Your Image Description Your Image Description

 

കഥാപാത്രത്തിനായി വലിയ ശാരീരിക മാറ്റങ്ങള്‍ക്ക് വിധേയരാവുന്ന അഭിനേതാക്കളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എപ്പോഴും കടന്നുവരാറുള്ള പേരാണ് ഇംഗ്ലീഷ് നടനായ ക്രിസ്റ്റ്യന്‍ ബെയിലിന്‍റേത്. പല ചിത്രങ്ങള്‍ക്കായും അദ്ദേഹം ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ നടത്തിയിട്ടുണ്ടെങ്കിലും 2004 ല്‍ പുറത്തെത്തിയ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ദി മെഷീനിസ്റ്റിനായുള്ള ശാരീരികമാറ്റമാണ് ഏറ്റവും ലോകശ്രദ്ധ നേടിയത്. ഉറക്കമില്ലായ്മ നേരിടുന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി 28 കിലോയാണ് അദ്ദേഹം കുറച്ചത്! ഇപ്പോഴിതാ ക്രിസ്റ്റ്യന്‍ ബെയില്‍ തന്നെ എത്രത്തോളം സ്വാധീനിച്ചെന്ന് പറയുകയാണ് ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആര്‍ ഗോകുല്‍.

ആടുജീവിതത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച പൃഥ്വിരാജ് കഴിഞ്ഞാല്‍ ചിത്രത്തില്‍ ഏറ്റവും കൈയടി ലഭിച്ചത് ഗോകുലിന് ആയിരുന്നു. പൃഥ്വിരാജിനെപ്പോലെ തന്‍റെ കഥാപാത്രത്തിനായി നജീബും ശരീരഭാരം കുറച്ചിരുന്നു. 20 കിലോയാണ് ഗോകുല്‍ കുറച്ചത്. ആ പ്രയത്നത്തില്‍ തനിക്ക് പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയിലിന്‍റെ അര്‍പ്പണമായിരുന്നെന്ന് ഗോകുല്‍ പറയുന്നു. മെഷീനിസ്റ്റിലെ ക്രിസ്റ്റ്യന്‍ ബെയിലിന്‍റെ ഒരു പ്രശസ്ത സ്റ്റില്ലിന് സമാനമായി പോസ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ടാണ് ഗോകുല്‍ തന്‍റെ പ്രിയ നടന് ആദരം നല്‍കിയിരിക്കുന്നത്.

“ആടുജീവിതത്തിലെ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ഇംഗ്ലീഷ് നടന്‍ ക്രിസ്റ്റ്യന്‍ ബെയിലിന്‍റെ അസാധാരണമായ അര്‍പ്പണത്തിലാണ് ഞാന്‍ പ്രചോദനം തേടിയത്. ദി മെഷീനിസ്റ്റ് എന്ന, 2004 ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രത്തിലെ ട്രെവര്‍ റെസ്‍നിക് എന്ന നിദ്രാവിഹീനനായ കഥാപാത്രത്തെ അവതരിപ്പിക്കാനായി 28 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. അതിനായി വെള്ളവും ഒരു ആപ്പിളും ഒരു കപ്പ് കാപ്പിയും മാത്രമാണ് പ്രതിദിനം അദ്ദേഹം ഉപയോഗിച്ചത്. എന്നെ ഏറെ പ്രചോദിപ്പിച്ച ഒരു ബോഡി ട്രാന്‍സ്ഫോര്‍മേഷനാണ് അത്. ബെയിലിന്‍റെ പ്രകടനമാണ് മെഷീനിസ്റ്റിനെ ഒരു കള്‍ട്ട് പദവിയിലേക്ക് ഉയര്‍ത്തിയത്. അദ്ദേഹത്തിന്‍റെ ഒരു വലിയ ആരാധകനെന്ന നിലയില്‍ ക്രിസ്റ്റ്യന്‍ ബെയിലിന്‍റെ പ്രതിഭയോടും അദ്ദേഹത്തിലെ കലാകാരനോടുമുള്ള എന്‍റെ ആദരവാണ് ഈ ചിത്രം”, തന്‍റെ ചിത്രത്തിനൊപ്പം ഗോകുല്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *