Your Image Description Your Image Description

 

തൃശൂര്‍: സ്‌ക്രാപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് തൃശൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിപ്പു നടത്തിയ മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശി അറസ്റ്റില്‍. ഈസ്റ്റ് ഹുഡ്ഗേശ്വര്‍ രുഗ്മിണി മാതാ നഗറിലെ നീല്‍കമല്‍ ഹൗസിങ്ങ് സൊസൈറ്റിയില്‍ താമസിക്കുന്ന സുഭാഷ് ദയാറാം ലംബട്ട് (61) ആണ് പൊലീസിന്റെ പിടിയിലായത്. 2022 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പൊലീസ് പറഞ്ഞത്: പരാഗ് സെയില്‍സ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഒരു കോടി രൂപ, തൃശൂര്‍ മിണാലൂര്‍ സ്വദേശിയുടെ കൈയില്‍ നിന്ന് പ്രതി തട്ടിയെടുത്തത്. ഗോവയിലെ ന്യൂ സുവാരി ബ്രിഡ്ജിന്റെ വര്‍ക്ക് സൈറ്റ് കാണിച്ച് കൊടുത്ത് സ്‌ക്രാപ്പുകള്‍ തന്റെ ഉടമസ്ഥതയിലുള്ള പരാഗ് സെയില്‍സ് കോര്‍പ്പറേഷന്റെതാണെന്ന് പ്രതി മിണാലൂര്‍ സ്വദേശിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പണം നല്‍കിയതിനു ശേഷം സ്‌ക്രാപ്പ് ലഭിക്കാതെ വരികയും തുക തിരികെ ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് പരാതിക്കാരന് മനസിലായത്. തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

പിന്നീട് വിശദമായ അന്വേഷണം നടത്തിയ സിറ്റി ക്രൈം ബ്രാഞ്ചിലെ അന്വേഷണ സംഘം പ്രതി മഹാരാഷ്ട്രയിലാണെന്ന് കണ്ടെത്തുകയും സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ നിര്‍ദേശപ്രകാരം അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക് പുറപ്പെടുകയും ചെയ്തു. അന്വേഷണ സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള താമസസ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.

സി ബ്രാഞ്ച് എ.സി.പി. ആര്‍. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ കെ.എസ് സന്തോഷ്, സുധീപ്, വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനീഷ്, റൂബിന്‍ ആന്റണി, സൈബര്‍ സെല്ലിലെ നിധിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *