Your Image Description Your Image Description
Your Image Alt Text

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യാൻ സ്ഥാനാർഥികളും പ്രവർത്തകരും തയ്യാറാകണമെന്ന് മന്ത്രി എംബി രാജേഷ്. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയൻ സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്കും സ്വീകരിക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു.

‘തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികൾ മത്സരിച്ചാണ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാർഥത്തിൽ മാലിന്യമായിത്തീരുകയും ചെയ്തു.’ നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകൾക്ക് പാർട്ടികളും സ്ഥാനാർഥികളും നേതൃത്വം നൽകുന്നത് ജനങ്ങളിൽ നല്ലൊരു സന്ദേശം നൽകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എംബി രാജേഷിന്റെ കുറിപ്പ്: തെരഞ്ഞെടുപ്പിൽ മത്സരിച്ച രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും തെരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കൾ നീക്കം ചെയ്യുന്നതിൽ ഇനി മത്സരിക്കാം. പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലക്‌സ് ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ നമുക്ക് കൈ കോർക്കാം. അതാത് മുന്നണികൾ സ്ഥാപിച്ച പ്രചാരണ വസ്തുക്കൾ അവർ തന്നെ ഉടൻ നീക്കം ചെയ്ത് സഹകരിക്കണമെന്ന് അഭ്യർഥിക്കുകയാണ്.

സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയാൽ അതൊരു നല്ല മാതൃകയായിരിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ധർമ്മടം മണ്ഡലത്തിൽ ബഹു. മുഖ്യമന്ത്രി സൃഷ്ടിച്ച മാതൃക, ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികൾക്കും സ്വീകരിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് ആവേശത്തിന്റെ ഭാഗമായി മുന്നണികൾ മത്സരിച്ചാണ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവയെല്ലാം ഉപയോഗശൂന്യമാവുകയും അക്ഷരാർഥത്തിൽ മാലിന്യമായിത്തീരുകയും ചെയ്തു. നാടിനെ മാലിന്യമുക്തമായി സൂക്ഷിക്കാനുള്ള ഇടപെടലുകൾക്ക് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും നേതൃത്വം നൽകുന്നത് ജനങ്ങൾക്കാകെ നല്ലൊരു സന്ദേശം നൽകും. തങ്ങളുടെ എല്ലാ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്‌തെന്ന് ഉറപ്പാക്കി, ജനങ്ങൾക്ക് മുൻപിൽ ഇക്കാര്യം പ്രഖ്യാപിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും മുന്നോട്ടു വരണം.
അധ്യയന വർഷാരംഭവും കാലവർഷവും ഉൾപ്പെടെ പടിവാതിൽക്കലെത്തി നിൽക്കെ, ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ അപകടങ്ങൾക്കും കാരണമാവാൻ സാധ്യതയുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടുകൊണ്ടുള്ള നടപടികൾ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് ഫുട്‌ബോൾ കാലത്ത് വിവിധ ഫാൻസ് അസോസിയേഷനുകൾ സമാനമായ ചാലഞ്ച് ഏറ്റെടുത്തിരുന്നു.

മെയ് 10നുള്ളിൽ സ്വമേധയാ മാറ്റാത്ത എല്ലാ ബോർഡുകളും നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കും. ഈ നടപടിക്ക് ആവശ്യമായ തുക അതാത് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിയമപരമായി അധികാരമുണ്ട്. സ്വന്തം നിലയ്ക്ക് പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നില്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവ നീക്കി, അതിന്റെ ചെലവ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ഈടാക്കാനുള്ള നിർദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. മെയ് 20നകം ഉപയോഗശൂന്യമായ എല്ലാ ബോർഡുകളും ഹോർഡിംഗുകളും കൊടിതോരണങ്ങളും പൂർണമായി നീക്കം ചെയ്‌തെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. മാലിന്യമുക്ത നവകേരളത്തിനായി നമുക്ക് അണിനിരക്കാം.

Leave a Reply

Your email address will not be published. Required fields are marked *