Your Image Description Your Image Description

 

 

ഡൽഹി: ഇന്ത്യൻ ജനാധിപത്യം അപകടത്തിൽ എന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടയിലും ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ന് സാക്ഷ്യം വഹിക്കാൻ 25 രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ ക്ഷണിച്ച് ഭരണകക്ഷിയായ ബിജെപി. ഇതിൽ 15 രാജ്യങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെൻറ് മനസിലാക്കാൻ എത്തുമെന്ന് ഉറപ്പായതായാണ് ഇക്കണോമിക് ടൈംസിൻറെ റിപ്പോർട്ട്.

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും മാനേജ്‌മെൻറ് വൈദഗ്ധ്യവും മനസിലാക്കാൻ അയൽരാജ്യങ്ങളിലെയും പ്രധാന ജനാധിപത്യ രാജ്യങ്ങളിലെയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയാണ് ബിജെപി ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്ക, ബംഗ്ലാദേശ്, ടാൻസാനിയ, മൗറീഷ്യസ്, ഉഗാണ്ട തുടങ്ങിയ 15 രാജ്യങ്ങൾ ബിജെപിയുടെ ക്ഷണം ഇതിനകം സ്വീകരിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ഉറപ്പ് ലഭിക്കുന്ന മുറയ്ക്ക് പാർട്ടികളുടെ പട്ടിക പ്രസിദ്ധീകരിക്കും. രാജ്യത്ത് ജനാധിപത്യമില്ല എന്ന പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടിയായാണ് വിദേശ രാജ്യങ്ങളിലെ പാർട്ടികളുടെ പ്രതിനിധികളെ പൊതു തെരഞ്ഞെടുപ്പ് 2024 നിരീക്ഷിക്കാൻ ബിജെപി ക്ഷണിച്ചിരിക്കുന്നത്.

‘ഇന്ത്യയിൽ ജനാധിപത്യമില്ല എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപയിനെ കുറിച്ച് വ്യക്തമായ അവബോധം നൽകുകയും ജനങ്ങൾക്കിടയിലെ മോദി മാജിക്ക് ലോകത്തിന് പരിചയപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്’ എന്ന് ബിജെപി ദേശീയ വക്താവ് പ്രത്യുഷ് കാന്ത് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ച് വിദേശ പാർട്ടികളുടെ പ്രതിനിധികളോട് മൂന്നുനാല് ദിവസം നീണ്ട പരിപാടിയിലൂടെ വിശദീകരിക്കാൻ ബിജെപിക്ക് ആലോചനയുണ്ട്. നേതാക്കൾ മുതൽ ബുത്ത് ലെവൽ വർക്കർമാരെ വരെ പരിചയപ്പെടാൻ ഇതിൽ ഇവർക്ക് അവസരമുണ്ടാകും. കേന്ദ്ര ഭരണത്തിൽ ഹാട്രിക്കാണ് ഇക്കുറി നരേന്ദ്ര മോദിയും ബിജെപിയും ലക്ഷ്യമിടുന്നത്. രാജ്യം അപകടാവസ്ഥയിൽ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷികൾ ഇന്ത്യാ മുന്നണി രൂപീകരിച്ചാണ് മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *