Your Image Description Your Image Description
Your Image Alt Text

 

 

കല്‍പ്പറ്റ: പനമരം നീര്‍വാരത്ത് സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ വനംവകുപ്പ് ഏത് വിധം സംസ്‌കരിക്കുമെന്ന കാര്യം ഉറ്റുനോക്കി ജനം. മാസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി നഗരത്തില്‍ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ തണ്ണീര്‍ക്കൊമ്പന്‍ എന്ന ആന കര്‍ണാടക വനംവകുപ്പിന്റെ പരിപാലന കേന്ദ്രത്തില്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അവശനായി മരണത്തിന് കീഴടങ്ങിയിരുന്നു. ഈ ആനയുടെ ജഡം പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ദിപ്പൂര്‍ വനാന്തര്‍ ഭാഗത്തെ ‘കഴുകന്‍ റസ്റ്റോറന്റി’ലേക്ക് കൊണ്ടുപോയിരുന്നു. വംശനാശം നേരിടുന്ന കഴുകന്മാരുടെ എണ്ണം വര്‍ധിക്കുന്നതിനായി കാട്ടിലും മറ്റും ജീവന്‍ നഷ്ടമാകുന്ന ആനയടക്കമുള്ള ജീവികളുടെ ജഡം കഴുകന്‍മാര്‍ക്കും പരുന്തുകള്‍ക്കും ഭക്ഷണമായി നല്‍കുകയാണ് ചെയ്യുന്നത്.

ഷോക്കേറ്റ് ചരിഞ്ഞ കാട്ടുക്കൊമ്പനെയും സമാനരീതിയില്‍ ‘കഴുകന്‍ റസ്റ്റോറന്റി’ലേക്ക് കൊണ്ടുപോകുമോ അതോ സാധാരണ ചെയ്യുന്നത് പോലെ കാട്ടിനുള്ളില്‍ എവിടെയെങ്കിലും വലിയ കുഴിയെടുത്ത് സംസ്‌കരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ചരിഞ്ഞ കാപ്പിത്തോട്ടത്തില്‍ നിന്ന് ജഡം ലോറിയില്‍ മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ വെച്ചാകും പോസ്റ്റുമാര്‍ട്ടം നടപടികളടക്കമുള്ളവ നടക്കുക. ഞായറാഴ്ച വെളുപ്പിന് മൂന്ന് മണിയോടെ ആന ചരിഞ്ഞത്. തെങ്ങ് മറിച്ചിടാൻ ശ്രമിക്കുവെ അത് വീണ് വൈദ്യുതിലൈന്‍ പൊട്ടുകയും തുടർന്ന് ആനയുടെ ദേഹത്ത് പതിച്ച് ഷോക്കേറ്റ് ചരിയുകയുമായിരുന്നുവെന്നാണ് നിഗമനം.

വയനാട്, നീലഗിരി, കര്‍ണാടക കാടുകളില്‍ വംശനാശം സംഭവിക്കുന്ന കഴുകന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ‘കഴുകന്‍ ഭക്ഷണശാല’ എന്ന ആശയത്തിലേക്ക് വനവകുപ്പ് എത്തിയത്. വനത്തിലും ജനവാസ പ്രദേശങ്ങളിലും വന്യമൃഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായാല്‍ ഇവയെ കുഴിയെടുത്തോ കത്തിച്ചോ സംസ്‌കരിക്കാതെ ഇവയുടെ മൃതദേഹം കാട്ടിനുള്ളില്‍ പ്രത്യേക ഇടത്തില്‍ കൊണ്ടുപോയി ഇടുകയാണ് ചെയ്യുക. കഴുകന്മാര്‍ അടക്കമുള്ള പക്ഷികള്‍ക്ക് ഇവ ഭക്ഷണമാകുന്നതോടെ അവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *