Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിഷാ തെറ്റയിലിന്റെ ഒരു വീഡിയോ കണ്ടു. പത്മജ വേണുഗോപാൽ കോൺഗ്രസ്സ് പാർട്ടി വിട്ടപ്പോൾ നടത്തിയ പ്രതികരണം . നിഷ ആ വീഡിയോയിൽ പറഞ്ഞിരിക്കുന്നതൊക്കെ വളരെ സത്യമാണ് . ആർക്കും ഒരു തെറ്റും തിരുത്തും പറയാനൊക്കില്ല . നിഷയുടെ കണ്ടെത്തലുകളും അഭിപ്രായവും ചോദ്യങ്ങളുമൊക്കെ നൂറ് ശതമാനവും ശരി തന്നെ .

 

ആ വീഡിയോയിൽ നിഷ പറയുന്നത് , സത്യത്തിൽ പത്മജ വേണുഗോപാൽ കോൺഗ്രസിനകത്ത് ഉണ്ടെന്ന് നമ്മൾ അറിഞ്ഞത് തന്നെ അവർ പോയപ്പോഴാണ്. പൊരി വെയിലത്ത് വിയർപ്പിൽ കുളിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സ്ത്രീകളെ നമ്മൾ കണ്ടിട്ടുണ്ട്.

അവിടെയൊന്നും പത്മജയെ പക്ഷേ നമ്മൾ കണ്ടിട്ടില്ല. ഏതെങ്കിലും ഒരു സമരത്തിൽ അവർ മുദ്രാവാക്യം വിളിക്കുന്നത് നമ്മൾ കണ്ടിട്ടില്ല . പോലീസിന് മുന്നിൽ നിന്ന് തല്ലു വാങ്ങിക്കുന്ന പത്മജയെ നമ്മൾ കണ്ടിട്ടില്ല. ജലപീരങ്കിക്ക് മുന്നിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന പത്മജയെ നമ്മൾ കണ്ടിട്ടില്ല.

കൊടിയും ബാനറും പിടിക്കുന്ന സ്ത്രീകളുടെ ഇടയിലും അവരെ നമ്മൾ കണ്ടിട്ടില്ല. ചർച്ചകളിലും സംവാദങ്ങളിലും കണ്ടിട്ടില്ല. രാഷ്ട്രീയ കേരളത്തോട് ഒരു പ്രസ്താവന നടത്തി പോലും അവർ ഒരു വിഷയത്തിലും പ്രതികരിച്ചും കണ്ടിട്ടില്ല.

പിന്നെ എന്തുകൊണ്ടായിരിക്കും പത്മജയുടെ ഈ ചാട്ടത്തെ നമ്മൾ ഇത്രയേറെ വിമർശിക്കുന്നത്. മറ്റൊന്നുമല്ല അവർ സാക്ഷാൽ ലീഡറുടെ മകൾ ആയതുകൊണ്ട് മാത്രമാണ്. അതിനപ്പുറത്തേക്കുള്ള ഒരു രാഷ്ട്രീയ പരിവേഷവും അവർക്ക് ഇല്ല.

കെ കരുണാകരന്റെ മകൾ എന്ന മേൽവിലാസം മാറ്റിവച്ചാൽ വലിയ വലിയ വീടുകളുടെ അകത്തളങ്ങളിൽ എസിയുടെ ശീതളത്തിൽ ജീവിക്കുന്ന ഒരു അകത്തമ്മ. അത് മാത്രമാണ് പത്മജ അതിനപ്പുറത്ത് ഒന്നുമില്ലന്നാണ് .

ശരിയാ നിഷേ , അവർ ഇതൊന്നുമല്ല . അവർ കെ കരുണാകരന്റെ മകളാണ് , അത് നിങ്ങൾ സമ്മതിച്ചല്ലോ . ഇനി ഞാനൊന്ന് ചോദിച്ചോട്ടെ ? ഇത്രയും നാൾ നിഷ ഈ പാർട്ടിയിലില്ലായിരുന്നോ ? എന്തുകൊണ്ട് ഈ ചോദ്യങ്ങൾ ഈ മാസ് ഡയലോഗ് നടത്തിയില്ല ?

നിങ്ങളെ പോലെ ഒരുപാട് വനിതകളും വിദ്യാർത്ഥികളുമൊക്കെ കോൺഗ്രസ്സിലുണ്ടല്ലോ ? അവരുടെ ആരുടേയും നാവ് പൊങ്ങിയില്ലല്ലോ ? അവർ ഈ പാർട്ടിയിൽ കഴിഞ്ഞ ദിവസം വരെ നിന്നപ്പോൾ നിങ്ങൾ ചോദിച്ചില്ലല്ലോ ? അവർ ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇതൊക്കെ ചോദിക്കുമായിരുന്നോ ?

പിന്നെ നിങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കേണ്ടിയിരുന്നത് ഇപ്പോഴല്ല , പത്മജയെ നേതൃസ്ഥാനത്ത് കുടിയിരുത്തിയപ്പോഴും മത്സരിക്കാൻ സീറ്റ് കൊടുത്തപ്പോഴുമായിരുന്നു . നിങ്ങളുടെ പ്രതിഷേധം അപ്പോഴായിരുന്നു കാണിക്കേണ്ടിയിരുന്നത് .

അല്ലാതെ കൊല്ലത്ത് പോയി അടികൊണ്ടിട്ട് കൊട്ടാരക്കര വന്ന് ജൗളി പൊക്കി കാണിച്ചതുകൊണ്ട് എന്ത് ഫലം ? ചോദിക്കേണ്ടതും വിചാരണ നടത്തേണ്ടതും അതാത് സമയത്ത് തന്നെ ചെയ്യണം . അല്ലാതെ അവർ പാർട്ടിവിട്ട പോയിട്ടല്ല വീര പരാക്രമം കാണിക്കേണ്ടത് .

അനിൽ ആന്റണിക്ക് എന്ത് പ്രവർത്തന പാരമ്പര്യമാണുണ്ടായിരുന്നത് ? ചോക്ലേറ്റ് ബോയിയെ ഒരു സുപ്രഭാതത്തിൽ കെ പി സി സി യുടെ തലപ്പത്ത് മീഡിയ സെല്ലിൽ കുടിയിരുത്തിയതല്ലേ ? അല്ലാതെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ യൂത്ത് കോൺഗ്രസ്സിന്റെ മറ്റോ പ്രവർത്തിച്ചു പരിചയമുണ്ടായിരുന്നോ ?

അപ്പോൾ നിങ്ങൾ തന്നെയാണ് കുറ്റക്കാർ , നിങ്ങൾ തന്നെയാണ് പ്രതികൾ , നിങ്ങൾ തന്നെ നിങ്ങളുടെ വീഴച്ചകളും കുറ്റങ്ങളും മറച്ചുവച്ചിട്ട് അവരൊക്കെ സർവ്വ ആനുകൂല്യങ്ങളും വാങ്ങി വിട്ടുപോയിട്ട് ഇങ്ങനെ പുലഭ്യം പറഞ്ഞാലെന്ത് ഗുണം.

Leave a Reply

Your email address will not be published. Required fields are marked *