Your Image Description Your Image Description
Your Image Alt Text

ആധുനിക സജ്ജീകരണങ്ങളോടുകൂടിയ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് പത്തനാപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ശിലയിട്ടു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ആശുപത്രി നിർമ്മാണത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് ചേർന്ന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

അർഹിക്കുന്ന വിഹിതം നിഷേധിക്കുന്നത് ഉൾപ്പെടെ എന്തൊക്കെ തടസ്സങ്ങൾ സൃഷ്ടിച്ചാലും വികസന പ്രവർത്തനങ്ങൾക്ക് ഒരു മുടക്കവും വരുത്തില്ലെന്ന് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഇന്ത്യ ഒട്ടാകെ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തിയ നിയമനങ്ങളിൽ 42 ശതമാനവും കേരളത്തിലാണ്. ഇത് തിരിച്ചറിഞ്ഞ് ജനം സർക്കാരിനെ പിന്തുണയ്ക്കുന്നതിന് തെളിവാണ് തിരഞ്ഞെടുപ്പുകളിൽ കാണാനാകുന്നത്. 1,68,000 കോടി രൂപയാണ് വിവിധ ആനുകൂല്യങ്ങൾക്കായി സംസ്ഥാനത്ത് ചിലവഴിക്കുന്നത്. ഇതിനെ ധൂർത്തന്ന് ആക്ഷേപിക്കുന്നത് അംഗീകരിക്കില്ല. എല്ലാ ആനുകൂല്യങ്ങളും സർക്കാർ നൽകുകതന്നെ ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.

പൊതുജനത്തിലെ 60 ശതമാനവും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന നിലയിലേക്കുള്ള പുരോഗതിയാണ് ആരോഗ്യ രംഗത്ത് പ്രകടമാകുന്നതെന്ന് ആശുപത്രിക്ക് ശില ഇട്ടശേഷം ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടിനെ ആശ്രയിച്ചുള്ള നിർമ്മാണം സമയബന്ധിതമായ പൂർത്തീകരണത്തിന് സഹായകമാകും. ഇ-ഹെൽത്ത് സംവിധാനത്തിലൂടെയുള്ള ഓൺലൈൻ ബുക്കിംഗ് വഴി രോഗികൾക്ക് സൗകര്യപ്രദമായി സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാൻ അവസരം ഒരുക്കി. സേവനങ്ങളെല്ലാം ഈ രീതിയിലേക്ക് മാറ്റുന്നതിനുള്ള പരിശ്രമത്തിലും ആണെന്ന് മന്ത്രി പറഞ്ഞു.

18 മാസം കൊണ്ട് ആശുപത്രിയുടെ പണി പൂർത്തിയാകുമെന്ന് അധ്യക്ഷനായ ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു. 7 ഓപ്പറേഷൻ തിയേറ്ററുകൾ ഇവിടെ ഉണ്ടാകും. ശിശുരോഗ പരിചരണത്തിനുള്ള പ്രത്യേക സംവിധാനവും ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,മറ്റു ജനപ്രതിനിധികൾ,രാഷ്ട്രീയകക്ഷി നേതാക്കൾ, ആരോഗ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നവകേരള സദസിന്റെ നടത്തിപ്പിനായുള്ള സ്പോൺസർഷിപ്പ് തുകയിൽ നിന്ന് മിച്ചം വന്ന 2,30,000 രൂപ തുല്യമായിവീതിച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ഗാന്ധിഭവൻ, സ്നേഹതീരം എന്നീ സ്ഥാപന പ്രതിനിധികൾക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *