Your Image Description Your Image Description

രുദ്ര എന്നാൽ ശിവനും അക്ഷം എന്നാൽ കണ്ണെന്നും അർഥം. അതുകൊണ്ട് ശിവന്റെ കണ്ണായി കരുതപ്പെടുന്ന രുദ്രാക്ഷത്തിന് മാഹാത്മ്യമേറെയാണ്. രുദ്രാക്ഷം ഒരു പൂജ്യവസ്തുവായിത്തീരുന്നതിന് നിദാനമായ ഒരു പുരാണകഥ ദേവീഭാഗവതം ഏകാദശ സ്കന്ധത്തിലുണ്ട്.

പണ്ട് ത്രിപുരൻ എന്നൊരു അതിശക്തിമാനും പരാക്രമിയുമായ അസുര പ്രമാണിയുണ്ടായിരുന്നു. അയാൾ ദേവന്മാരേയും ദേവാധിപരെയും തോല്പിച്ച് ഏകചത്രാധിപതിയായി വാണു. തന്മൂലം സങ്കടത്തിലായ ദേവന്മാർ പരമശിവന്റെ അടുക്കൽ ചെന്ന് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കണാമെന്ന വിചാരത്തിൽ കണ്ണടച്ചിരുന്ന് ധ്യാനിച്ച പരമശിവൻ ഒരായിരം ദിവ്യവർഷങ്ങൾക്ക് ശേഷമാണ് കണ്ണ് തുറന്നത്. അപ്പോൾ നേത്രങ്ങളിൽ നിന്ന് അശ്രുബിന്ദുക്കൾ താഴെവീണു. ഈ ബാഷ്പ ബിന്ദുക്കളിൽ നിന്നാണത്രെ രുദ്രാക്ഷ വ്യക്ഷങ്ങളുണ്ടായത്.

പരമശിവന്റെ സൂര്യ നേത്രത്തിൽ നിന്ന് പന്ത്രണ്ട് വിധ രുദ്രാക്ഷങ്ങളും, ചന്ദ്ര നേത്രത്തിൽ നിന്ന് പതിനാറു വിധ രുദ്രാക്ഷങ്ങളും , അഗ്നി നേത്രത്തിൽ നിന്ന് പത്ത് വിധ രുദ്രാക്ഷങ്ങളും ആണ് ഉണ്ടായത്. സൂര്യനേത്രത്തിൽ നിന്ന് ഉണ്ടായവ രക്ത വർണ്ണമാണ്. ചന്ദ്രനേത്രത്തിൽ നിന്ന് വെള്ള നിറത്തിലുള്ള രുദ്രാക്ഷങ്ങളും ഉണ്ടായി. അഗ്നിനേത്രത്തിൽ നിന്ന് ഉണ്ടായവയുടെ നിറം കറുപ്പാണ്. പുരാണങ്ങളിൽ ത്രിപുരനെ പരമശിവൻ തന്നെ വധിക്കുന്നുവെന്നും അങ്ങനെ മഹാദേവന് ‘ത്രിപുരാന്തകൻ’ എന്ന നാമം ഉണ്ടായെന്നും പറയുന്നു.

രുദ്രാക്ഷ ധാരണം

വിധിപ്രകാരം രുദ്രാക്ഷം ധരിച്ചാൽ പാപം ശമിക്കുമെന്നും അതുവഴി ഏറെ ഗുണം ലഭ്യമാകുമെന്നും ദൈവിക സാമീപ്യമുണ്ടാകുമെന്നുമാണ് വിശ്വാസം. വിധിപ്രകാരമല്ലാതെ രുദ്രാക്ഷം ധരിച്ചാൽ ഗുണത്തെക്കാളുപരി ദോഷം ഉണ്ടാകും. രുദ്രാക്ഷമാല ധരിക്കുന്നതിനു മുൻപ് അത് ധരിക്കാൻ ചില വിധികൾ പൂർവികർ അനുശാസിച്ചിട്ടുണ്ട് . ആ വിധിയനുസരിച് മാല ധരിച്ചൽ മാത്രമേ അതിൽ നിന്നും ശരിയായ പ്രയോജനം ഉണ്ടാകൂ. ധരിക്കുന്നതിനു മാല വാങ്ങുമ്പോൾ അത് ശരിയായ രുദ്രാക്ഷമാണോ എന്ന് പരിശോധിക്കണം അതിനുശേഷം ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാല വേണം തയ്യാറാക്കേണ്ടത്. പലമുഖ രുദ്രാക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നൽകില്ലെന്നും പറയുന്നു .

കഴുത്തിൽ അണിയുന്ന മാല ജപിക്കുവാൻ ഉപയോഗിക്കരുത്, ജപിക്കുന്ന മാല കഴുത്തിലും അണിയുവാൻ പാടില്ല. ജപമാല പ്രത്യേകം കരുതണം, ജപമാലയിൽ ജപിക്കുന്ന ആളിന്റെ സൗകര്യം പോലെ എണ്ണം നിശ്ചയിക്കാം. എന്നാൽ അത് 27 ൽ കുറയാൻ പാടില്ല.

രുദ്രാക്ഷം ധരിക്കുന്നതിന്റെ ഫലങ്ങൾ

രുദ്രാക്ഷം ധരിക്കുന്നതുമൂലം പലവിധ പാപങ്ങളും ഇല്ലാതാകുന്നു. ജാതകവശാലുള്ള കാളസർപ്പ ദോഷത്തിന് പരിഹാരമായിട്ട് രുദ്രാക്ഷം ധരിക്കാം.

ഒരുമുഖം – ശിവൻ, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും.
രണ്ട് മുഖം – ദേവി(ഗൌരീശങ്കരം), ഇത് ധരിച്ചാൽ ധ്വവിധ പാപങ്ങളും നശിക്കും.
മൂന്ന് മുഖം – അഗ്നി, ഇത് സ്ത്രീഹത്യാപാപത്തെ ഇല്ലാതാക്കും.
നാല് മുഖം – ബ്രഹ്മാവ്, ഇത് നരഹത്യാപാപത്തെ ഇല്ലാതാക്കും.
അഞ്ച് മുഖം – കാലാഗ്നി, ഇത് തുല്യനായ രുദ്രൻ തന്നെ.
ആറ് മുഖം – സുബ്രഹ്മണ്യന്‍, ഇത് ധരിച്ചാൽ ബ്രഹ്മഹത്യാപാപത്തെ നശിപ്പിക്കും.
ഏഴ് മുഖം – സപ്തമാതൃക്കൾ, സൂര്യൻ‍, സപ്തർഷി, ഇത് ധരിച്ചാൽ സ്വർണ്ണാപഹരണങ്ങളിൽ നിന്നുള്ള പാപങ്ങളിൽ നിന്നും മുക്തനാകും.
എട്ട് മുഖം – വിനായകൻ, ഇതു ധരിച്ചാൽ അന്നം വസ്ത്രം സ്വർണ്ണം മുതലായവ മോഷ്ടിച്ച പാപങ്ങളിൽ നിന്നും നീചകുലത്തിൽപ്പെട്ട സ്ത്രീയേയൊ ഗുരുപത്നിയേയൊ സ്പർശിക്കുന്നതിൽ നിന്നുള്ള പാപ കർമ്മങ്ങളിൽ നിന്നും രക്ഷപെടും, എല്ലാവിഗ്നങ്ങളും നശിച്ച് ഈശ്വരപദത്തിലെത്തും.

ഒമ്പത് മുഖം – യമൻ‍, ഇത് ഇടത്തേ കരത്തിലാണ് ധരിക്കേണ്ടത്, അങ്ങനെ ധരിച്ചാൽ അവന് ഭക്തിയും മുക്തിയും ലഭിക്കും, ഭഗവാനു തുല്യം ബലവാനായി ഭവിക്കും നൂറു ബ്രഹ്മഹത്യാപാപങ്ങളും നശിക്കും.

പത്ത് മുഖം – ദേവേശനായ ജനാർദ്ധനമൂർത്തിയാണ്, നീചഗ്രഹങ്ങൾ, പിശാച്ചുക്കൾ, വേതാളങ്ങൾ, ബ്രഹ്മരക്ഷസുകൾ, സർപ്പങ്ങൾ, മുതലായവ മൂലമുണ്ടാകുന്ന പീഡകൾ ഇത് ധരിക്കുന്നതുകൊണ്ട് ഇല്ലതാകും.

പതിനൊന്ന് മുഖം – ഏകാദശ രുദ്രൻ, അത് ശിഖയിലാണ് ധരിക്കേണ്ടത് ,അത് ധരിക്കുന്നതുകൊണ്ട് ആയിരം അശ്വമേധവും നൂറു വാജ്പേയവും പതിനായിരം ഗോധാനവും ചെയ്ത പുണ്യം ലഭിക്കും.

