Your Image Description Your Image Description
Your Image Alt Text

 

ലോട്ടറി ടിക്കറ്റുകൾ എടുക്കാത്തവരായി വളരെ ചുരുക്കം ആളുകളായിരിക്കും കാണുകയുള്ളൂ. മിക്കവരും ഒരു ഭാ​ഗ്യപരീക്ഷണം എന്ന രീതിയിലായിരിക്കും ടിക്കറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം അത്തരത്തിൽ വെറുതെ ഒരു ടിക്കറ്റ് എടുത്ത ആളാണ് ഇപ്പേൾ താരമായിരിക്കുന്നത്. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സമ്മർ ബമ്പർ ഒന്നാം സമ്മാനമായ പത്ത് കോടിയാണ് കണ്ണൂർ സ്വദേശിയായ നാസറിന് അടിച്ചിരിക്കുന്നത് ആണ്. ലോട്ടറി നറുക്കെടുപ്പ് കഴിഞ്ഞ് മണിക്കൂറിനുള്ളിൽ തന്നെ നാസർ താനാണ് ഭാ​ഗ്യവാനെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരുന്നു. കണ്ണൂർ ആലക്കോട് കാർത്തികപുരം സ്വദേശിയാണ് നാസർ. രാരരാജേശ്വര ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. അതും തലേദിവസം രാത്രി.

“മെനിഞ്ഞാന്ന് 6 മണിക്കാണ് കടയിൽ വന്നത്. ആ സമയത്ത് SC 308797 എന്ന നമ്പർ ടിക്കറ്റ് ഇവിടെ ഉണ്ടായിരുന്നു. എന്നാൽ എടുത്തില്ല. ഞാൻ വീട്ടിൽ പോയി നോമ്പ് മുറിച്ചിട്ട് വീണ്ടും കടയിലേക്ക് പോയി. അപ്പോഴും ആ നമ്പർ അവിടെ തന്നെ ഉണ്ട്. ആരും എടുത്തില്ല. ഈ പത്ത് കോടി എനിക്ക് ആണ് കേട്ടോ എന്ന് പറഞ്ഞ് ടിക്കറ്റ് പോക്കറ്റിൽ വച്ചു. കറക്ട് അത് വീഴുകയും ചെയ്തു. പടച്ചോന്റെ കളിയാ അത്. വേറെ എന്താ പറയേണ്ടെ”, സന്തോഷത്തോടെ നാസർ പറയുന്നത്.

സമീപകാലത്ത് ലോട്ടറി അടിക്കുന്നവർ പൊതുവേദിയിൽ വരുന്നത് വളരെ കുറവാണ്. എന്നാൽ നാസർ അങ്ങനെയല്ല. ലോട്ടറി അടിച്ച് പിറ്റേദിവസവും പതിവ് പോലെ കവലയിൽ സുഹൃത്തുക്കളോടും നാട്ടുകാരോടും കുശലം പറഞ്ഞ് എത്തി.”ഒളിച്ചിരിക്കൽ നല്ലതല്ല. എന്തായാലും ജനങ്ങൾ അറിയും. എന്താണ് ഒളിച്ചിരിക്കുന്നത് എന്ന് ചോദിച്ചാൽ, സഹായം ചോദിച്ച് വരുന്നവർ ബുദ്ധിമുട്ടിക്കുന്നത് കൊണ്ടാണ്. കൊടുക്കണ്ടാന്ന് അല്ല. പാവപ്പെട്ട, അർഹതപ്പെട്ടവർക്ക് കൊടുക്കണം. പക്ഷേ സർക്കാരിന്റെ ഈ ടാക്സും കാര്യങ്ങളും നോക്കണ്ടേ. ഇതെങ്ങനാ വരുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. കോടികളൊന്നും ഇതുവരെ കൈകാര്യം ചെയ്തിട്ടില്ല. പാവപ്പെട്ടൊരു വ്യക്തിയാണ്”, എന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് നാസർ പറയുന്നത്.

കാലങ്ങളായി നാട്ടിൽ ഓട്ടോയും ടിപ്പറുമോടിക്കുന്ന ആളാണ് നാസർ. ഒപ്പം പള്ളികളിലും അമ്പലങ്ങളിലും പരിപാടിക്ക് പാട്ടുപാടാനും പോകും. നാട്ടുകാർക്കെല്ലാവർക്കും പ്രിയപ്പെട്ടവനുമാണ് അദ്ദേഹം. സമ്മാനത്തുക കൊണ്ട് ഒരു വീട് വച്ച് സെറ്റാകണം എന്നാണ് നാസർ പറയുന്നത്. അതുതന്നെയാണ് ഭാ​ഗ്യവാന്റെ ഏറ്റവും വലിയ മോഹവും.

Leave a Reply

Your email address will not be published. Required fields are marked *