Your Image Description Your Image Description
Your Image Alt Text

ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ജില്ലയിലെത്തി. രാവിലെ കളക്ടറേറ്റിലെത്തിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ് , സബ് കളക്ടര്‍മാരായ ഡോ. അരുണ്‍ എസ് നായര്‍, വി എം ജയകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ , അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഇടുക്കി ഇലക്ഷൻ മാനേജമെന്റ് പ്ലാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രകാശനം ചെയ്തു.

സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലകളിലുള്ള സാഹചര്യം വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോളിംഗ് ശതമാനം കുറഞ്ഞ ബൂത്തുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. കുറ്റമറ്റ രീതിയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ബൂത്തുകളും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബൂത്തുകളില്‍ കുടിവെള്ളം, വൈദ്യുതി , ഭിന്നശേഷിക്കാര്‍ക്കുള്ള റാംപ് തുടങ്ങിയ അവശ്യ ഭൗതിക സാഹചര്യങ്ങൾ ഉറപ്പുവരുത്തണം.

തുടര്‍ന്ന് 12 മണിക്ക് ജില്ലയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ, എക്‌സൈസ്, ജി.എസ്.റ്റി, ഫോറസ്റ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ക്രമസമാധാനം, തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജില്ലകളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി പോലീസ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. പ്രശ്നസാധ്യയുള്ള ബൂത്തുകളുടെ തല്‍സ്ഥിതി പരിശോധിക്കാന്‍ ജില്ല പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വോട്ട് ചെയ്യുന്നതിൽ വിമുഖത കാണിക്കുന്നവരെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തണം . തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം സമയ ബന്ധിതമായി നൽകേണ്ടതുണ്ട്. കൂടുതല്‍ സ്ത്രീ സൗഹൃദ ബൂത്തുകൾ ഇത്തവണ ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ മാതൃകാപെരുമാറ്റച്ചട്ടമനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ സജ്ജമായിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌ട്രോങ്ങ് റൂം, കൗണ്ടിംഗ് ഹാള്‍ എന്നിവയ്ക്കായി തെരഞ്ഞെടുത്തിട്ടുള്ള പൈനാവ് എം.ആര്‍.എസ് സ്‌കൂള്‍ സി ഇ ഒ സന്ദര്‍ശിച്ചു. ഇന്ന് (മാർച്ച് 8) ദേവികുളം മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് ബൂത്തുകള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സന്ദര്‍ശിക്കും.

Leave a Reply

Your email address will not be published. Required fields are marked *