Your Image Description Your Image Description
Your Image Alt Text

കഴിഞ്ഞ ചൊവ്വാഴ്ച കാനഡയിലേക്ക് സര്‍വ്വീസ് നടത്തിയ പാകിസ്ഥാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ)യിലെ കാബിന്‍ ക്രൂ അംഗങ്ങളെ കാണാനില്ലെന്ന് ദി ഡ്വാന്‍ റിപ്പോര്‍ട്ട് ചെയ്തു. 2024 ലെ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഐഎയുടെ വിമാനമായ പികെ 782 ല്‍ കാനഡയിലെത്തിയ ഇസ്ലാമാബാദ് സ്വദേശിനിയും പിഐഎയിലെ ക്യാബിന്‍ ക്രൂ അംഗവുമായ മരിയം റാസ, കാനഡയില്‍ നിന്നും തിരിച്ച് പാകിസ്ഥാനിലേക്കുള്ള വിമാനമായ പികെ 784 ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാബിന്‍ ക്രൂ അംഗം വിമാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്ന് മറ്റ് അധികൃതര്‍ മറിയം താമസിച്ച ഹോട്ടല്‍ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ അവിടെ പിഐഎയും യൂണിഫോമിനോടൊപ്പം ഒരു എഴുത്ത് കണ്ടെത്തി. ആ കത്തില്‍ ‘പിഐഎ നിങ്ങള്‍ക്ക് നന്ദി’ എന്നായിരുന്നു എഴുതിയിരുന്നത്. പാകിസ്ഥാന്‍റെ ദേശീയ വിമാനത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി ജോലി ചെയ്യുന്നയാളാണ് മറിയം റാസ. കഴിഞ്ഞ ജനുവരിയില്‍ സമാനമായ രീതിയില്‍ ഫൈസ മുക്താര്‍ എന്ന മറ്റൊരു ക്യാബിന്‍ ക്രൂ അംഗത്തെയും കാണാതായിരുന്നുവെന്ന് പിഐഎയും വക്താവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കനഡയില്‍ ലാന്‍റ് ചെയ്ത് ഒരു ദിവസത്തിന് ശേഷം തിരിച്ച് കറാച്ചിയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗമായിരുന്നു ഫൈസ മുക്താര്‍.

രാജ്യത്ത് പ്രവേശിച്ച അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ പരിഗണിക്കുന്ന കനേഡിയൻ നിയമത്തിന്‍റെ സ്വഭാവമാണ് ഇത്തരത്തില്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അപ്രത്യക്ഷമാകുന്നതിന് കാരണമെന്ന് പാക് അധികൃതര്‍ ആരോപിച്ചു. 2019 ൽ കാനഡയിലേക്കുള്ള വിമാനത്തിൽ ക്രൂ ചെയ്തതിന് ശേഷം പാകിസ്ഥാൻ ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ അപ്രത്യക്ഷമാകുന്ന പ്രവണത തുടങ്ങിയതായും ഇത്തരക്കാരുടെ എണ്ണത്തില്‍ അടുത്ത കാലത്തായി വലിയ വര്‍ദ്ധനവ് ഉണ്ടായതായും അധികൃതര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ ഏഴ് ക്യാബിന്‍ ക്രൂ അംഗങ്ങളെയാണ് കാണാതായത്. 2023 ഡിസംബറില്‍ ടോറോന്‍ഡോയില്‍ ഇറങ്ങിയ അയാസ് ഖുറേഷി, ഖാലിദ് അഫ്രീദി, ഫിദ ഹുസൈൻ ഷാ എന്നീ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ തിരിച്ചുള്ള വിമാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യാതെ കാനഡയില്‍ തന്നെ തങ്ങിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ കാനഡയില്‍ താമസമാക്കിയ ഒരു ക്യാബിന്‍ ക്രൂ അംഗമാണ് മറ്റ് ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് ഇതിനുള്ള ഉപദേശങ്ങള്‍ നല്‍കുന്നതെന്നും പാക് വിമാനാധികൃതര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *