Your Image Description Your Image Description
Your Image Alt Text

എന്തെല്ലാം കണ്ടാലും കേട്ടാലും ഒരു ദിവസം തള്ളിനീക്കാൻ പറ്റും ? കെ എം മാണിയുടെ 5 ആം ചരമവാർഷികത്തിൽ ജോസഫ് ഗ്രൂപ്പുകാരെല്ലാം കൂടി മാണി സാറിന്റെ കല്ലറയിൽ ചെന്നുനിന്ന് പൂങ്കണ്ണീർ പൊഴിക്കുമ്പോൾ കെ എം മാണിയുടെ മരുമകൻ എം പി ജോസഫുമുണ്ടായിരുന്നു .

അതിന് ശേഷം അവിടെ നിന്ന് കേവലം 500 മീറ്റർ പോലും അകലെയല്ലാത്ത ഭാര്യവീട്ടിൽ പോയി ഭാര്യാമാതാവും മാണിസാറിന്റെ വിധവയുമായ കുട്ടിയമ്മ ചേച്ചിയെ കാണാതെ പോയത് മോശമായിപ്പോയി. അത്യാവശ്യം ചില്ലറയും തന്ന് പത്തിരുപത് കൊല്ലം കൊഞ്ചിച്ചു വളർത്തിയ മകളെ കളികൂട്ടുകാരിയായി നൽകിയ ആ വയോവൃദ്ധ ഇന്നലെയും നിങ്ങൾക്ക് വേണ്ട ആഹാരവുമായി മൂവന്തി മയങ്ങുന്നവരെ കാത്തിരുന്നിരുന്നു.

മോളെ കെട്ടിയ മരുമോൻ വരുമ്പോൾ കാളെ ക്കെട്ടി കറന്നു കൊടുക്കണമെന്ന് ഞങ്ങളുടെ നാട്ടിലൊക്കെ ഒരു പഴമൊഴിയുണ്ട് . അത്രയ്ക്ക് സ്നേഹമാ മരുമക്കളോട് അമ്മായിയമ്മയ്ക്ക് . അത് പറഞ്ഞറിയിക്കാൻ പറ്റില്ല. പത്തിരുപത് വർഷം കണ്ണിലെ കൃഷ്ണമണിപോലെ തലയിൽ വച്ചാൽ പേനരിയ്ക്കും , തറയിൽ വച്ചാൽ ഉറുമ്പരിക്കും , അങ്ങനെ ചിന്തിച്ചു ഒക്കത്ത് വച്ച് വളർത്തിയ ഒരു പെൺകുഞ്ഞിനെ നിങ്ങൾക്ക് കൈപിടിച്ചു തരുമ്പോൾ വാർദ്ധക്യകാലത്ത് ഒന്ന് തിരിഞ്ഞു നോക്കുകയെങ്കിലും ചെയ്യുമെന്ന ഒരു പ്രതീക്ഷ ആ മാതാവിന് ഉണ്ടായിരുന്നിരിക്കാം.

എന്ത് പുഴുത്ത രാഷ്ട്രീയമായാലും പാലായിൽ കെ എം മാണിയുടെ കല്ലറയിലെത്തിയ എം പി ജോസഫ് തൊട്ടടുത്തുള്ള വീട്ടിൽ പോയി ഭാര്യമാതാവിനെ കാണാതെ പോയത് തെറ്റാണ്. പൊറുക്കാനാകാത്ത തെറ്റാണ്. രാഷ്ട്രീയം വേറെ ബന്ധം വേറെ .

വകയിലെ അമ്മായിയായ പി സി തോമസ് വരെ കുട്ടിയമ്മയെ കാണാൻ കെ എം മാണിയുടെ തറവാട്ടിലെത്തിയിരുന്നു . വകയിലുള്ള അനന്തിരവന്റെ ബുദ്ധി പോലും സ്വന്തം മരുമോന് ഇല്ലാതെ പോയല്ലോ , വിവരത്തിനും വിവേകത്തിനും ഐ എ എസും , ഐ പി യെസുമൊന്നും വേണ്ടാ .

ഇനി ആരെങ്കിലും അതേക്കുറിച്ച് ചോദിച്ചാൽ എന്നെ അവർ വീട്ടിൽ നിന്നും ഇറക്കി വിട്ടതാണെന്ന് പറഞ്ഞു തടിതപ്പിയാൽ മതി . എന്തെങ്കിലും പറയണമല്ലോ? ഒന്ന് ചിന്തിച്ച് നോക്കിക്കേ ജോസഫേ, മാണിസാർ ജീവിച്ചിരുന്ന കാലത്താണെങ്കിൽ അവിടെ അട്ടിപ്പേർ കിടക്കാതെ ജോസഫ് പോരുമായിരുന്നോ? ഒന്നിമല്ലെങ്കിലും ആ വൃദ്ധ സ്ത്രീ നിങ്ങൾക്ക് ഒരുപാട് വെച്ചുവിളമ്പി തന്നിട്ടുള്ളതല്ലേ?

മാണിസാർ അറിഞ്ഞോണ്ട് ചെയ്ത ഏക തെറ്റ് ലോകസഞ്ചാരം കഴിഞ്ഞു പണി പോയി തിരിച്ചു വന്നപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിൽ നിങ്ങളെ വീണ്ടും സർക്കാരിൽ നിയമിച്ചു എന്നുള്ളതാണ്.

അതിനുള്ള ചീത്തപ്പേര് അങ്ങേര് നേടുകയും ചെയ്തു. എന്നിട്ടും പിജെ ജോസഫിന്റെ വിടുവേല ചെയ്യാൻ നിങ്ങൾ നട്ടെല്ല് വളച്ച് കുനിഞ്ഞു നിൽക്കുന്നു. ‘ആലിബാബായും 41 കള്ളന്മാരും’ എന്ന് പറയുന്നതുപോലെ പിജെ ജോസഫും കുറെപ്പേരും ചേർന്ന സംഘത്തിൽ അകം പണിക്ക് ആളെ ആവശ്യമില്ല.

ആരെയും അദ്ദേഹത്തിന് വിശ്വാസവുമില്ല. ജോയി എബ്രഹാമിനെപ്പോലെ കൊടികുത്തിയ മിടുക്കന്മാർ ചെന്നിട്ട് പുറംപണി മാത്രമേയുള്ളൂ. പിന്നെയല്ലേ വിവരവും വിദ്യാഭ്യാസവുമുള്ള മാണിയുടെ മരുമകൻ. പഴയ കുടുംബബന്ധമൊന്നും പറഞ്ഞു അടുത്ത് കൂടാൻ നോക്കേണ്ട – പടിക്ക് പുറത്തു തന്നെയാണ് സ്ഥാനം.

നല്ലൊരു അവസരം നിങ്ങൾക്ക് തന്നാൽ, അന്ന് നിങ്ങൾ ജോസഫിനെ പിടിച്ച് പുറത്താക്കും എന്നറിയാനുള്ള വിവരവും ബോധവും പുള്ളിക്ക് ഉണ്ട്. കുടിയേറ്റക്കാരായ മാണി ഗ്രൂപ്പുകാരെ ജോസഫ് ഗ്രൂപ്പുകാർ പറയുന്നത് മാണിയുടെ അവശിഷ്ടങ്ങളെന്നാണ്.

മാണി ഗ്രൂപ്പിൽ നിന്നും അക്കര പച്ചതേടി പോയ ഒരാളുടെ ഗതിയും ഇതിലും മെച്ചമായിരിക്കില്ല. ജോസഫിന്റെ കൂടെ കൂടി സീറ്റ് കിട്ടി മത്സരിച്ച് എംഎൽഎ ആകാൻ കൊതിച്ചിരുന്ന മുഴുവൻ പേരും ഒന്ന് അറിയുന്നത് നല്ലതാണ്. എല്ലാവര്ക്കും പിജെയുടെ തൊഴുത്തിൽ ജേഴ്‌സി പശുവിന്റെ അകിട് കഴുകുന്ന പണിയേയുള്ളൂ.

തിരുവല്ല സീറ്റ് നോക്കിപ്പോയ വിക്ടറും പുതുശ്ശേരിയും എന്തായി? പഴയ ജോസഫ് ഗ്രൂപ്പുകാരന് സീറ്റ് കൊടുത്ത് പിജെ അത് സബൂറാക്കി. ചങ്ങനാശേരിയിൽ സീറ്റ് കാത്ത് കിടന്ന സി എഫ് തോമസിന്റെ അനുജൻ സാജനും സന്തോഷമായി .

പഴയ ജോസഫ് ഗ്രൂപ്പുകാരൻ വി ജെ ലാലിക്ക് സീറ്റ് നൽകി. ഏറ്റുമാനൂരിൽ മറ്റൊരാളെ ശ്രമിച്ചതാണ്, പക്ഷെ ഒരു മാണിഗ്രൂപ്പുകാരനെയെങ്കിലും പരിഗണിച്ചില്ലേൽ മാളോർ എന്ത് പറയും? ഇരിഞ്ഞാലക്കുടയിൽ ഉണ്ണിയാടന് സീറ്റ് കിട്ടിയത് സിറ്റിംഗ് സീറ്റ് ആയതുകൊണ്ടു മാത്രമാണ്.

ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു. LDF കഴിഞ്ഞാൽ UDF എന്ന തത്വശാസ്ത്രത്തിൽ മാത്രം വിശ്വസിച്ചിരുന്ന ഉണ്ണിയാടൻ ഉണ്ടപിടുത്തം പിടിച്ച് സീറ്റ് പിടിച്ചെടുത്തു. ജോസ് കെ മാണിയുടെ കൂടെ LDF ൽ ചേക്കേറിയാൽ ഉണ്ണിയാടൻ ഇരിഞ്ഞാലക്കുടയിൽ ജയിച്ചേനെ. ഇന്ന് റോഷിക്ക് പകരം മൂന്നാം നമ്പർ കാറിൽ പറന്നേനെ. ഇതിനാണ് പറയുന്നത് യോഗമുള്ളവന് തേടിവയ്ക്കേണ്ടായെന്ന്.

രാഷ്ട്രീയത്തിൽ നേരും നെറിയുമുള്ളവന് ഒന്നും തേടി പോകേണ്ട. എല്ലാം വന്ന് ചേർന്നോളും. കെ എം മാണിയോടൊപ്പം ചീഫ്‌വിപ്പ് സ്ഥാനവും രാജിവച്ച് ഇരുവരുടേയും രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കൈയ്യിൽ ഏല്പിക്കാൻ ചുമതലപ്പെടുത്തിയത് ഉണ്ണിയാടനെ.

എന്റെ രാജി സ്വീകരിക്കരുത് ഞാൻ വെറുതെ തന്ന രാജിയാണെന്ന് ഉമ്മൻ ചാണ്ടിയെ പറഞ്ഞേൽപ്പിച്ചതും ഇതേ ഉണ്ണിയാടൻ തന്നെ. രാഷ്ട്രീയത്തിൽ രണ്ടുവള്ളത്തിൽ കാൽ ചവുട്ടിയാൽ ഗതി ഇതുതന്നെ. മാണി ഗ്രൂപ്പിൽ നിന്നും പോയ മുഴുവൻ പേരുടെയും ഗതി ഇതുതന്നെയായിരിക്കും.

ജോസഫിന് ജോസഫിനോടല്ലാതെ മറ്റാരോടും ഒരു സ്നേഹവുമില്ല. കൂടെ വരുന്നവരെല്ലാം കൂലിക്കാരാണ്. വിറക് വെട്ടാനും വെള്ളം കോരാനുമല്ല, മറിച്ച് പശുവിനെ കുളിപ്പിക്കാനും ചാണകം വാരാനും പാൽ കറന്ന് കടയിൽ കൊടുക്കാനുമാണ് നിങ്ങളെ ഉപയോഗിക്കുന്നത്.

ജോസ് കാണിച്ച ഏറ്റവും വലിയ ബുദ്ധി പിളർപ്പ് കാലത്ത് കൂടെ നിൽക്കാതെ ചിഹ്നം കിട്ടിയെന്ന് അറിഞ്ഞപ്പോൾ സ്നേഹം പറഞ്ഞു വന്ന ഫ്രാൻസിസ് ജോർജ്ജിനെയടക്കം ആരെയും കൂടെ കൂട്ടിയില്ലന്നുള്ളത് തന്നെയാണ് .

എം പി ജോസഫ് ഒന്നുകൂടി അറിഞ്ഞിരിക്കണം , നിങ്ങൾ തെറ്റായ വണ്ടിയിലാണ് യാത്ര ചെയ്യുന്നത്. മാണി വിരോധം കൊണ്ട് മാണിയുടെ കുടുംബത്തിൽ നിന്നും ഒരാളെ കൂടെ നിർത്തിയിരിക്കുന്നുവെന്നേയുള്ളൂ. മാണിയുടെ മരുമകനെ കൊണ്ട് തൊഴുത്ത് കഴുകിക്കുമ്പോൾ കിട്ടുന്ന ഒരുതരം വൃത്തികെട്ട ആത്മസംതൃപ്തി ഉണ്ടല്ലോ? ”ആ ആനന്ദം പരമാനന്ദമായി ” പിജെ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് – എന്നെങ്കിലും ബോധവും വെളിവും വന്നാൽ ഇത് തിരിച്ചറിയുക. അത്രയേ പറയുവാനുള്ളു .

https://youtu.be/xDqmLGGmsaA

Leave a Reply

Your email address will not be published. Required fields are marked *