിക്കുന്നത് നാലാം വ്യവസയ വിപ്ലവത്തില്‍ ഇന്ത്യയുടെ ഹബ്ബായി മാറാനുള്ള കുതിപ്പ് സാധ്യമാകുമെന്ന് തന്നെയാണ്. ജൂലൈ മാസത്തില്‍ നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോണ്‍ക്ലേവ് കൂടി കഴിയുന്നതോടെ ആര്‍ക്കും തടുക്കാന്‍ കഴിയാത്ത വിധത്തില്‍ നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി രാജീവ് അറിയിച്ചു.

ഐടി വ്യവസായ സമുച്ചയങ്ങള്‍ നിര്‍മ്മാണത്തിന്റെ അന്തിമഘട്ടത്തിലാണെന്ന് സി രവീന്ദ്രനാഥും പറഞ്ഞു. കൊച്ചി വിമാനത്താവളം കേന്ദ്രീകരിച്ചുകൊണ്ട് വിഭാവനം ചെയ്യുന്ന എയ്‌റോസിറ്റിയില്‍ ഇത്തരം ടെക്ക് തൊഴിലവസരങ്ങള്‍ക്ക് പുറമെ വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, വിനോദം, പാര്‍പ്പിട – ആരോഗ്യ സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി എല്ലാത്തരം സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യും വിധമാണ് ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാന ബിസിനസ് കേന്ദ്രമായി ഇവിടം മാറും. ആലുവ, അങ്കമാലി റെയില്‍വേ സ്റ്റേഷനുകള്‍, സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡ്, ഗ്രീന്‍ഫീല്‍ഡ് ഹൈവേ, അങ്കമാലി – കുണ്ടന്നൂര്‍ ബൈപ്പാസ്, കൊച്ചി മെട്രോ, ദേശീയ ജലപാത എന്നിവയുടെ കണക്ടിവിറ്റി സൗകര്യം, നിര്‍ദ്ദിഷ്ട ഗിഫ്റ്റ് സിറ്റി, ടൂറിസം സര്‍ക്യൂട്ട്, പെട്രോകെമിക്കല്‍ പാര്‍ക്ക് തുടങ്ങിയവയെല്ലാം കണ്ണിചേര്‍ത്തു കൊണ്ട് ഇന്ത്യയിലെ ഒന്നാം നിര എയ്‌റോ സിറ്റിയാക്കി കൊച്ചി എയ്‌റോസിറ്റിയെ വികസിപ്പിച്ചെടുക്കാമെന്നും രവീന്ദ്രനാഥ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *