Your Image Description Your Image Description
Your Image Alt Text

 

കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്‍റെ ഗരുഡ പ്രീമിയം എന്ന പേരിലുള്ള കോഴിക്കോട്- ബംഗളൂരു റൂട്ടിലെ സര്‍വീസിന്‍റെ ആദ്യ യാത്ര സംഭവബഹുലം. ഗരുഡയുടെ കന്നി യാത്ര തന്നെ സൂപ്പര്‍ ഹിറ്റാണ്. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യമെന്നാണ് അധികൃതര്‍ പറയുന്നത്. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചത് നിരവധി പേരാണ്. സീറ്റ് നമ്പര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്.

നേരത്തെ, തിരുവനന്തപുരം -കോഴിക്കോട് സര്‍വീസിലും മുഖ്യമന്ത്രിയുടെ സീറ്റ് ദിവസങ്ങള്‍ക്ക് മുമ്പേ ബുക്ക് ചെയ്തിരുന്നു. ഗരുഡ പ്രീമിയം എന്ന പേരിലാണ് അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് തിരിച്ച് 11.35ന് ബെംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ്. പകല്‍ 2.30ന് ബെംഗളൂരുവില്‍ നിന്ന് തിരിച്ച് രാത്രി 10.05ന് കോഴിക്കോട് എത്തിച്ചേരും.

ആദ്യ സർവീസിൽ തന്നെ ഹൗസ് ഫുള്ളായിട്ടാണ് ബസിന്‍റെ യാത്ര പുറപ്പെട്ടത്. ഇന്ന് രാവിലെ നാല് മണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവിൽ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായത് യാത്രക്കാര്‍ക്ക് അല്‍പ്പം നിരാശയുണ്ടാക്കി. വാതില്‍ കെട്ടിവെച്ചാണ് പിന്നീട് യാത്ര തുടര്‍ന്നത്.

യാത്ര തുടങ്ങി അല്‍പസമയത്തിനകം വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. രാവിലെ ഏഴോടെ സുല്‍ത്താൻ ബത്തേരി ഡിപ്പോയില്‍ കയറ്റി ബസിന്‍റെ വാതിലിന്‍റെ തകരാര്‍ പരിഹരിച്ചു. എമർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയി കിടന്നതാണ് പ്രശ്ത്തിന് കാരണമായത്. സുല്‍ത്താൻ ബത്തേരിയില്‍ നിന്ന് പ്രശ്നം പരിഹരിച്ചശേഷം ബസ് ബെംഗളൂരുവിലേക്ക് യാത്ര തുടര്‍ന്നു.

നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസിന്‍റെ ആദ്യ യാത്രയുടെ ഭാഗമാകണമെന്ന് കരുതിയാണ് ബെംഗളൂരുവിലേക്ക് പോകാൻ നേരത്തെ തന്നെ സീറ്റ് ബുക്ക് ചെയ്തതെന്ന് യാത്രക്കാരില്‍ ചിലര്‍ പ്രതികരിച്ചു. ഉപയോഗിക്കാതെ കട്ടപുറത്തിടാതെ ജനങ്ങള്‍ക്ക് ഉപയോഗപ്രദമാക്കിയത് നല്ലകാര്യമാണെന്നും യാത്രക്കാര്‍ പ്രതികരിച്ചു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *