Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെൻഷൻ കുടിശികയിൽ ഒരു മാസത്തേത് കൂടി അനുവദിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിട്ടു. മാര്‍ച്ച് 15 മുതൽ ഒരു മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഒരു ഗഡു വിതരണം ചെയ്യുമെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.  മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും.

ഏപ്രില്‍ മുതല്‍ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കുകയാണെന്നും ധനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഒരു മാസത്തെ ക്ഷേമപെൻഷൻ വിതരണത്തിനു 900 കോടി രൂപയാണ് വേണ്ടത്. ക്ഷേമപെൻഷൻ നൽകാത്തതിൽ ഇടതുമുന്നണി യോഗത്തില്‍ സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേർന്ന യോഗത്തിലാണ് സിപിഐ വിമർശനം ഉന്നയിച്ചത്.

കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നത്‌ തുടരുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. നികുതി വിഹിതവും മറ്റ്‌ വരുമാനങ്ങളും നിഷേധിച്ചും, അർഹതപ്പെട്ട കടമെടുക്കാനുള്ള അനുവാദം തരാതെയും ഞെക്കിക്കൊല്ലാനാണ്‌ ശ്രമം. അതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയിൽ ഹർജി കൊടുത്തതിന്റെ പേരിൽ സാമ്പത്തിക വർഷാവസാനം എടുക്കാനാകുന്ന വായ്‌പയ്‌ക്കും കേന്ദ്രം തടസ്സമുണ്ടാക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും ക്ഷേമ പെൻഷൻ അടക്കം ജനങ്ങൾക്ക്‌ ആശ്വാസകരമായ പ്രവർത്തനങ്ങളുമായാണ്‌ സംസ്ഥാനം മുന്നോട്ടുപോകുന്നത്‌. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക്‌ അടിയന്തിര പ്രാധാന്യത്തിൽതന്നെ പരിഹാരം ഉണ്ടാക്കാനും, അവരുടെ ആശ്വാസ പദ്ധതികൾ കൃത്യമായിതന്നെ നടപ്പാക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *