Your Image Description Your Image Description
Your Image Alt Text

പാപി ചെല്ലുന്നിടം പാതാളം! ജനപക്ഷം പാർട്ടി പിരിച്ചുവിട്ട് ബി.ജെ.പിയിൽ ചേരുകയും, മോഹിച്ച പത്തനംതിട്ട സീറ്റ്കിട്ടാതെ വന്നപ്പോൾ കലിപ്പിലായ പി.സി. ജോർജിനെക്കുറിച്ചുള്ള പരിഹാസ ട്രോളുകൾക്ക് ഒരു കുറവുമില്ല .

തന്റെ സീറ്റ് പോയതിനു പിന്നിൽ വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന് തട്ടിവിട്ടത് ജോർജിന് പുകിലായി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയോട് പരാതിപ്പെട്ട തുഷാർ കോട്ടയത്ത് മത്സരിക്കണമെങ്കിൽ ഇതിനൊരു തീരുമാനമുണ്ടാകണമെന്ന് അന്ത്യശാസനയും നൽകി .

അതിന്റെ പശ്ചാത്തലത്തിലാണ് വാക്കുകളിൽ മിതത്വം പാലിക്കണമെന്ന് ജോർജിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേൻ ഇണ്ടാസ് കൊടുത്തത് . ജോർജ് ബി.ജെ.പിക്ക് ‘ഭാര’മാകുമോയെന്നാണ് വെള്ളാപ്പള്ളി നടേശന്റെ ആശങ്ക .

തവളയെപ്പോലെ വളർന്നതുകൊണ്ടായില്ലെന്നും വെള്ളാപ്പള്ളി കളിയാക്കി . ഇതിന് ജോർജ് മറുപടി പറഞ്ഞില്ല , പറഞ്ഞാൽ ചിലപ്പോൾ ബിജെപി തോണ്ടിയെടുത്ത് തോട്ടിൽ കളഞ്ഞാലോ , അത് പേടിച്ചായിരിക്കണം ജോർജ്ജ് കണ്ടമട്ട് ഭാവിക്കാഞ്ഞത് .

സാധാരണ ഇതൊക്കെ കേട്ടാൽ പ്രതികരിക്കുന്ന ജോർജ്ജ് മിണ്ടാതിരിക്കണമെങ്കിൽ അതിന് തക്ക മുന്നറിയിപ്പ് കേന്ദ്രത്തിൽ നിന്നും കിട്ടിക്കാണും . അനിൽ ആന്റണിയെ പത്തനംതിട്ടയിൽ ആർക്കുമറിയില്ലെന്ന് ജോർജ് പറഞ്ഞതും ബിജെപിയ്ക്ക് അത്ര പിടിച്ചില്ല .

പക്ഷെ അപകടം മണത്ത അനിൽ അന്റണി നേരേ പോയത് ജോർജിന്റെ വീട്ടിലേക്കാണ് . ജോർജ് ലഡ്ഡു നൽകി വിജയം ആശംസിക്കുകായും ചെയ്തു . പ്രചാരണത്തിന് താനും ഉണ്ടാവുമെന്ന ഉറപ്പും നൽകി ! പോരേ ?ഉറപ്പ് മാത്രമല്ല ഇന്നലെ ഉത്സവം നടക്കുന്ന പത്തനംതിട്ട തൃപ്പാറ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് അനില്‍ ആന്റണിക്കൊപ്പം പി.സി ജോര്‍ജും എത്തുകയും ചെയ്തു . അതിന്റെ ട്രോൾ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് .

അനിലിനെ പി.സി.ജോര്‍ജ് തിലകം അണിയിക്കുന്ന ഫോട്ടൊ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ഇതൊക്കെ കണ്ട ചില കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞ കമന്റ് ജോർജ്ജ് അടുത്തു കൂടിയത് സ്നേഹം കൊണ്ട് ഞെക്കികൊല്ലാനാണെന്നാണ് . ജോർജ്ജ് അടുത്താലും അകന്നാലും വായ്‌പോയ കോടാലിയാണെന്നാണ് .

ഏതായാലും ജോർജ്ജിന്റെ ഭാവി അനിൽ ആന്റണിയുടെ വോട്ട് പോലെയിരിക്കും , കഴിഞ്ഞ തവണ സുരേന്ദ്രൻ പിടിച്ച വോട്ട് അനിൽ ആന്റണിയ്ക്ക് കിട്ടിയില്ലെങ്കിൽ ജോർജ്ജും മകനും ബിജെപിയുടെ പുറത്തുള്ള വഴി കാണിച്ചു തരും .

Leave a Reply

Your email address will not be published. Required fields are marked *