Your Image Description Your Image Description
Your Image Alt Text

 

ടെസ്‌ല ഉപയോഗിക്കുന്ന അർദ്ധചാലക ചിപ്പുകൾ നിർമിക്കുന്നതിന് ടാറ്റ ഇലക്‌ട്രോണിക്‌സുമായി കരാറിൽ ഒപ്പുവെച്ചതായി റിപ്പോർട്ട്. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ ഇലക്‌ട്രോണിക്‌സ് സെമികണ്ടക്ടർ ബിസിനസിൽ കാര്യമായ നിക്ഷേപം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ടാറ്റ ഇലക്‌ട്രോണിക്‌സും ടെസ്‌ലയും തമ്മിൽ കരാർ ഒപ്പിട്ടത്. ആഗോള തലത്തിലുള്ള ഉപഭോക്താക്കൾക്ക് ചിപ്പുകൾ നൽകുന്നതിന് ടാറ്റയ്ക്ക് അവസരം ലഭിക്കുന്നതിനാൽ ഈ കരാർ ഏറെ പ്രധാനമാണ്.

ഇലക്ട്രിക് വാഹന നിർമാണ മേഖലയിലെ മുൻനിര അമേരിക്കൻ കമ്പനിയായ ടെസ്‌ല, ലോകത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന പ്രധാന വാഹന വിപണിയായ ഇന്ത്യയിൽ പ്രവേശിക്കാൻ ഉള്ള ശ്രമത്തിലാണ്. ഇലോൺ മസ്‌ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇന്ത്യ സന്ദർശിക്കാനിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അസമിൽ ആണ് 25,000 കോടി രൂപയുടെ സെമി കണ്ടക്ടർ പാക്കേജിംഗ് പ്ലാൻറ് സ്ഥാപിക്കുന്നത്. രാജ്യത്ത് ഒരു ചിപ്പ് പ്ലാന്റ് സ്ഥാപിക്കുന്ന ആദ്യത്തെ ആഭ്യന്തര സംരംഭമാണിത് .

സെമി കണ്ടക്ടർ നിർമാണവും പാക്കേജിംഗ് യൂണിറ്റുകളും രാജ്യത്തേക്ക് വരുന്നത് ആകർഷിക്കുന്നതിനുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ ഭാഗമായി സർക്കാർ 76,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ടാറ്റ ഗ്രൂപ്പിനും സബ്‌സിഡികൾക്കും അർഹതയുണ്ടാകും . അർദ്ധചാലക ഇൻസെൻന്റീവുകൾക്കായി, 2025 സാമ്പത്തിക വർഷത്തിൽ സർക്കാർ 6,900 കോടി രൂപ ചെലവഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു .

അർദ്ധചാലക ചിപ്പ് ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഹൃദയമായി കണക്കാക്കപ്പെടുന്നു. സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ, ഡാറ്റാ സെന്ററുകൾ, കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, , വാഹനങ്ങൾ, വീട്ടുപകരണങ്ങൾ, ജീവൻ രക്ഷാ ഫാർമസ്യൂട്ടിക്കൽ ഉപകരണങ്ങൾ, അഗ്രി ടെക്, എടിഎമ്മുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ടാറ്റ ഇലക്‌ട്രോണിക്‌സ് അടുത്തിടെ കൂടുതൽ പേർക്ക് നിയമനം നൽകി വരികയാണ്. ടെസ്ലയുമായുള്ള കരാർ കൂടി പ്രാബല്യത്തിലാകുന്നതോടെ ഉൽപാദനം എത്രയും പെട്ടെന്ന് തുടങ്ങാനുള്ള ശ്രമത്തിലായിരിക്കും ടാറ്റ.

Leave a Reply

Your email address will not be published. Required fields are marked *