പന്ത്രണ്ട് മുഖം – വിഷ്ണു, ഇത് കാതിൽ വേണം ധരിക്കാൻ, അതുകൊണ്ട് ഗോമേധത്താലും അശ്വമേധത്താലും ലഭിക്കുന്ന ഫലം ലഭിക്കുന്നു, കൊമ്പുള്ള മൄഗങ്ങളിൽ നിന്നോ ശസ്ത്രങ്ങളിൽ നിന്നോ വ്യാഘ്രമൃഗങ്ങളിൽ നിന്നോ അവന് യാതൊരു ഭയവുമുണ്ടാകില്ല, ആധിയും വ്യാധിയും അവനെ ബാധിക്കുകയില്ല ആന, കുതിര, പൂച്ച, മാൻ, സർപ്പം, എലി, തവള, കഴുത, നായ്, കുറുക്കൻ, തുടങ്ങിയ ജീവികളെ കൊന്ന പാപം ഇല്ലാതാകുന്നു.

പതിമൂന്ന് മുഖം – കാമദേവൻ‍, സർവ്വ കാമാർത്ഥങ്ങളും പ്രധാനം ചെയ്യും, രസവും രസായനവും അവനു ലഭിക്കും , അച്’ഛനേയും അമ്മയേയും സഹോദരനേയും കൊന്ന പാപം ഇല്ലാതകും.

പതിനാല് മുഖം – രുദ്രാക്ഷം ധരിക്കുന്നവർ സാക്ഷാൽ പരമശിവന് തുല്യനായി തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ശിരസ്സിൽ വേണം ധരിക്കാൻ.

രുദ്രാക്ഷധാരണം – ഗുണങ്ങൾ

രുദ്രാക്ഷധാരണം ശരീരത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു. മനസ്സിന് ശാന്തിയും ഉന്മേഷവും നൽകുന്നു . വിഷജന്തുക്കളും മറ്റുപദ്രവജീവികളും അയാളുടെ സമീപത്തുകൂടി വരില്ല , മനസ്സിന് ഏകാഗ്രത ലഭിക്കുന്നു , മുഖം ഐശ്വര്യവും പ്രശാന്തവുമാകുന്നു, രുദ്രാക്ഷ ധാരികൾ പറയുന്നത് ഫലിക്കുന്നു. ദുഷ്ട ശക്തികളും ദുഷ്ടലക്ഷ്യത്തോടെ പ്രയോഗിക്കുന്ന മന്ത്രശക്തികളും മറ്റും രുദ്രാക്ഷധാരികൾക്ക് ഏൽക്കുകയില്ല.

ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാൻ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കും എന്നു ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഒരു പഠനം തെളിയിച്ചിരുന്നു. ഓറയുടെ സ്വാധീനത്തിലൂടെ ഹൃദയസ്പന്ദനത്തെ ക്രമീകരിക്കാനും രുദ്രാക്ഷത്തിനു കഴിവുണ്ടെന്നു ഈ പഠനത്തിൽ പറയുന്നു.

സ്ത്രീകളിൽ

പഴയകാലത്ത് രുദ്രാക്ഷം ധരിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിരുന്നു . അക്കാലത്ത് ഋഷിപത്നിമാർ രുദ്രാക്ഷം ധരിച്ച് പൂജാകർമ്മങ്ങൾ നടത്തിയിരുന്നതായി പുരാണങ്ങളിൽ പറയുന്നുണ്ട് . മാസമുറക്കാലത്ത് സ്ത്രീകൾ മാല ഊരിവയ്ക്കണമെന്ന് നിർദ്ദേശിക്കുന്നു .അവരുടെ താലിയോടൊപ്പം മൂന്നു മുഖ രുദ്രാക്ഷംകൂടി ബന്ധിച്ചു ധരിക്കുന്നത് വീടിൻറെ ഐശ്വര്യത്തിനും ദീർഘസുമഗലിയായിരിക്കുന്നതിനും സഹായിക്കുന്നു . കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ രണ്ടുമുഖ രുദ്രാക്ഷം ധരിക്കുന്നത് സന്താന ലബ്ധിക്കു നല്ലതാണ്. ചില ഗ്രന്ഥ്ങ്ങളിൽ സ്ത്രീകളുടെ ആർത്തവകാലം കഴിഞ്ഞതിനു ശേഷമേ രുദ്രാക്ഷം ധരിക്കാൻ പാടുള്ളൂവെന്നു പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *