Your Image Description Your Image Description
Your Image Alt Text

 

കൊല്‍ക്കത്ത: പൊതുവെ സ്പിന്നറായിട്ടാണ് സുനില്‍ നരെയ്ന്‍ അറിയപ്പെടുന്നത്. ഐപിഎല്‍ റണ്‍വേട്ടക്കാരുടെ പട്ടിക പരിശോധിച്ചാല്‍ അങ്ങനെയല്ല കാണുക. പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ നരെയ്ന്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 109 റണ്‍സ് നേടിയതോടെയാണ് നരെയ്ന്‍ മൂന്നാമതെത്തിയത്. എന്നാല്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയെടുത്താല്‍ നരെയ്‌നെ ആദ്യ പതിനഞ്ചില്‍ പോലും കാണില്ല. അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് താരം രാജസ്ഥാനെതിരെ പന്തെറിയും മുമ്പ് വീഴ്ത്തിയത്. അതേസമയം, കൊല്‍ക്കത്തക്കെതിരെ 12 റണ്‍സിന് പുറത്തായി സഞ്ജു സാംസണ്‍ നരെയ്‌നൊപ്പമുണ്ട്. മലയാളി താരത്തിനും 276 റണ്‍സാണുള്ളത്.

അതേസമയം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിരാട് കോലി തലപ്പത്ത് കുതിപ്പ് തുടരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ സീസണില്‍ ആകെ കോലിയുടെ സമ്പാദ്യം 361 റണ്‍സായി. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാന്‍ പരാഗാണ്. 318 റണ്‍സാണ് പരാഗിനുള്ളത്. കൊല്‍ക്കത്തക്കെതിരെ 34 റണ്‍സെടുത്താണ് പരാഗ് പുറത്തായത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് 284 റണ്‍സുണ്ടായിരുന്നു പരാഗിന്റെ അക്കൗണ്ടില്‍. 261 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മ്മ നാലാമതെങ്കില്‍ 255 റണ്‍സുമായി ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്.

മത്സരത്തില്‍ സെഞ്ചുറി (41 പന്തില്‍ 102) നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡ് അഞ്ച് ഇന്നിംഗ്സില്‍ ആകെ 235 റണ്‍സുമായി എട്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി. 31 ബോളില്‍ 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ നില മെച്ചപ്പെടുത്തി സീസണിലാകെ ആറ് മത്സരങ്ങളില്‍ 253 റണ്‍സുമായി ആറാംസ്ഥാനത്തെത്തി.

അതേസമയം വിരാട് കോലിക്ക് പുറമെ ആര്‍സിബി നിരയില്‍ തകര്‍ത്തടിച്ച ഫാഫ് ഡുപ്ലസിസും (28 പന്തില്‍ 62), ദിനേശ് കാര്‍ത്തിക്കും (35 പന്തില്‍ 83) നേട്ടമുണ്ടാക്കിയവരിലുണ്ട്. ഫാഫ് 7 കളിയില്‍ 232 റണ്‍സുമായി ഒന്‍പതും ഡികെ 226 റണ്‍സുമായി പത്തും സ്ഥാനങ്ങളിലാണ് നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *