Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൻ: ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് ഫ്രാൻസിസ് സ്കോട് കീ പാലം തകർന്നുണ്ടായ അപകടത്തിൽ ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തിയ അധികൃതരെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അപകടത്തിനു തൊട്ടുമുൻപ് അപായ സന്ദേശം നൽകിയ കപ്പലിലെ ജീവനക്കാരെയും പ്രസിഡന്റ് അഭിനന്ദിച്ചു. സിംഗപ്പൂർ ആസ്ഥാനമായ ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പൽ ‘ഡാലി’യിലെ 22 ജീവനക്കാരും ഇന്ത്യക്കാരാണ്.

‘‘കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് മേരിലാൻഡ് ഗതാഗത വകുപ്പിനെ അറിയിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞു. തൽഫലമായി, പാലം തകരുന്നതിനു മുൻപ് ഗതാഗതം നിയന്ത്രിക്കാൻ അധികാരികൾക്ക് സാധിച്ചു. തീർച്ചയായും അത് ഒരുപാട് ജീവനുകൾ രക്ഷിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് കുതിച്ച ധീരരായ രക്ഷാപ്രവർത്തകരോടും ഞങ്ങൾ നന്ദിയുള്ളവരാണ്.’’– ജോ ബൈഡ‍ൻ പറഞ്ഞു.

പാലം പുനർനിർമിക്കാനുള്ള മുഴുവൻ ചെലവും ഫെഡറൽ സർക്കാർ വഹിക്കുമെന്നും ജോ ബൈഡൻ അറിയിച്ചു. പാലം തകരാൻ ഉത്തരവാദികൾ കപ്പലും അതിന്റെ ഉടമസ്ഥരുമാണെന്നിരിക്കെ സർ‌ക്കാർ എന്തിനാണ് ചെലവ് വഹിക്കുന്നതെന്ന ചോദ്യത്തിന്, ‘‘അതായിരിക്കാം, പക്ഷേ അതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നില്ല. ഞങ്ങൾ പണം മുടക്കി പാലം പുനർനിർമിക്കുകയും ജനങ്ങൾക്ക് തുറന്നുകൊടുക്കുകയും ചെയ്യും.’’– പ്രസിഡന്റ് വ്യക്തമാക്കി.

തകർന്നുവീഴുന്നതിനു തൊട്ടുമുൻപ് പാലത്തിലേക്കുള്ള ഗതാഗതം തടയാൻ കഴിഞ്ഞതാണ് ദുരന്തത്തിന്റെ ആഴം കുറച്ചത്. കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും പട്ടാപ്സ്കോ നദിയിലൂടെ പാലത്തിനടുത്തേക്കു ഒഴുകിനീങ്ങുന്നതായും കപ്പലിൽനിന്നുള്ള അപായ സന്ദേശം മൂ ഹാർബർ കൺട്രോൾ റൂമിൽ ലഭിച്ചതിനു പിന്നാലെ പൊലീസും കോസ്റ്റ് ഗാർഡും രംഗത്തിറങ്ങി. പാലത്തിന്റെ ഇരുവശത്തും ഗതാഗതം തടയുകയും പാലത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. അർധരാത്രി കഴിഞ്ഞതിനാൽ ഗതാഗതത്തിരക്ക് ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *