Your Image Description Your Image Description
Your Image Alt Text

 

 

ആലപ്പുഴ: കായംകുളത്തെ ഐഎന്‍ടിയുസി നേതാവ് സത്യൻ കൊലപാതകം സിപിഎം പാര്‍ട്ടി ആസൂത്രണം ചെയ്ത് നടത്തിയതെന്ന് സിപിഎം നേതാവിന്റെ വെളിപ്പെടുത്തൽ. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും ഈ കേസിലെ പ്രതിയുമായ ബിപിൻ സി ബാബുവിന്‍റെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ. പ്രതി തന്നെ സത്യം വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

2001 ലാണ് മുൻ ആര്‍എസ്എസ് പ്രവർത്തകനും ഐഎന്‍ടിയുസി നേതാവുമായ സത്യൻ കായംകുളം കരിയിലക്കുളങ്ങരയിൽ വെച്ച് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിലെ 7 പ്രതികളെയും തെളിവില്ലെന്ന് കണ്ട് 2006 ൽ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ സിപിഎം ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണിതെന്നാണ് ബിപിൻ സി ബാബുവിന്‍റെ വെളിപ്പെടുത്തല്‍. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റും സിപിഎം കായംകുളം മുന്‍ ഏരിയാ സെന്‍റര്‍ അംഗവുമാണ് ബിപിന്‍ സി ബാബു. സത്യന്‍ കൊലക്കേസിലെ ആറാം പ്രതിയാണ് ഇയാള്‍. അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കഴിഞ്ഞ വര്‍ഷം സിപിഎം പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍റ് ചെയ്തിരുന്നു.

അടുത്ത കാലത്ത് ബിപിൻ സി ബാബുവിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും ബ്രാഞ്ച് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ജില്ലാ പഞ്ചായത്ത് അംഗം എന്ന പദവി രാജിവെക്കുന്നതായി കാട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അയച്ച കത്തിലാണ് സത്യന്‍റെ കൊലക്ക് പിന്നില്‍ സിപിഎമ്മാണെന്ന് ആരോപിക്കുന്നത്. കൊലനടക്കുമ്പോള്‍1 9 വയസ്സമാത്രം പ്രായമുള്ള നിരപരാധിയായ തന്നെ പ്രതി ചേര്‍ത്ത് രണ്ട് മാസം ജയിലിലിട്ടുവെന്നും കത്തില്‍ പറയുന്നു. സിപിഐഎം നേതാവ് തന്നെ പാർട്ടി നടത്തിയ കൊലപാതകം എന്ന് വെളിപ്പെടുത്തിയതോടെ കേസിൽ പുനർ അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

കത്തിലെ ആരോപണങ്ങളോട് സിപിഎം പ്രതികരിച്ചിട്ടില്ല. ബിപിന്‍റെ അമ്മയും കായംകുളം ഏരിയാ കമ്മിറ്റി അംഗവുമായ കെ എല്‍ പ്രസന്നകുമാരിയും മുന്‍ ഏരിയാ കമ്മിറ്റി അംഗം ബി ജയചന്ദ്രനും സിപിഎമ്മില്‍ നിന്ന് രാജിവെച്ചു. ജില്ലയിലെ മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ എച്ച് ബാബുജാൻ്റെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്താണ് പാർട്ടി വിടുന്നത് എന്നുമാണ് പ്രസന്ന കുമാരിയുടെ കത്തിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *