Your Image Description Your Image Description

 

ജൈവവൈവിധ്യ സമ്പന്നതയ്ക്ക് പേരുകേട്ട പാകിസ്ഥാനിലെ ചെനാബ് നദിയുടെ സമീപപ്രദേശങ്ങളിൽ ചത്തടിഞ്ഞത് നൂറുകണക്കിന് ആമകൾ. നദിയിലെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെട്ടിരുന്ന ആമകളെ കഴിഞ്ഞ ദിവസം ഇവിടെ വൈദ്യുതാഘാതമേറ്റാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ആമകളെ ചത്ത നിലയിൽ കണ്ടെത്തിയതായി പ്രാദേശിക ഭരണകൂടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കരയോട് ചേർന്ന പ്രദേശങ്ങളിലെല്ലാം ആമകളുടെ ജഡങ്ങൾ അടിയുകയായിരുന്നു. ചിനിയോട്ട് മേഖലയിലാണ് സംഭവം.

നദിയിലെ ജൈവവൈവിധ്യം നിയന്ത്രിച്ചു നിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നത് ഇവിടുത്തെ ആമകളായിരുന്നു. എന്നാൽ, ആമകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതിന് പിന്നിലെ കാരണം വ്യക്തമല്ല. കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്നുണ്ട്. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ ഡെപ്യൂട്ടി കമ്മിഷണർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയതായാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനം ആഗോളതലത്തിൽ കോടിക്കണക്കിന് ജീവജാലങ്ങളുടെ നിലനിൽപ്പു തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള പ്രവൃത്തികളും നടക്കുന്നത്. ഇത്തരം സംഭവങ്ങൾ ഭൂമിയിലെ ജൈവസമ്പത്ത് നിലനിർത്താനുള്ള നിരന്തരശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിദ​ഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. ഉചിതമായ നടപടികൾ സ്വീകരിക്കാത്തപക്ഷം വംശനാശഭീഷണി നേരിടുന്നവ അടക്കമുള്ള നദിയിലെ മറ്റു ജീവജാലങ്ങളുടെ ജീവനും ഭീഷണിയുണ്ടാകുമെന്നതാണ് ഇവരുടെ ആശങ്ക.

നദിയുടെ പ്രത്യേകതയും അത് പാരിസ്ഥിതിക സന്തുലനത്തിൽ ചെലുത്തുന്ന സ്വാധീനവും തിരിച്ചറിഞ്ഞ് ഇവിടുത്തെ ജീവജാലങ്ങളുടെ സംരക്ഷണത്തിനായി കൂടുതൽ ശക്തമായ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഇത്തരം ഹീനമായ പ്രവൃത്തി ചെയ്തവരെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പരിസ്ഥിതി പ്രവർത്തകരും മൃഗസംഘടനകളും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *