Your Image Description Your Image Description

 

 

തൃശൂർ: വടകര മാതൃക തന്നെ തൃശൂരിലും പിന്തുടരാൻ ആർഎംപിഐ തീരുമാനം. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ഭരണമാറ്റത്തിനായി പ്രവർത്തിക്കലാണ് പ്രധാനമെന്ന് ആർഎംപിഐ വ്യക്തമാക്കി. ഇന്ത്യാമുന്നണിയുടെ ഭാഗമായിരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോടഭ്യർഥിച്ചു. തളിക്കുളത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംസ്ഥാന പ്രസിഡന്റ് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ബിജെപി സർക്കാരിന്റെ കഴിഞ്ഞ 10 വർഷങ്ങൾ വഞ്ചനയാണ്. അന്താരാഷ്ട്ര കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും പാചകവാതകവും പെട്രോളും ഡീസലും വില പലമടങ്ങു കൂടി. കള്ളപ്പണം പിടിക്കുമെന്നു നുണ പറഞ്ഞു. നോട്ടു നിരോധനം വഴി സ്വന്തം പണം ചെലവഴിക്കാനനുവദിക്കാതെ ജനങ്ങളെ പട്ടിണിയിലാക്കി, തെരുവിൽ നിർത്തിയെന്ന് സന്തോഷ് പറഞ്ഞു.

അഴിമതിക്കും കൈകൂലിക്കും നിയമവ്യവസ്ഥ തന്നെയുണ്ടാക്കിയ ഇലക്ടറൽ ബോണ്ട് കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കി. മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവും തുടർച്ചയായി അഴിമതിക്കേസുകളിൽ കുടുങ്ങുന്ന സാഹചര്യം ഇടതുപക്ഷത്തിനാകെ അപമാനകരമാണ്. രാഷ്ട്രീയ നിലപാടിന്റെ പേരിൽ എട്ടു പേരെ വ്യാജ ഏറ്റുമുട്ടൽ നടത്തി വെടിവച്ചു കൊന്ന, യുഎപിഎ ചുമത്തി നിരപരാധികളായ വിദ്യാർഥികളെ തടവിലിടുന്ന, പ്രതിഷേധ സമരങ്ങളെ മർദ്ദിച്ചൊതുക്കുന്നത് ജീവൻരക്ഷാപ്രവർത്തനമാവുന്ന ഒരു ഭരണത്തെ ഇടതുപക്ഷമെന്നു വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രഞ്ജിത്ത് പരമേശ്വരൻ അധ്യക്ഷത വഹിച്ചു. ആർഎംപിഐ ജില്ലാ സെക്രട്ടറി പി.ജെ. മോൺസി, പ്രസിഡന്റ് അഡ്വ. വി.എം. ഭഗവത് സിങ്, മേഖല പ്രസിഡന്റ് ടി.എ. പ്രേംദാസ്, സെക്രട്ടറി കെ.എസ്. ബിനോജ്, ലോക്കൽ സെക്രട്ടറി പി.പി. പ്രിയരാജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *