Your Image Description Your Image Description
Your Image Alt Text

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളമൊന്നാകെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് വടകര. മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എം എല്‍ എയുമായ കെ കെ ശൈലജയെ ആണ് എല്‍ ഡി എഫ് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. യു ഡി എഫ്, എന്‍ ഡി എ മുന്നണികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. യു ഡി എഫിനായി നിലവിലെ എം പി കെ മുരളീധരന്‍ തന്നെയായിരിക്കും മത്സരിക്കുക എന്നാണ് വിവരം.

എന്നാല്‍ മുരളീധരന് മണ്ഡലത്തില്‍ കഴിഞ്ഞ തവണ ലഭിച്ച പിന്തുണ ഇത്തവണ ലഭിച്ചേക്കില്ല എന്നാണ് സൂചന.. ശൈലജയ്ക്ക് മണ്ഡലത്തില്‍ വലിയ രീതിയില്‍ വോട്ട് നേടാനാകും എന്നാണ് പൊതുവെ വോട്ടര്‍മാര്‍ പറയുന്നത്. മുരളീധരനെ കൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല എന്നാണ് ഒരു വോട്ടറുടെ അഭിപ്രായം.

വടകരയില്‍ എല്‍ ഡി എഫ് വിജയിക്കും എന്നാണ് മറ്റൊരു വോട്ടര്‍ പറയുന്നത്. ‘മുരളീധരന്‍ പോര. ശൈലജ ടീച്ചര്‍ വരും എന്നുള്ള പ്രതീക്ഷയുണ്ട്. അത് ഭരണത്തിന്റെ നേട്ടം കൊണ്ടല്ല. ജനങ്ങള്‍ മാറി ചിന്തിക്കും. മുരളീധരന്‍ അത്ര ആക്ടീവ് അല്ല,’ അദ്ദേഹം പറഞ്ഞു. മുരളീധരനെ കൊണ്ട് എടുത്ത് പറയത്തക്ക വികസനമൊന്നും ഉണ്ടായിട്ടില്ല എന്നാണ് മറ്റൊരു വോട്ടര്‍ പറയുന്നത്. എല്‍ ഡി എഫ് വടകര തിരിച്ചുപിടിക്കും എന്നാണ് മറ്റൊരു ഓട്ടോ ഡ്രൈവറായ ഒരു വോട്ടര്‍ പറഞ്ഞത്.

വടകരയില്‍ ടൈറ്റ് മത്സരമാണ് എന്നാണ് ബി ജെ പി അനുഭാവിയായ മറ്റൊരാള്‍ പറയുന്നത്. ‘മുരളീധരന്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ജയിച്ച് പോയതിന് ശേഷം ഇവിടെ കണ്ടിട്ടേ ഇല്ല. കോണ്‍ഗ്രസ് വേറെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാണ് നല്ലത്. വടകരയില്‍ ഒരു മാറ്റം വരണം. ബി ജെ പി വരണം എന്നുണ്ട്. അത് നടക്കുമോ എന്ന് അറിയില്ല. സാധ്യത കുറവാണ്,’ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആരോഗ്യരംഗത്ത് ചെയ്ത പ്രവര്‍ത്തനം ശൈലജക്ക് ഗുണം ചെയ്യും എന്നാണ് മറ്റൊരാളുടെ അഭിപ്രായം. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി എഫക്ടില്‍ ആണ് മുരളി ജയിച്ച് പോയത്. അതിപ്പോള്‍ ഉണ്ടാകില്ല. പാര്‍ലമെന്റില്‍ ശൈലജ എത്തും എന്നാണ് വിശ്വാസം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ അഞ്ച് വര്‍ഷം ഒരു ശബ്ദം പോലും പാര്‍ലമെന്റില്‍ ഉയര്‍ത്താത്ത ആളാണ് മുരളി എന്നും സി പി എം നിര്‍ത്തിയ സ്ഥാനാര്‍ത്ഥികളെല്ലാം നന്നായി ശബ്ദിക്കുന്ന നേതാക്കളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം മുരളീധരന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും എന്നാണ് വേറൊരു വോട്ടര്‍ പറഞ്ഞത്. ‘ഇപ്പോഴത്തെ ഭരണത്തെ വിലയിരുത്തി കൊണ്ട് നോക്കുകയാണെങ്കില്‍ ശൈലജ ടീച്ചര്‍ ഇവിടെ ജയിക്കാന്‍ സാധ്യത ഇല്ല. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഇവിടെ ജയിക്കൂ എന്നത് ഉറപ്പാണ്. ശൈലജ ടീച്ചര്‍ നല്ല വ്യക്തിയാണ്. പക്ഷെ ഇപ്പോഴത്തെ ഭരണത്തെ വിലയിരുത്തിയാകും വോട്ടര്‍മാര്‍ വോട്ട് ചെയ്യുക,’ അദ്ദേഹം പറഞ്ഞു.

മുന്‍ സര്‍ക്കാരിനേക്കാള്‍ വളരെ മോശം ഭരണമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത് എന്നും എല്ലാ സാധനത്തിനും വില കൂടി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ തിരിഞ്ഞ് നോക്കുന്നില്ല. പെന്‍ഷന്‍ ലഭിക്കുന്നില്ല. അതുകൊണ്ട് ഇവിടെ യുഡിഎഫ് തന്നെയോ ജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വടകരയില്‍ ശൈലജ ടീച്ചര്‍ ജയിക്കേണ്ടത് സ്ത്രീകളുടെ ആവശ്യമാണ് എന്നാണ് ഒരു വനിതാ വോട്ടറുടെ അഭിപ്രായം.

‘കൊവിഡ്, നിപ കാലത്തൊന്നും ശൈലജ ടീച്ചര്‍ നമ്മള്‍ക്ക് അന്യയായിരുന്നില്ല. ശൈലജ ടീച്ചറെ വടകരയിലെ സ്ത്രീകള്‍ക്ക് ആവശ്യമാണ്. മുരളീധരന്‍ നല്ല പ്രവര്‍ത്തനം കാഴ്ച വെക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ മുരളിയെ കാണാറില്ല. മുരളീധരന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവര്‍ത്തനം പ്രതീക്ഷിച്ചതല്ല. മോദി വിളിച്ചാല്‍ ചായ കുടിക്കാനും പാര്‍ട്ടിക്കും പോകും എന്നാണ് മുരളി പറഞ്ഞിരിക്കുന്നത്. അതിനാണോ മതേതരവാദികളായ നമ്മള്‍ മുരളീധരനെ ജയിപ്പിച്ച് വിട്ടിരിക്കുന്നത്,’ അവര്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *