Your Image Description Your Image Description
Your Image Alt Text

ഇടുക്കി ജില്ലക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് തെരെഞ്ഞെടുത്ത സ്ഥലം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഇടുക്കി ചെറുതോണി ടൗണ്‍ഷിപ്പിന്റെ ഭാഗമായ ആലിന്‍ചുവടിലാണ് മിനി ഫുഡ് പാര്‍ക്ക് സ്ഥാപിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഭക്ഷ്യ സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് മിനി ഫുഡ് പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

വ്യവസായമേഖലക്ക് വലിയ ഉണര്‍വ് നല്‍കുന്ന പദ്ധതിയായിരിക്കും ഇത്. 2022-23 ബജറ്റിലാണ് കാര്‍ഷിക വിഭവങ്ങളുടെ സംസ്‌കരണത്തിനും മൂല്യവര്‍ദ്ധനയ്ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് 10 മിനി ഫുഡ് പാര്‍ക്കുകള്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഒരു ഫുഡ് പാര്‍ക്ക് ഇടുക്കിക്ക് അനുവദിച്ചത്. നടപ്പുവര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ചെറുകിട വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ സൗകര്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മിനി ഫുഡ് പാര്‍ക്കിന് 10 ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഈ ഭൂമി കിന്‍ഫ്ര വികസിപ്പിച്ചെടുത്ത് ചെറു യൂണിറ്റുകള്‍ക്ക് ദീര്‍ഘകാല പാട്ടത്തിന് നല്‍കും.
ഓരോ പ്ലോട്ടിലേക്കും നേരിട്ട് പ്രവേശനം നല്‍കുന്ന തരത്തില്‍ റോഡുകള്‍, ജലം, വൈദ്യുതി, ഡ്രെയിനേജ് സൗകര്യം എന്നിവ നല്‍കും. കൂടാതെ, ജലശുദ്ധീകരണ പ്ലാന്റ്, സംഭരണശാല തുടങ്ങിയ പൊതുസൗകര്യങ്ങളും ഉണ്ടായിരിക്കും. പാര്‍ക്കിന്റെ നടത്തിപ്പിനും അഡ്മിനിസ്‌ട്രേറ്റീവ് ബാക്കപ്പിനും പാര്‍ക്ക് ഓഫീസുമുണ്ടാകും.

മിനി ഫുഡ് പാര്‍ക്കിന് ശരാശരി 30 സെന്റ് പ്ലോട്ടുള്ള ഏകദേശം 25 യൂണിറ്റുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പാര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ 500-ഓളം പേര്‍ക്ക് നേരിട്ട് തൊഴിലവസരം ലഭിക്കും. പദ്ധതി കേരളത്തിലെ വ്യവസായ മേഖലയുടെ നട്ടെല്ലായി മാറുന്ന ചെറുകിട വ്യവസായങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ഇടുക്കിയിലെ മിനി ഫുഡ് പാര്‍ക്കില്‍ മൂല്യവര്‍ധിത വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ജില്ലയുടെ വ്യാവസായിക പിന്നോക്കാവസ്ഥ ഇല്ലാതാക്കാനാകും. കൃഷിക്കും സുഗന്ധവ്യഞ്ജന ഉല്‍പ്പാദനത്തിനും കൂടുതല്‍ മൂല്യവും ഉയര്‍ന്ന ഡിമാന്‍ഡും ലഭിക്കും. ഹോര്‍ട്ടികള്‍ച്ചറല്‍ നിര്‍മ്മാതാക്കളില്‍ കാര്‍ഷിക മൂല്യവര്‍ദ്ധനവ് പ്രോത്സാഹിപ്പിക്കുക, വിളകള്‍ പാഴാക്കുന്നത് കുറയ്ക്കുക, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, 500 ഓളം പേര്‍ക്ക് പ്രാദേശികവും നേരിട്ടുള്ളതുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങള്‍. ഇതിലൂടെ സന്തുലിതമായ പ്രാദേശിക വികസനം സാധ്യമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സര്‍വെ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി ഭൂമി വികസിപ്പിക്കുന്നതിന് ഉടന്‍ കിന്‍ഫ്രക്ക് കൈമാറും. പ്രദേശത്ത് ഇറിഗേഷന്‍ മ്യൂസിയം, സാംസ്‌കാരിക മ്യൂസിയം, തീയേറ്റര്‍ കോംപ്ലക്‌സ് എന്നിവയും സ്ഥാപിക്കുമെന്നും ഇതിന്റെ ആദ്യഘട്ടമായി മിനി ഫുഡ് പാര്‍ക്ക് മാറുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, റവന്യു, സര്‍വെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പം സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *