Your Image Description Your Image Description

പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം എന്നതുകൊണ്ട് ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷം അറിയപ്പെടുന്നു. ഉഷ്ണവീര്യമാണ് കൂവളത്തിനുള്ളത്. കൃമിഹരവും അതീവ വിഷശമന ശക്തിയുമുള്ളതാണ് കൂവളം. വിഷം കഴിച്ച് നീലകണ്ഠനാവുകയും പാമ്പുകളെ മാലയായി ധരിക്കുകയും ചെയ്യുന്ന ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന് ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു.

1215 മീറ്റര്‍ ഉയരത്തില്‍ വളരുന്ന കൂവളത്തില്‍ മൊട്ടുസൂചി പോലുള്ള മുള്ളുകളുണ്ട്. സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവര്‍ണ്ണത്തോടു കൂടിയതാണ്. മൂന്നിലകള്‍ ഒത്തുചേര്‍ന്ന ഒരു സംയുക്ത പത്രമാണ് ഓരോ ഇലയും. മാതളത്തോട് സാദൃശ്യമുള്ള കായയ്‌ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചു മുതല്‍ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞ നിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. ഹിന്ദുമത വിശ്വാസികൾക്കിടയിൽ അലൗകികതയുടെ പ്രതീകമാണ് കൂവളത്തില. ഇന്ത്യയിൽ അങ്ങോളമിങ്ങോളം കാണാൻ കഴിയുന്ന ഒരു വൃക്ഷമാണ് കൂവളം.

ശിവക്ഷേത്രങ്ങളിലെല്ലാം ഒഴിച്ച് കൂടാനാവാത്ത വൃക്ഷമാണ് കൂവളം. കൂവളത്തില കൊണ്ട് ശിവഭഗവാനെ പൂജിക്കുന്നത് പുണ്യദായകമാണ് . മൂന്നിതളുകൾ ഉള്ള കൂവളത്തില ശിവ ഭഗവാന്റെ കയ്യിൽ ഇരിക്കുന്ന ത്രിശൂലത്തെയാണ് സൂചിപ്പിക്കുന്നതെന്നും കൂടാതെ സൃഷ്ടി, സംരക്ഷണം, സംഹാരം എന്നിവയെയും സൂചിപ്പിക്കുന്നുവെന്നും ശിവഭഗവാന്റെ തൃക്കണ്ണാണ് എന്നും വിശ്വസിച്ചു പോരുന്നു.

ഔഷധ ഗുണങ്ങൾ ഏറെയുള്ളതിനാൽ ആയുർവേദ ചികിത്സകൾക്കായി ഉപയോഗിക്കുന്ന ഒന്നാണ് കൂവളം. കൂവളത്തിന്റെ ഇലയും, തൊലിപ്പുറവും, ഫലവും, വിത്തുകളും ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു.
പ്രമേഹം, വാതം, കഫം , ഛർദ്ദി , ക്ഷയം, അതിസാരം എന്നിവയുടെ ചികിത്സക്കായി കൂവളം ഉപയോഗിക്കുന്നു. കൂവളത്തിലയുടെ നീര് ചെവി വേദന, ചെവിയിൽ ഉണ്ടാകുന്ന പഴുപ്പ് എന്നിവക്ക് ഉത്തമ ഔഷധമാണ്. ദശമൂലാരിഷ്ടം , വില്വാദിലേഹ്യം എന്നിവയിൽ കൂവളം ചേർത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *