Your Image Description Your Image Description

തൃശൂർ: പാർട്ടിയെ നിർണായക ഘട്ടത്തിൽ ഉപേക്ഷിച്ച് പോയ പി.സരിനെ തിരിച്ചുവന്നാലും ഇനി പരിഗണിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. സരിൻ ചതിയനാണെന്നും സരിനെ ഇനി പാർട്ടിക്ക് താൽപ്പര്യമില്ലെന്നും സുധാകരൻ വ്യക്തമാക്കി. മാത്രമല്ല സരിന്റെ കൂടെ ഒരീച്ച പോലും പോയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

‘‘സന്ദീപ് വാരിയരെ കുറിച്ച് മനോഹരമായ വാക്കുകളാണ് എൽഡിഎഫ് ഉപയോഗിച്ചത് എന്നാൽ കോൺഗ്രസിലേക്ക് വന്നപ്പോൾ അഭിപ്രായം മാറി. അഭിപ്രായ സ്ഥിരത എന്നത് രാഷ്ട്രീയ നേതാവിന്റെ ക്വാളിറ്റിയാണ്. അതില്ലാത്തവർ രാഷ്ട്രീയത്തിലെ ഭ്രാന്ത് വികാരത്തിന്റെ ഉടമസ്ഥനാണ്. ഞങ്ങൾ ആരും എസ്ഡിപിയുടെ വോട്ട് ചോദിച്ച് പോയിട്ടില്ല. അവർ ഇങ്ങോട്ട് വന്നിട്ടുമില്ല. ഞങ്ങൾ ഔദ്യോഗികമായി ആരോടും വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുമില്ല. ആരോപണങ്ങൾ ഒന്നും വെന്തില്ല, ഒന്നും വേവാതെ അങ്ങാടിപ്പുറത്ത് വീണു‘‘സുധാകരൻ തുറന്നടിച്ചു.

ബിജെപി വോട്ട് കുറഞ്ഞതിൽ സിപിഎമ്മിനാണ് സങ്കടമെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. ഇ. ശ്രീധരൻ 2021ൽ പിടിച്ച വോട്ട് ഗണ്യമായി കുറഞ്ഞെന്നും ശ്രീധരന് കിട്ടിയ വോട്ടാണ് ഇത്തവണ രാഹുലിന് കിട്ടിയതെന്നും സതീശൻ വ്യക്തമാക്കി. അതെങ്ങനെ എസ്ഡിപിഐ വോട്ടാകുമെന്നും സതീശൻ ചോദിച്ചു. ‘‘2021നേക്കാളും സിപിഎമ്മിന് 900 വോട്ടുകളാണ് കൂടിയത്. 15,000 വോട്ടർമാരാണ് പാലക്കാട് കൂടിയത്. എന്നിട്ടും വലിയ വോട്ട് സിപിഎമ്മിന് കൂടിയില്ല. സിപിഎമ്മിന്റെ വോട്ട് വിഹിതം കുറഞ്ഞു. ജമാഅത്തെ ഇസ്ലാമിയോട് സിപിഎമ്മിന് വലിയ വിരോധമാണെന്നാണ് പറച്ചിൽ. 30 വർഷം സിപിഎമ്മിന് കൂടെയായിരുന്നു ജമാഅത്തെ ഇസ്ലാമി. പിണറായി വിജയൻ അവരുടെ ഓഫിസിൽ പോയിട്ടുണ്ട്. ഇപ്പോൾ അവർ വർഗീയ വാദികളാണെന്ന് സിപിഎം പറയുന്നു. അതും ബിജെപിക്കൊപ്പം നിന്നുകൊണ്ട്.’’ – സതീശൻ കുറ്റപ്പെടുത്തി.

‘‘2026ലും സിപിഎമ്മിനെ കാത്തിരിക്കുന്നത് മഹാദുരന്തമാണ്. ചേലക്കരയിലെ എൽഡിഎഫ് ഭൂരിപക്ഷം ഗണ്യമായി കുറക്കാൻ സാധിച്ചു. ഭരണവിരുദ്ധ വികാരം ഉള്ളതിനാലാണ് ചേലക്കരയിലെ ഭൂരിപക്ഷം കുറഞ്ഞത്. പരായജയവും വിജയവും പാർട്ടി പരിശോധിക്കണം. എല്ലാ അഭിപ്രായങ്ങളും പരിശോധിക്കും. നേതൃത്വമാണ് രമ്യയെ ചേലക്കരയിൽ പരിഗണിച്ചത്. തൃശൂരിലെ സംഘടനാ ദൗർബല്യങ്ങൾ എല്ലാം ഉടൻ പരിഹരിക്കും. തൃശൂരിലെ കോൺഗ്രസിന്റെ പഴയ പ്രതാപം ഒരു വർഷത്തിനകം തിരിച്ച് പിടിക്കും.’’ – സതീശൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *