Your Image Description Your Image Description

ക്ഷമയും സത്യവും ദയയും ദാനവും സ്നാനവും ഇന്ദ്രിയ നിഗ്രഹവും ലഭിക്കാനായി വ്രതങ്ങൾ ആചരിക്കുന്നവർ ജീവിതത്തിൽ ഉടനീളം അവ പുലർത്തേണ്ടതുമാകുന്നു. മനസ്സിൽ വിദ്വേഷവും സ്പർദ്ധയും അനാരോഗ്യമായ മത്സരബുദ്ധിയും രക്തബന്ധങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് അവരെ അകറ്റിനിർത്തുകയും ചെയ്യുന്നവരൊക്കെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പാപങ്ങൾ കഴുകിക്കളയുകയും എന്നാൽ പിന്നെയും ഇതുപോലുള്ള കാര്യങ്ങൾ ആവർത്തിക്കുകയും ചെയ്‌താൽ മഹാദേവനുപോലും അവരെ സംരക്ഷിക്കാൻ കഴിയില്ലെന്ന ഭയവും തിരിച്ചറിവും ഭക്തരിൽ ഉണ്ടാകേണ്ടതാണ്.

ശിവരാത്രിവ്രത മാഹാത്മ്യം:

ശിവരാത്രിവ്രതം ചിട്ടയോടെ അനുഷ്ഠിക്കുന്നവര്‍ ശിവന്‍റെ വാത്സല്യത്തിന് പാത്രീഭവിക്കുമെന്ന് ഐതിഹ്യങ്ങള്‍ പറയുന്നു. ശിവരാത്രിവ്രതം, പൂജ, ആത്മസമര്‍പ്പണം എന്നിവയിലൂടെ ശിവലോകത്ത് എത്താനാകുമെന്ന് ഉദാഹരണസഹിതം അഗ്നിപുരാണം, ശിവപുരാണം എന്നിവയിൽ പറയുന്നുണ്ട്.

ശിവരാത്രിയുടെ തലേദിവസം വീട് കഴുകി ശുദ്ധിവരുത്തണം. വ്രതാനുഷ്ഠാനം നടത്തുന്നവര്‍ തലേദിവസം രാത്രി അരിയാഹാരം കഴിക്കരുത്. പകരം മറ്റ് എന്തെങ്കിലും ലഘുഭക്ഷണമാകാം. ശിവരാത്രി ദിവസം ‘ഉപവാസം’, ‘ഒരിക്കല്‍’ എന്നിങ്ങനെ രണ്ടുരീതിയില്‍ വ്രതം പിടിക്കാവുന്നതാണ്. പൊതുവേ ശാരീരികസ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ പിടിക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം പിടിക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ പിടിക്കുന്നവര്‍ ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം മാത്രം ഭക്ഷിക്കണം.

ശിവരാത്രി വ്രതത്തില്‍ പകലോ രാത്രിയോ ഉറക്കം പാടില്ല. ശിവക്ഷേത്രത്തില്‍ ഇരുന്നും, സോമരേഖ (ശിവന്റെ അഭിഷേകജലം ഒഴുകുന്ന വടക്കേ ഓവ്) മുറിയാതെയും ( പൂര്‍ണ്ണപ്രദക്ഷിണം വയ്ക്കാതെ) അര്‍ദ്ധപ്രദക്ഷിണം വെച്ചും ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രമോ ‘ഓം’കാര സഹിതമായി ‘ഓം നമ:ശിവായ’ മന്ത്രമോ അറിയാവുന്ന മറ്റ് മന്ത്രങ്ങളോ പുസ്തകം നോക്കി വായിക്കാവുന്ന അഷ്ടോത്തരമോ മറ്റ് ഇഷ്ടസ്തോത്രങ്ങളോ യഥാവിധി ജപിക്കാവുന്നതാണ്.

ശിവരാത്രിയിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാകയാൽ അകത്തെ പ്രദക്ഷിണം പ്രാവർത്തികമാക്കാൻ പ്രയാസമായിരിക്കും. ആകയാൽ വിവിധ ശിവമന്ത്രങ്ങളാൽ പുറത്ത്, ക്ഷേത്രത്തെ പ്രദക്ഷിണം വെക്കാവുന്നതാണ്. ശിവസഹസ്രനാമം, ശിവാഷ്ടകം, ശിവനാമാവലി, ശിവപഞ്ചാക്ഷരി സ്തുതി, സദാശിവകീര്‍ത്തനം, ശിവരക്ഷാസ്തോത്രം, ശിവപ്രസാദ പഞ്ചകം, ശിവകീര്‍ത്തനം, ശിവസന്ധ്യാനാമം, നമ:ശിവായ സ്തോത്രം, ദാരിദ്ര്യദഹനസ്തോത്രം എന്നിവയെല്ലാമോ അല്ലെങ്കില്‍ ഇഷ്ടമായവയോ ഭക്തിയോടെ ജപിക്കാവുന്നതാകുന്നു.

ക്ഷേത്രത്തില്‍ പോകാന്‍ സാധിക്കാത്തവര്‍ സ്വന്തം വീട്ടിലോ, വിദേശത്ത് ജോലിയുമായി കഴിയുന്നവര്‍ ശരീരവും മനസ്സും ശുദ്ധമാക്കി പഞ്ചാക്ഷരീമന്ത്രം ജപിച്ച് വ്രതം പിടിക്കാവുന്നതാണ്. അര്‍പ്പണമനോഭാവം എന്നത്, എല്ലാത്തിലും വലുതാകുന്നു. വൈകിട്ട് ക്ഷേത്രത്തില്‍ ദേവന് അഭിഷേകം ചെയ്ത പാലോ കരിയ്ക്കോ വാങ്ങി കുടിക്കാവുന്നതാണ്.

ശിവരാത്രിയുടെ തൊട്ടടുത്തദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. പിന്നെ ഉറക്കവുമാകാം. ചിലരുടെ തെറ്റിദ്ധാരണമൂലം അന്ന് പകലും ഉറക്കമൊഴിയാറുണ്ട്. എന്നാല്‍ അതിന്റെ ആവശ്യമില്ല. അങ്ങനെയൊരു ആചാരവുമില്ല. വ്രതവും ധ്യാനവും പൂജകളും ശിവരാത്രിയും കഴിഞ്ഞാൽ പിന്നെ ഉറക്കമിളക്കേണ്ട കാര്യമില്ല.

പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി പിടിക്കുന്ന മഹാശിവരാത്രി വ്രതം അവരവര്‍ക്കും ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സിന് അത്യുത്തമവും ആകുന്നു. പാപങ്ങള്‍ നീങ്ങുന്നതിനും സര്‍വ്വാഭീഷ്ടസിദ്ധിക്കും ശിവരാത്രിവ്രതം വളരെ ഫലപ്രദമാണ്.

ശിവരാത്രി ദിവസം പിതൃപ്രീതിക്കായി ബലിതര്‍പ്പണം അത്യുത്തമം ആകുന്നു. കര്‍ക്കടകവാവ് ബലി, ശിവരാത്രി ബലി എന്നിവ പിതൃപ്രീതിക്കായി മുടങ്ങാതെ ചെയ്യുന്ന നിരവധിപ്പേരുണ്ട്.

ശിവരാത്രി ദിവസം വൈകിട്ട് മിക്ക ശിവക്ഷേത്രങ്ങളിലും പുരുഷന്മാര്‍ ശയനപ്രദക്ഷിണവും സ്ത്രീകള്‍ കാലടിവെച്ചുള്ള (പാദപ്രദക്ഷിണം) പ്രദക്ഷിണവും നടത്താറുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *