Your Image Description Your Image Description
Your Image Alt Text

ചെന്നൈ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ ഗൃഹനാഥകൾക്ക് പ്രതിമാസം 3,000 രൂപ നൽകുമെന്നും കേരളവുമായുള്ള മുല്ലപ്പെരിയാർ തർക്കം പരിഹരിക്കുമെന്നുമുള്ള വാഗ്ദാനങ്ങളുമായി അണ്ണാ ഡിഎംകെ പ്രകടനപത്രിക പുറത്തിറക്കി. നിലവിൽ നൽകുന്ന 1,000 രൂപ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി മൂന്നിരട്ടിയായി വർധിപ്പിക്കുമെന്ന് പാർട്ടി ഉറപ്പു നൽകുന്നു. ആകെ 133 വാഗ്ദാനങ്ങളാണു പത്രികയിലുള്ളത്. റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയാണ് പത്രിക പുറത്തിറക്കിയത്.

ഗവർണർമാരെ നിയമിക്കുന്നതിനു മുന്നോടിയായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആലോചിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നുണ്ട്. വിവിധ വിഷയങ്ങളിൽ ഗവർണറും സംസ്ഥാനവും തമ്മിലുള്ള പോരു തുടരുന്നതിനിടെയാണ് ഗവർണർ നിയമനകാര്യത്തിൽ അണ്ണാ ഡിഎംകെ നിലപാട് വ്യക്തമാക്കിയത്. നീറ്റ് പരീക്ഷ പക്ഷപാതപരമാണെന്നും ഹിന്ദി അടിച്ചേൽപിക്കുന്നതാണെന്നും അതിനാൽ മെഡിക്കൽ പ്രവേശനത്തിന് പ്ലസ് ടു മാർക്ക് നിർബന്ധമാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.

സുപ്രീം കോടതിയുടെ പ്രാദേശിക ബെഞ്ച് ചെന്നൈയിൽ സ്ഥാപിക്കണം, പാർലമെന്റിന്റെ ശീതകാല സമ്മേളനം ചെന്നൈയിൽ നടത്തണം, ക്രിമിനൽ നിയമങ്ങളുടെ പേരുമാറ്റം പിൻവലിക്കണം, മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക ഭാഷ തമിഴ് ആക്കണം, ടോൾ പ്ലാസകൾ പൂർണമായി ഒഴിവാക്കണം, പെട്രോൾ, ഡീസൽ, പാചക വാതക സിലിണ്ടർ എന്നിവയുടെ വില നിർണയാധികാരം സർക്കാർ ഏറ്റെടുക്കണം, പുതുച്ചേരിക്ക് സംസ്ഥാന പദവി നൽകണം തുടങ്ങിയ ആവശ്യങ്ങൾ നടപ്പാക്കുന്നതിനും കേന്ദ്രത്തിൽ സമ്മർദം ചെലുത്തും. മേക്കദാട്ടു അണക്കെട്ട് നിർമാണ പദ്ധതി തടയുമെന്നും പറമ്പിക്കുളം–ആളിയാർ ജലപദ്ധതി പുനരുജ്ജീവിപ്പിക്കുമെന്നും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *