Your Image Description Your Image Description
Your Image Alt Text

കൊച്ചി: വയനാട്ടിൽ യു‍ഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. എൻഡിഎയുടെ വയനാട് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യപൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “രാഹുൽ ഗാന്ധി വയനാട്ടിൽ വന്നതിലുമധികം ആന മണ്ഡലത്തിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്” എന്നാണ് സുരേന്ദ്രൻ പരിഹസിച്ചത്. എൻഡിഎയുടെ എറണാകുളം മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസ്റ്റ് വിസയിൽ ആറേഴു തവണ വയനാട്ടിൽ വരുന്ന രാഹുൽ ഗാന്ധി മണ്ഡലത്തിലെ ഒരു പ്രശ്നത്തിലും ഇടപെടുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. ‘‘രാഹുൽ ഗാന്ധി വരും, 2 പൊറോട്ട കഴിക്കും, ഇൻസ്റ്റഗ്രാമിൽ രണ്ട് പോസ്റ്റിടും, പോകും’’– സുരേന്ദ്രൻ പരിഹസിച്ചു. വയനാടിനെ ‘ആസ്പിരേഷനൽ ജില്ല’കളുടെ കൂട്ടത്തിൽ ഉള്‍പ്പെടുത്തി വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെങ്കിലും സ്ഥലം എംപി എന്ന നിലയിൽ ഇതിന്റെ ഒരു യോഗത്തിൽ പോലും രാഹുൽ ഗാന്ധി പങ്കെടുത്തില്ലെന്നും സുരേന്ദ്രൻ ആരോപിച്ചു.

‘‘വന്യമൃഗശല്യം നേരിടാൻ കേന്ദ്ര സർക്കാർ കേരളത്തിന് കോടികള്‍ കൊടുക്കുന്നുണ്ട്. എന്നാൽ ഇതുകൊണ്ട് സംസ്ഥാന സർക്കാർ എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി അന്വേഷിച്ചിട്ടുണ്ടോ. എല്ലാ കാര്യങ്ങളും ചെയ്യാമായിരുന്നിട്ടും ഒരു ടൂറിസം പദ്ധതി പോലും രാഹുൽ ഗാന്ധി വയനാട്ടിൽ കൊണ്ടുവന്നിട്ടില്ല.’’– സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിലെ മറ്റ് എംപിമാരെയും സുരേന്ദ്രൻ വിമർശിച്ചു. ആർക്കും യാതൊരു ഉപയോഗവുമില്ലാത്ത അജഗളസ്തനങ്ങളാണ് കേരളത്തിലെ എംപിമാര്‍. ഡൽഹിക്ക് പോവുക, ബാറ്റ വാങ്ങുക, ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 2 കൂക്കിവിളി നടത്തുകയാണ് അവർ ചെയ്യുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു. കേരളത്തിൽ ഒരു വിഭാഗത്തെ മാത്രം പ്രീണിപ്പിച്ച് അവരുടെ വോട്ടുകൊണ്ട് വിജയിക്കാമെന്നാണ് എൽഡിഎഫും യുഡിഎഫും കരുതുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. അതുകൊണ്ടാണ് മുഖ്യമന്ത്രി സിഎഎയെക്കുറിച്ച് മാത്രം പറയുന്നത്. വികസന പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യുന്നില്ല. യു‍ഡിഎഫും ഇതിനോട് മൗനം പാലിക്കുകയാണെന്ന് ബിജെപി പ്രസിഡന്റ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *