Your Image Description Your Image Description
Your Image Alt Text

ആയുഷ് മേഖലയെ ഹെൽത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരളത്തിന് പുറത്ത് നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ളവർക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കും. ആയുഷ് മേഖലയുടെ വികസനത്തിനായി 532 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആയുർവേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകൾ സൃഷ്ടിച്ചു. ഹോമിയോപ്പതി വകുപ്പിൽ പുതുതായി 40 മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ സാധ്യമാക്കി. ഇത് കൂടാതെയാണ് മികച്ച സൗകര്യങ്ങളൊരുക്കി രാജ്യത്തിന് മാതൃകയായി 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻ.എ.ബി.എച്ച്. സർട്ടിഫിക്കേഷൻ നേടിയെടുക്കാനായതെന്ന് മന്ത്രി പറഞ്ഞു. 150 ആയുഷ് ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള എൻ.എ.ബി.എച്ച്. സർട്ടിഫിക്കറ്റ് വിതരണവും ആയുഷ് സോഫ്റ്റ് വെയറുകളുടെ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

സ്‌പോർട്‌സ് ആയുർവേദത്തിന് വലിയ സാധ്യതകളും പ്രാധാന്യവുമാണുള്ളത്. ആയുഷ് രംഗത്ത് സ്റ്റാന്റേഡൈസഷൻ കൊണ്ടുവരും. തെളിവധിഷ്ഠിത ഗവേഷണത്തിനായി കണ്ണൂരിൽ ആയുർവേദ ഗവേഷണ കേന്ദ്രം യാഥാർത്ഥ്യമാക്കി വരികയാണ്.

സംസ്ഥാന ആയുഷ് മേഖലയെ സവിശേഷമായി കണ്ടുകൊണ്ടാണ് എൻഎബിഎച്ചിനായി കർമ്മ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിന്റെ ആയുർവേദ രംഗം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിന് കേരളത്തിന് പുറത്ത് നിന്നുള്ളവരെ എത്തിക്കാൻ കഴിയാത്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിൽ നിന്നാണ് ഇതിലേക്ക് എത്തപ്പെട്ടത്. കൃത്യമായ ഗുണനിലവാരത്തോടെ സേവനങ്ങൾ എത്തിക്കാൻ കഴിയണം. രാജ്യത്ത് ആദ്യമായി എൻഎബിഎച്ച് മാനദണ്ഡമുണ്ടാക്കി ക്വാളിറ്റി ടീമുകൾ സജ്ജമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ആദ്യമായാണ് രാജ്യത്ത് ഇത്രയും ആയുഷ് സ്ഥാപനങ്ങൾക്ക് ഒന്നിച്ച് എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ചത്.

സംസ്ഥാനത്ത് 600 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഈ കേന്ദ്രങ്ങളുടെ പ്രവർത്തന മികവും പദ്ധതി നിർവഹണ മേന്മയും കണക്കിലെടുത്ത് പുതുതായി 100 കേന്ദ്രങ്ങൾ കൂടി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ എണ്ണം 700 ആകും. പൂജപ്പുര സർക്കാർ പഞ്ചകർമ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി തയ്യാറാക്കുന്നു. വർക്കലയിൽ ആധുനിക ആയുഷ് ചികിത്സാ കേന്ദ്രം സാധ്യമാക്കും. 14 ജില്ലകളിലും ഇതുപോലെയുള്ള ആശുപത്രികൾ സാധ്യമാക്കും. ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകുന്നതിനാലാണ് 1000 ആയുഷ് യോഗ ക്ലബ്ബുകൾ ആരംഭിച്ചത്. ആയുഷ് മേഖലയിൽ ടെലിമെഡിസിൻ സംവിധാനം ഏർപ്പെടുത്തി.

എൻഎബിഎച്ച് കരസ്ഥമാക്കിയ എല്ലാ സ്ഥാപനങ്ങളേയും ആയുഷ് ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ ആയുഷ് മേഖലയെപ്പറ്റി പഠിക്കാനെത്തിയ ഉത്തരാഖണ്ഡിൽ നിന്നുള്ള സംഘത്തേയും മന്ത്രി സ്വാഗതം ചെയ്തു.

മരുന്നുകളുടെ സംഭരണ, വിതരണ പ്രക്രിയ ലഘുകരിക്കാനും പൊതു ജനങ്ങൾക്ക് ആവശ്യാനുസരണം മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്താനും വേണ്ടിയുള്ള ആയുഷ് മെഡിസിൻ പ്രൊക്യുയർമെന്റ് സോഫ്റ്റ് വെയർ, ആയുഷ് മേഖലയിലെ മികച്ച സേവനം കണക്കിലെടുത്ത് കേരള സർക്കാർ ഏർപ്പെടുത്തിയ ആയുഷ് അവാർഡുകളുടെ പ്രവർത്തനങ്ങൾ സാധ്യമാക്കാനുള്ള ആയുഷ് അവാർഡ് സോഫ്റ്റ് വെയർ, ആയുഷ് മേഖലയിലെ വിജ്ഞാന, നൈപുണ്യ വികസനത്തിന് ഒരു മുതൽക്കൂട്ടാകുന്ന ആയുഷ് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനമാണ് നിർവഹിച്ചത്.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി. സജിത്ത് ബാബു സ്വാഗതമാശംസിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ കെ.എസ്. പ്രിയ, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ. വിജയാംബിക, ആയുർവേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ, ഹോമിയോപ്പതി വിദ്യാഭ്യാസ പി.സി.ഒ. ഡോ. ഷീല എ.എസ്., നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർമാരായ ഡോ. സജി പി.ആർ., ഡോ. ആർ. ജയനാരായണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *