Your Image Description Your Image Description

ശിവരാത്രിയോടനുബന്ധിച്ച് തിരുവനന്തപുരം-കന്യാകുമാരി ഭാഗങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ഒരു ആചാരമാണ് ‘ശിവാലയ ഓട്ടം’. ‘ചാലയം ഓട്ടം’ എന്നും ഇത് അറിയപ്പെടുന്നു. ശിവരാത്രി നാളില്‍ ദ്വാദശ രുദ്രന്മാരെ വണങ്ങുകയെന്നതാണ് ശിവാലയ ഓട്ടത്തിനു പിന്നിലെ വിശ്വാസം. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള വിളവന്‍കോട്, കല്‍ക്കുളം താലൂക്കുകളിലെ 12 ശിവക്ഷേത്രങ്ങളില്‍ ഒരു രാത്രിയും ഒരു പകലും കൊണ്ട് ദര്‍ശനം നടത്തുകയെന്നതാണ് ശിവാലയ ഓട്ടം.

മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം. ധര്‍മ്മപുത്രന്‍ നടത്തിയ യാഗത്തില്‍ വ്യാഘ്രപാദമുനിയെ ക്ഷണിക്കാൻ ഭീമസേനന്‍ പോയി. എന്നാല്‍ ശിവഭക്തനായ വ്യാഘ്രപാദന്‍ തന്റെ തപസ്സിളക്കിയ ഭീമനെ ആട്ടി ഓടിച്ചു. ശ്രീകൃഷ്ണന്‍ നല്‍കിയ 12 രുദ്രാക്ഷങ്ങളുമായി ഭീമന്‍ വീണ്ടും തിരുമലയില്‍ തപസനുഷ്ഠിക്കുന്ന വ്യാഘ്രപാദ മുനിയെ കാണാനെത്തി. തപസ്സിൽ വിഘ്നം വന്നതിൽ കോപിച്ച് ചാടിയെഴുന്നേറ്റ മുനിയെക്കണ്ട് പേടിച്ച്, ”ഗോവിന്ദാ… ഗോപാലാ…” എന്നു വിളിച്ചുകൊണ്ട് ഭീമന്‍ ഓടാൻ തുടങ്ങി. മുനി സമീപമെത്തുമ്പോള്‍ ഭീമന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന ഒരു രുദ്രാക്ഷം അവിടെ നിക്ഷേപിക്കും. അവിടെയൊക്കെ ഓരോ ശിവലിംഗം ഉയര്‍ന്നുവരികയും ചെയ്തു. ശിവലിംഗത്തിനു മുനി പൂജ തുടങ്ങുമ്പോള്‍ ഭീമന്‍ യാഗസ്ഥലത്ത് എത്തിക്കാന്‍ ശ്രമിക്കും. അവസാനം 12-മത്തെ രുദ്രാക്ഷം നിക്ഷേപിച്ച സ്ഥലത്ത് ശ്രീകൃഷ്ണന്‍ പ്രത്യക്ഷപ്പെട്ട് വ്യാഘ്രപാദന് ശിവനായും ഭീമന് വിഷ്ണുവായും ദര്‍ശനം നല്‍കി. ഇതോടെ ശിവനും വിഷ്ണുവും ഒന്നാണെന്ന് ഇരുവര്‍ക്കും വ്യക്തമായി. തുടർന്ന് മുനി ധര്‍മ്മപുത്രന്റെ യാഗത്തിനെത്തി. ഭീമന്‍ രുദ്രാക്ഷം നിക്ഷേപിച്ചതിനെ തുടര്‍ന്ന് രൂപം കൊണ്ട 12 ശിവക്ഷേത്രങ്ങളിലാണ് ശിവരാത്രിയോടനുബന്ധിച്ച് ശിവാലയ ഓട്ടം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *