Your Image Description Your Image Description

 

ഡൽഹി: എൻഡിഎ സഖ്യം രാജ്യത്ത് നാലായിരം സീറ്റിൽ വിജയിച്ച് മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കിയായിരുന്നു നിതീഷിന്റെ ‘തീപ്പൊരി’ പ്രസം​ഗം. വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ തങ്ങളുടെ എല്ലാ വോട്ടുകളും പ്രധാനമന്ത്രിക്ക് നൽകും. അദ്ദേഹം 4000 എംപിമാരുമായി തിരിച്ചെത്തുമെന്നായിരുന്നു നിതീഷിന്റെ പ്രസം​ഗം. ലോക്‌സഭയുടെ ആകെ അംഗബലം 543 ആണ്. 400 സീറ്റാണ് എൻഡിഎയുടെ ലക്ഷ്യമിടുന്നത്.

25 മിനിറ്റ് നീണ്ട പ്രസം​ഗത്തിൽ നിതീഷ് കുമാർ വേറെയും അബദ്ധങ്ങൾ വരുത്തി. നിങ്ങൾ ഇത്രയും നല്ല പ്രസംഗം നടത്തിയെന്ന് മോദി, നിതീഷിനെ അഭിനന്ദിച്ചു. തുടർന്ന് നിതീഷ് കുമാർ മോദിയുടെ കാലിൽ തൊട്ട് വണങ്ങി. നിതീഷ് കുമാറിൻ്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

നിതീഷ് കുമാറിന്റെ പ്രസം​ഗം നീണ്ടുപോയപ്പോൾ ജനതാദൾ യുണൈറ്റഡിൻ്റെ മുതിർന്ന നേതാവ് വിജയ് കുമാർ ചൗധരി തൻ്റെ വാച്ചിൽ നോക്കി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കാൻ മുഖ്യമന്ത്രിയോട് ആംഗ്യം കാണിച്ചു. പല നേതാക്കളും അക്ഷമരായി നോക്കുന്നത് കാണാമായിരുന്നു. നിതീഷ് കുമാർ ഇനി അധികം യോഗങ്ങളിൽ പങ്കെടുക്കേണ്ടെന്നാണ് എൻഡിഎയുടെ തീരുമാനം. അദ്ദേഹത്തിന്റെ പല പ്രസ്താവനകളും തിരിച്ചടിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ കാലിൽ വീണത് അനുചിതമായെന്ന അഭിപ്രായവുമയർന്നു.

Leave a Reply

Your email address will not be published. Required fields are marked *