Your Image Description Your Image Description
Your Image Alt Text

 

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടാനിറങ്ങുമ്പോള്‍ ഹൈദരാബാദ് ഏറ്റവും അധികം ഭയക്കുന്നത് സഞ്ജു സാംസണിന്‍റെ ബാറ്റിനെയാവും. കാരണം, സാക്ഷാല്‍ വിരാട് കോലിയെ പോലും പിന്നിലാക്കുന്ന പ്രകടനമാണ് കഴിഞ്ഞ സീസണുകളിലെല്ലാം സഞ്ജു ഹൈദരാബാദിനെതിരെ പുറത്തെടുത്തിട്ടുള്ളത്.

ഹൈദരാബാദിനെതിരെ ഇതുവരെ കളിച്ച 21 മത്സരങ്ങളില്‍ നിന്ന് 49.43 ശരാശരിയില്‍ സഞ്ജു അടിച്ചു കൂട്ടിയത് 791 റണ്‍സാണ്. ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍മാരിലും ഒന്നാമൻ മറ്റാരുമല്ല സഞ്ജു തന്നെ. ഹൈദരാബാദിനെതിരെ 23 മത്സരം കളിച്ച വിരാട് കോലി 762 റണ്‍സുമായി സഞ്ജുവിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

ഹൈദരബാദിന്‍റെ ഹോം ഗ്രൗണ്ടായ രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ സഞ്ജുവിന്‍റെ ബാറ്റിംഗ് ശരാശരിയും അമ്പരപ്പിക്കുന്നതാണ്. 71.75 ശരാശിയില്‍ 147.17 പ്രഹരശേഷിയില്‍ 287 റണ്‍സടിച്ചിട്ടുള്ള സഞ്ജു ഹൈദരാബാദിലെ റണ്‍വേട്ടയില്‍ ഹെന്‍റിച്ച് ക്ലാസന്(351) മാത്രം പിന്നിലാണ്.

സീസണില്‍ ഒമ്പത് കളികളില്‍ 77.00 റണ്‍സ് ശരാശരിയില്‍ 161.08 പ്രഹരശേഷിയിൽ 385 റണ്‍സടിച്ച സഞ്ജു മിന്നും ഫോമിലുമാണ്. ഹൈദരാബാദിനെതിരെ ഇന്ന് തിളങ്ങിയാല്‍ സഞ്ജുവിന് റണ്‍വേട്ടയില്‍ ടോപ് ത്രീയില്‍ തിരിച്ചെത്താനും അവസരമുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയശേഷം ആദ്യ മത്സരത്തിനാണ് സഞ്ജു ഇറങ്ങുന്നത്. ടീം സെലക്ഷന് തൊട്ടു മുമ്പ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ 33 പന്തില്‍ 71 റണ്‍സടിച്ച് സഞ്ജു രാജസ്ഥാന്‍റെ ടോപ് സ്കോററും വിജയശില്‍പിയുമായിരുന്നു. സീസണിലെ ഒൻപതാം ജയത്തോടെ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാനാണ് സഞ്ജുവും സംഘവും ഇന്നിറങ്ങുന്നത്. എന്നാല്‍ ആറാം ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്തുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *