Your Image Description Your Image Description
Your Image Alt Text

മസ്കറ്റ്: ഒമാനിലെ മഴക്കെടുതിയിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ആലപ്പുഴ സ്വദേശി അശ്വിൻ ടൈറ്റസ്. കാറിന് മുകളിൽ കയറിയും ഗാറേജിന്റെ മേൽക്കൂരയിൽ കയറിയുമാണ് ആളുകൾ രക്ഷപ്പെട്ടത്. ജോലി ചെയ്യുന്ന ഗാരേജിന്റെ ഉയരത്തിൽ വരെ വെള്ളമെത്തിയെന്നും കിച്ചണിൽ കുടുങ്ങിയവരെ മേൽക്കൂര പൊളിച്ചാണ് രക്ഷിച്ചതെന്നും അശ്വിൻ പറയുന്നു. ഇന്നലെ മരിച്ച സുനിൽ കുമാറിനൊപ്പമാണ് അശ്വിനും അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അശ്വിൻ ടൈറ്റാസിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഒരു വർഷമായി ഒമാനിൽ ജോലി ചെയ്യുകയാണ് ആലപ്പുഴ സ്വദേശിയായ അശ്വിൻ.

അതേസമയം, ഒമാനിൽ കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. ആദ്യദിനം തന്നെ പെയ്ത കനത്ത മഴയിൽ പൊടുന്നനെ ഉണ്ടായ വെള്ളപ്പാച്ചിലാണ് മരണസംഖ്യ ഇത്രയും ഉയരാനിടയാക്കിയത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. അടൂർ കടമ്പനാട് സ്വദേശി സുനിൽ കുമാറാണ് ജോലിസ്ഥലത്ത് വെച്ച് മതിലിടിഞ്ഞ് വീണ് മരിച്ചത്. ഒരാൾപ്പൊക്കത്തിൽ ഗാരേജിനുള്ളിൽ വരെ കയറിയ വെള്ളത്തിൽ നിന്ന് ഗാരേജ് മേൽക്കൂര തകർത്താണ് ബാക്കിയുള്ളവരെ രക്ഷിച്ചത്. ന്യൂനമർദത്തിൻറെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. 17 വരെ മഴ നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *