Your Image Description Your Image Description
Your Image Alt Text

പി സി ജോർജിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വീണ്ടും പൊട്ടിത്തെറിച്ചു . ‘ഭാഷയിൽ മിതത്വം പാലിക്കണം. പി സി ജോർജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാം. പാർട്ടി എല്ലാം മനസിലാക്കുന്നുണ്ട്. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിലില്ല. മികച്ച സ്ഥാനാർത്ഥിയാണ് അനിലെന്നും സുരേന്ദ്രൻ തുറന്നടിച്ചു .

സുരേന്ദ്രനത് പറയാം . ജോർജ്ജിന് ആശകൊടുത്തത് ആരാ ? ആനകൊടുത്താലും ആശാ കൊടുക്കരുതെന്നാ പ്രമാണം . പത്തനംതിട്ടയിൽ ജോര്ജിനെയോ അല്ലെങ്കിൽ മകൻ ഷോണിനെയോ മത്സരിപ്പിക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനമെന്നാണ് ജോർജ്ജിന്റെ സുഹൃത്തുക്കൾ പങ്കുവച്ചിരുന്നത് .

അതനുസരിച്ചാണ് മാധ്യമങ്ങളിൽ വാർത്തകളും പ്രചരിച്ചത് . ഇങ്ങനെ മോഹിപ്പിച്ചിട്ട് പുറംകാലുകൊണ്ട് തട്ടിയെറിയുന്നത് ആണുങ്ങൾക്ക് ചേരുന്ന പണിയല്ല , അങ്ങനെ വലിച്ചെറിയാൻ തക്ക കാരണമെന്താണെന്ന് ജോർജ്ജിനെ ബോധ്യപ്പെടുത്തണമായിരുന്നു .

സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്ന സമയം വരെയും ജോർജ്ജിന്റെയും കൂട്ടരുടെയും ധാരണയും പൂർണ്ണ വിശ്വാസവും ജോർജ്ജോ ,ഷൊണോ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു . അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ പോലും പ്ലാൻ ചെയ്തിരുന്നു .

അപ്പനും മകനും പോസ്റ്ററടിക്കാൻ സ്റ്റുഡിയോയിൽ പോയി നിൽക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും നടക്കുന്നതുമായി വിവിധ ഫോസിലുള്ള ഫോട്ടോകൾ വരെ എടുത്തിരുന്നു , അതിന്റെ കാശ് പോലും കിട്ടിയില്ലെന്ന് സ്റുഡിയോക്കാരൻ പറഞ്ഞുവെന്നാണ് അറിയാൻ കഴിഞ്ഞത് .

സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ ജോർജ്ജ് നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ കാണാതെ പോകരുത് . അനിൽ ആന്റണിക്ക് വിജയിക്കുക ദുഷ്‌കരമായിരിക്കുമെന്നും , ‘പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാർത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്നും ജോർജ്ജ് തുറന്നടിച്ചിരുന്നു .

അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണിത്ര പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോദ്ധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണന്നും ജോർജ്ജ് പറഞ്ഞിരുന്നു . അത് ശരിയല്ലേ ?

അനിൽ ആന്റണിയെയും ജോർജ്ജിനെയും ഷോണിനെയും തമ്മിൽ താരതമ്യം ചെയ്തു നോക്കിയാൽ ആരെയാണ് പത്തനംതിട്ടക്കാർക്ക് അറിയാവുന്നത് . തീർച്ചയായും ജോർജ്ജിനെയും മകനെയും തന്നെയാണ് .ഒരു തർക്കവുമില്ല .

അനിൽ ആന്റണിയെ ആര് അറിയും ? ഒരു പക്ഷെ ബിജെപിയുടെ നേതാക്കന്മാർക്ക് അറിയുമായിരിക്കും . എത്ര പ്രവർത്തകർക്കറിയാം ? എ കെ ആന്റണിയുടെ മകനെന്ന് പറഞ്ഞാൽ ആന്റണിയെ അറിയാമെന്ന് പറയും മകനെ അറിയില്ലെന്ന് തന്നെയാകും മറുപടി കിട്ടുന്നത് .

അപ്പോൾ ജോർജ്ജ് പറഞ്ഞത് ശരിയല്ലേ ? അനിലിന് പത്തനംതിട്ടയിലെ ഒരു പഞ്ചായത്ത് വാർഡിൽ പോലും നിൽക്കാനുള്ള യോഗ്യതയുണ്ടോ ? വാ തുറന്നാൽ പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന അനിലിനെ ഇവിടെ സ്ഥാനാർത്ഥിയാക്കിയത് ആരെ പ്രീതിപ്പെടുത്താനാണെന്ന് കാത്തിരുന്നു കാണാം .

കഴിഞ്ഞ തവണ സുരേന്ദ്രൻ പിടിച്ച വോട്ട് പോലും അനിൽ പിടിക്കില്ല . അനിലിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്യുന്നത് ആന്റോ ആന്റണിക്കാണ് . അത് വഴിയേ മനസ്സിലാക്കാം .

Leave a Reply

Your email address will not be published. Required fields are marked *