Your Image Description Your Image Description
Your Image Alt Text

വരവൂർ ഗ്രാമപഞ്ചായത്തിന്റെ വികസന പദ്ധതികളിൽ സന്തോഷത്തിനും പ്രഥമ സ്ഥാനം. പരമ്പരാഗത പദ്ധതി അവതരണ രീതികളിൽ നിന്നും മാറി പുതിയ കാലത്തെയും ആവശ്യങ്ങളെയും തൊട്ടറിഞ്ഞ് വാർഷിക പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് വരവൂർ ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയുടെ ഭാഗമായി സന്തോഷ ദിനങ്ങൾ കൊണ്ടുവരുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന തദ്ദേശ വകുപ്പിന്റെ നിർദ്ദേശമനുസരിച്ചാണ് പുതിയ പദ്ധതി രേഖ രൂപപ്പെടുത്തിയത്.

ഹാപ്പിനസ് പാർക്കുകൾ ഉൾപ്പെടെയുള്ള സമഗ്ര മേഖലയിലെയും സുസ്ഥിര വികസനം ലക്ഷ്യം വെച്ചാണ് വരവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പുതിയ ട്രെൻഡുകൾക്കും ആഘോഷങ്ങൾക്കും ഉതകുന്ന രീതിയിൽ ആരോഗ്യം, കലാ-കായിക പ്രവർത്തനങ്ങൾ, സാമൂഹിക ഒത്തുചേരലുകൾ, യുവത്വത്തെ ആകർഷിക്കൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ രംഗങ്ങളിലെ പുത്തൻ പ്രവണതകൾ ഉൾക്കൊള്ളിച്ചാണ് ഹാപ്പിനസ് പാർക്കുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

വാർഷിക പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി വരവൂർ ഗ്രാമപഞ്ചായത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. വർക്കിംഗ് ഗ്രൂപ്പ് അടിസ്ഥാനത്തിൽ ചർച്ച സംഘടിപ്പിച്ച് വികസന ലക്ഷ്യങ്ങളും അവ രൂപപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതിയും തയ്യാറാക്കി.

വരവൂർ വനിത പരിശീലന കേന്ദ്രത്തിൽ നടന്ന ഏകദിന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.എ ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു.

മൂന്ന് സെഷനുകളിലായി നടന്ന ക്ലാസുകൾക്ക് ബ്ലോക്ക് കോഡിനേറ്ററും കില ആർ.പി യുമായ സുദാസ്, എൻ.ജി മോഹനൻ, തീംമാറ്റിക് എക്സ്പേർട്ട് പി.എസ് ഐശ്വര്യ എന്നിവർ നേതൃത്വം നൽകി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.ജി ദീപു പ്രസാദ്, ജനപ്രതിനിധികളായ പ്രീതി ഷാജു, പി.കെ അനിത, കെ. ജിഷ, വി.ടി സജീഷ്, ടി.എം ബീവാത്തുക്കുട്ടി, കെ. രാധാകൃഷ്ണൻ, വി.കെ സേതുമാധവൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ ആൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *