Your Image Description Your Image Description
Your Image Alt Text

 

ചെന്നൈ: ഊട്ടിയിലും കൊടൈക്കനാലിലും പോകുന്ന വിനോദസഞ്ചാരികള്‍ ഇനി പാസ് എടുക്കണം. ഇ പാസിനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം എർപ്പെടുത്തി. ഓരോ ദിവസവും നിശ്ചിത എണ്ണം വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. മെയ് 7 മുതൽ ജൂൺ 30 വരെയാണ് വാഹന നിയന്ത്രണം.

പാസ് വേണ്ടവർക്ക് https://tnega.tn.gov.in എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. പേരും വിലാസവും, പോകുന്ന വാഹനത്തിന്‍റെ വിശദാംശങ്ങള്‍, സന്ദർശിക്കുന്ന തിയ്യതി, എത്ര ദിവസം തങ്ങുന്നു തുടങ്ങിയ വിവരങ്ങള്‍ നൽകണം. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും ഒന്നിന്‍റെ കോപ്പിയും നൽകണം.

ഊട്ടിയിലേക്കും കൊടൈക്കനലാലിലേക്കുമുള്ള വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതിനാൽ നിയന്ത്രണം വേണമെന്ന് മദ്രാസ് ഹൈക്കോടതി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിർദേശം നൽകിയിരുന്നു. നീലഗിരി, ദിണ്ടിഗൽ ജില്ലാ കലക്ടർമാരോടാണ് ആവശ്യപ്പെട്ടത്. ജൂൺ 30 വരെ പാസുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. അതേസമയം ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കാമെന്ന് കോടതി നിർദേശിച്ചിട്ടില്ല.

ഇ പാസ് വിതരണത്തിന് ജില്ലാ ഭരണകൂടം ഇ-ഗവേണൻസ് ഏജൻസിയുമായി (ടിഎൻഇജിഎ) സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് നീലഗിരി ജില്ലാ കളക്ടർ എം അരുണ പറഞ്ഞു. ഇതിനായി ഒരു സോഫ്റ്റ്‍വെയർ വികസിപ്പിച്ചു. ക്യുആർ കോഡുള്ള പാസാണ് നൽകുക. ചെക്ക്‌പോസ്റ്റിൽ ഈ ക്യുആർ കോഡ് സ്കാൻ ചെയ്താണ് പ്രവേശിപ്പിക്കുകയെന്നും കളക്ടർ പറഞ്ഞു. നീലഗിരി ജില്ലാ രജിസ്ട്രേഷൻ നമ്പർ TN 43 ഉള്ള വാഹനങ്ങൾക്ക് ഇ പാസ് ആവശ്യമില്ല.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു വാഹന നിയന്ത്രണം സംബന്ധിച്ച് കോടതി നിര്‍ദേശം. നീലഗിരിയിലേക്കുള്ള റോഡുകളിൽ പ്രതിദിനം ശരാശരി 2,000 വാഹനങ്ങളാണ് ഓടുന്നത്. എന്നാൽ ടൂറിസ്റ്റ് സീസണുകളിൽ വാഹനങ്ങളുടെ എണ്ണം പ്രതിദിനം 20,000 വരെ ആയി വർദ്ധിക്കുന്നു. നീലഗിരി ജില്ലയിൽ ഏകദേശം 1,035 താമസ സൗകര്യങ്ങൾ ലഭ്യമാണ്. ഒരേസമയം 20,000 പേർക്ക് താമസിക്കാവുന്ന 5,620 മുറികളുണ്ട്.

അഭിഭാഷകരായ ചെവനൻ മോഹനും രാഹുൽ ബാലാജിയുമാണ്, ഒരേ സമയം ഉള്‍ക്കൊള്ളാൻ കഴിയുന്നതിലും അധികം വാഹനങ്ങളും വിനോദസഞ്ചാരികളും വരുമ്പോഴുണ്ടാകുന്ന പരിസ്ഥിതി നാശത്തെ കുറിച്ച് കോടതിയെ അറിയിച്ചത്. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. മലയിടിച്ച് ചുരം റോഡ് വീതി കൂട്ടുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്ന പരാതിയും കോടതിയുടെ മുന്നിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *