Your Image Description Your Image Description
Your Image Alt Text

 

മുംബൈ: ഐപിഎല്‍ 2024 സീസണ്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആദ്യ അഞ്ചില്‍ നിന്ന് പുറത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഹെന്റിച്ച് ക്ലാസനാണ് സഞ്ജുവിന് പകരമെത്തിയത്. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് ക്ലാസന്‍ നേടിയിരുന്നത്. ഇതോടെ ക്ലാസന്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 186 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 62.00 ശരാശരിയിലും 193.75 സ്‌ട്രൈക്ക് റേറ്റിലുമാണ് ക്ലാസന്റെ നേട്ടം. ആദ്യ രണ്ട് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു.

അഞ്ച് മത്സരങ്ങില്‍ 316 റണ്‍സ് നേടിയ ആര്‍സിബി താരം വിരാട് കോലിയാണ് പട്ടിക നയിക്കുന്നത്. 105.33 ശരാശരിയുണ്ട് കോലിക്ക്. 146.30 സ്‌ട്രൈക്ക് റേറ്റ്. ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശന്‍ ണ്ടാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 191 റണ്‍സ് നേടിയിട്ടുണ്ട് സായ്. 38.20 ശരാശരിയിലും 129.05 ശരാശരിയിലുമാണ് നേട്ടം. ക്ലാസന്റെ വരവോടെ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് നാലാം സ്ഥാനത്തേക്ക് വീണു. നാല് മത്സരങ്ങളില്‍ 185 റണ്‍സാണ് പരാഗിന്റെ സമ്പാദ്യം. 92.50 ശരാശരിയുണ്ട് പരാഗിന്.

ഗുജറാത്ത് ക്യാപ്റ്റന്‍ ഗില്‍ അഞ്ചാം സ്ഥാനത്ത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ 19 റണ്‍സ് നേടിയതോടെയാണ് ഗില്‍ ആദ്യ അഞ്ചിലെത്തിയത്. അഞ്ച് മത്സരങ്ങളില്‍ 183 റണ്‍സാണ് ഗില്ലിന്‍െ സമ്പാദ്യം. 45.75 ശരാശരിയിലാണ് ഗില്ലിന്റെ നേട്ടം. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആറാമതുണ്ട്. നാല് മത്സരങ്ങളില്‍ 178 റണ്‍സാണ് സഞ്ജു നേടിയത്. 59.33 ശരാശരിയുണ്ട് സഞ്ജുവിന്.

വിക്കറ്റ് വേട്ടയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ ഒന്നാമതാണ്. നാല് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റാണ് ബംഗ്ലാദേശുകാരന്‍ വീഴ്ത്തിയത്. രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍ രണ്ടാമത്. നാല് മത്സരങ്ങളില്‍ എട്ട് വിക്കറ്റുണ്ട് ചാഹലിന്. ഇത്രയും തന്നെ വിക്കറ്റുള്ള അര്‍ഷ്ദീപ് സിംഗ് മൂന്നാമത്. ഏഴ് വിക്കറ്റുകളുള്ള ഖലീല്‍ അഹമ്മദ്, കഗിസോ റബാദ, മോഹിത് ശര്‍മ, ജെറാള്‍ഡ് കോട്സീ എന്നിവര്‍ അടുത്ത സ്ഥാനങ്ങളില്‍.

Leave a Reply

Your email address will not be published. Required fields are marked *