Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ സീറ്റില്ല. അവസാന നിമിഷംവരെ പത്തനംതിട്ടയ്‌ക്കായി ശ്രമിച്ച സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഒഴിവാക്കി. മുതിർന്ന കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണിയുടെ മകനും ബിജെപി അഖിലേന്ത്യ സെക്രട്ടറിയുമായ അനിൽ ആന്റണിയാണ്‌ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് .

സുരേന്ദ്രനും സംസ്ഥാന നേതൃത്വവും അംഗീകരിക്കാത്ത കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെ തിരുവനന്തപുരത്ത്‌ സ്ഥാനാർഥിയാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആറ്റിങ്ങൽ, സുരേഷ്‌ ഗോപി തൃശൂർ, സി കൃഷ്‌ണകുമാർ പാലക്കാട്‌ എന്നിവരും ഒന്നാംപട്ടികയിൽ ഇടംനേടി.

സിനിമാതാരങ്ങളെയും നിർമല സീതാരാമനടക്കം ക്യാബിനറ്റ്‌ മന്ത്രിമാരെയും മത്സരിപ്പിക്കാനുള്ള ശ്രമം പാളി. സംസ്ഥാന നേതൃത്വത്തെ ശക്തമായി എതിർത്ത ശോഭ സുരേന്ദ്രനെ ആലപ്പുഴയ്‌ക്ക്‌ തട്ടി. വി മുരളീധരന്‌ ആറ്റിങ്ങൽ നൽകുന്നതിനെ എതിർത്ത ശോഭ കോഴിക്കോട്‌ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു.

എം ടി രമേശാണ്‌ കോഴിക്കോട്ട്‌ സ്ഥാപിച്ചു . സുരേന്ദ്രൻ–-വി മുരളീധരൻ വിരുദ്ധപക്ഷത്തെ പ്രമുഖൻ പി കെ കൃഷ്‌ണദാസ്‌ കാസർകോട്‌ മോഹിച്ചെങ്കിലും സീറ്റ് കൊടുത്തില്ല . സംസ്ഥാനത്തെ പാർടിയിൽ അധികം അറിയപ്പെടാത്ത എം എൽ അശ്വിനിയാണ്‌ അവിടെ സ്ഥാനാർഥി. മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായ അശ്വിനിയുടെ വരവ്‌ ഗ്രൂപ്പുകൾക്കതീതമായ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്‌.

പത്തനംതിട്ട മോഹിച്ച്‌ ചേക്കേറിയ പി സി ജോർജിന്‌ സീറ്റ്‌ നിഷേധിച്ചത്‌ ബിജെപിയിലെ ഒരുവിഭാഗത്തിന്റെ എതിർപ്പുകൊണ്ടാണ്‌ . പകരമായി മകൻ ഷോൺ ജോർജിനായുള്ള ജോർജിന്റെ ആവശ്യം പരിഗണിക്കാത്തതും തിരിച്ചടിയാണ്‌.

അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ എ പി അബ്ദുള്ളക്കുട്ടിക്ക്‌ കണ്ണൂരോ , മലപ്പുറമോ നൽകാത്തതിലും എതിർപ്പുണ്ട്‌. അടുത്തിടെ കോൺഗ്രസിൽനിന്ന്‌ കാലുമാറി വന്ന സി രഘുനാഥാണ്‌ കണ്ണൂരിലെ സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്നു രഘുനാഥ്‌.

മുസ്ലിംലീഗിൽ നിന്ന്‌ വന്ന ഡോ. എം അബ്ദുൾസലാം മലപ്പുറം, യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ പ്രഫുൽ കൃഷ്‌ണ വടകര, നിവേദിത സുബ്രഹ്മണ്യൻ പൊന്നാനി എന്നിവരാണ്‌ മറ്റ്‌ സ്ഥാനാർഥികൾ.

Leave a Reply

Your email address will not be published. Required fields are marked *