Your Image Description Your Image Description

ലണ്ടൻ: കഴിഞ്ഞ ഒരുനൂറ്റാണ്ടിനിടെ പുരുഷന്മാർക്ക് ഉയരവും ഭാരവും വർധിച്ചെന്ന് പഠന റിപ്പോർട്ട്. സ്ത്രീകളെക്കാൾ ഇരട്ടി ഭാരവും ഉയരവുമാണ് 100 വർഷത്തിനിടെ പുരുഷന്മാർക്കുണ്ടായതത്രെ. പിയർ റിവ്യൂഡ് സയൻസ് ജേണലായ ബയോളജി ലെറ്റേഴ്‌സിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ ​ഗവേഷകർ ചേർന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ഇറ്റലി, യു.എസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ ഗവേഷകരാണ് സംഘത്തിലുണ്ടായിരുന്നത്. 2003-ൽ ലോകാരോഗ്യസംഘടന നൽകിയ വിവരങ്ങൾ അപഗ്രഥിച്ചാണ് ​ഗവേഷക സംഘം ഈ നിഗമനത്തിലെത്തിയത്. 69 രാജ്യങ്ങളിൽ നിന്നുള്ള ഒരുലക്ഷത്തിലേറെ പേരുടെ ഉയരവും ഭാരവും സംബന്ധിച്ച വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. രാജ്യങ്ങളുടെ മാനവ വികസന സൂചികയും (എച്ച്.ഡി.ഐ) വിവരശേഖരണത്തിനായി ഗവേഷകർ ഉപയോഗിച്ചിട്ടുണ്ട്.

മാനവ വികസന സൂചികയിൽ 0.2-ന്റെ വർധനവുണ്ടാകുമ്പോൾ സ്ത്രീകൾക്ക് ഏകദേശം 1.68 സെന്റിമീറ്റർ ഉയരം വർധിച്ചു. എന്നാൽ പുരുഷന്മാരുടെ ഉയരം 4.03 സെന്റിമീറ്ററായാണ് വർധിച്ചതെന്ന് ഗവേഷകർ കണ്ടെത്തി. സമാനമായി സ്ത്രീകളുടെ ശരീരഭാരം 2.70 കിലോഗ്രാം വർധിച്ചപ്പോൾ പുരുഷന്മാരുടേത് 6.48 കിലോഗ്രാമാണ് വർധിച്ചത്. ലോകബാങ്കിന്റെ ഗിനി സൂചിക പരിശോധിക്കുമ്പോഴും ഈ കണ്ടെത്തൽ സാധൂകരിക്കപ്പെടുന്നുവെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

2000-ത്തിനും 2006-നും ഇടയിൽ 58 രാജ്യങ്ങളിലുണ്ടായ വരുമാന അസമത്വത്തിന്റെ നിലവാരം അളക്കുന്നതാണ് ഗിനി സൂചിക. അസമത്വം വർധിക്കുമ്പോൾ ഉയരവും ശരീരഭാരവും കുറയുന്നുവെന്ന് ഗവേഷകർ പറയുന്നു. ഗിനി സൂചികയിലെ ഓരോ യൂണിറ്റിന്റെ വർധനവും സ്ത്രീകളുടെ ഉയരത്തിൽ ശരാശരി 0.14 സെന്റിമീറ്ററിന്റെ കുറവും പുരുഷന്മാരിൽ 0.31 സെന്റിമീറ്ററിന്റെ കുറവുമാണ് ഉണ്ടാക്കിയത്. ശരീരഭാരത്തിന്റെ കാര്യത്തിൽ ഇത് സ്ത്രീകളിൽ 0.13 കിലോഗ്രാമിന്റേയും പുരുഷന്മാരിൽ 0.39 കിലോഗ്രാമിന്റേയും കുറവുമുണ്ടാക്കിയെന്ന് പഠനത്തിൽ പറയുന്നു.

പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ ശരീരവലുപ്പം പ്രധാനപ്പെട്ട ഘടകമാണെന്ന് ​ഗവേഷക സംഘത്തിലെ ലൂയിസ് ഹാൽസി ചൂണ്ടിക്കാട്ടുന്നു. എല്ലാ കാലവും ഉയരമുള്ള പുരുഷന്മാരോടാണ് സ്ത്രീകൾക്ക് താത്പര്യമെന്നും ലൂയിസ് ഹാൽസി വ്യക്തമാക്കി. പഴയകാലത്തും ഉയരവും ഭാരവുമുള്ള പുരുഷന്മാരായിരുന്നു കരുത്തർ. ഇതുകാരണം അവർക്ക് മറ്റ് പുരുഷന്മാരെ മറികടക്കാനും സ്ത്രീകളോട് അടുക്കാനും കഴിഞ്ഞു. അതുവഴി അവരുടെ ജീനുകൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ആധുനിക കാലത്തും സ്ത്രീകൾക്ക് ഉയരമുള്ള പുരുഷന്മാരോടാണ് താത്പര്യം കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *