Your Image Description Your Image Description

തിരുവനന്തപുരം: പേട്ടയില്‍ നാടോടി ദമ്പതിമാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ ഒരാളെ പോലീസ് പിടികൂടി. കൊല്ലം ചിന്നക്കടയിൽ നിന്നാണ് പ്രതി ഹസൻകുട്ടി എന്ന കബീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ എടുത്തു കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ് പൊത്തിപിടിച്ചു, കുട്ടിയുടെ ബോധം പോയപ്പോൾ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.ബിഹാര്‍ സ്വദേശികളായ നാടോടി ദമ്പതിമാരുടെ രണ്ടുവയസ്സുള്ള പെണ്‍കുഞ്ഞിനെയാണ് കാണാതായത്. 19 മണിക്കൂറിന് ശേഷം കുട്ടിയെ കണ്ടെത്തിയിരുന്നു. ബ്രഹ്‌മോസിന് സമീപമുള്ള ഓടയില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്ന് എ.സി.പി. പറഞ്ഞിരുന്നു.

നൂറിലേറെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയതെന്ന് കമ്മീഷണര്‍ വിശദമാക്കി. പോക്സോ, ഭവനഭേദനം, മോഷണം എന്നിവ അടക്കം എട്ടോളം കേസുകളിലെ പ്രതിയാണ് ഹസന്‍കുട്ടി. നിരവധി മോഷണക്കേസുകളും ഇയാളുടെ പേരിലുണ്ട്. 11 വയസുകാരിയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ കഴിഞ്ഞ ജനുവരി മാസത്തിലാണ് പുറത്തിറങ്ങിയത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് പ്രതി.

രണ്ടാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഒരുഘട്ടത്തിൽ കുട്ടിയുടെ കുടുംബത്തിലേക്കു വരെ അന്വേഷണം നീണ്ടിരുന്നു. ബന്ധുക്കൾ ആരെങ്കിലും മാതാപിതാക്കളെ ഭീഷണിപ്പെടുത്താൻ കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നായിരുന്നു പൊലീസിന്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *