Your Image Description Your Image Description
Your Image Alt Text

മന്ത്രി റോഷി അഗസ്റ്റിൻ നിങ്ങളുടെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിലയ്ക്കു നിർത്തണം, തലക്കെട്ട് കാണുമ്പോൾ ഞങ്ങളും മനോരമയുടെ ചുവടു പിടിച്ചു റോഷിയുടെ എ പി എസ് പ്രേംജിയെ നിലയ്ക്ക് നിർത്താൻ ആവശ്യപ്പെടുന്നതായി ധരിക്കരുത് .

മന്ത്രിയും ഓഫീസും ആവർത്തിച്ച് ആവശ്യപ്പെട്ടാലും ഉത്തരവാദിത്വബോധം നഷ്ടപ്പെട്ട് ധാര്‍ഷ്ട്രീയത്തോടെ പെരുമാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തെയാണ് കുറ്റപ്പെടുത്തുന്നത്. ജനങ്ങളുടെ കയ്യിൽ നിന്നും മാസശമ്പളം മേടിച്ചിട്ട് ജനങ്ങളുടെ മുതലാളി ചമയുന്ന ഉദ്യോഗസ്ഥരുണ്ടല്ലോ അവരെ പറ്റിയാണ് ഞങ്ങൾ പറയുന്നത് .

മനോരമയുടെ ആദ്യപേജിലെ ആദ്യ വാർത്ത കണ്ടാൽ പ്രേംജി ഒരു ഗുണ്ടയാണന്ന് തോന്നിപ്പോകും. അത് മനോരമയുടെ ഒരു ശീലമാണ്. കോൺഗ്രസുകാർ ഒഴികെ എല്ലാവരുടെയും വാർത്ത എഴുതുമ്പോൾ ഒരു ഗുണ്ടാ ടച്ച് നൽകുകയെന്നത് അവരുടെ നയമാണ് .

പണ്ട് ദേശാഭിമാനിയെ പറ്റി പ്രസ് ക്ലബ്ബിൽ ഒരു കഥയുണ്ടായിരുന്നു. ആറ്റിങ്ങലിൽ കിണറ്റിൽ വീണ കുട്ടിയെ ആർഎസ്എസുകാരൻ രക്ഷപ്പെടുത്തിയെന്നത് ദേശാഭിമാനിയിൽ വന്നപ്പോൾ ആർഎസ്എസ് ഗുണ്ട ചാടി രക്ഷപ്പെടുത്തിയെന്നായി. ആർഎസ്എസെന്ന് എവിടെയെങ്കിലും കണ്ടാൽ ഗുണ്ട കൂടി ചേർക്കണമെന്ന പഴയ തമാശയേക്കാൾ ഗൗരവമുള്ളതാണ് മനോരമയുടെ കോൺഗ്രസ് പ്രീണനം.

ഇടതുമുന്നണി സർക്കാരിന്റെ , വഴി ഇറമ്പിൽ പോലും നടക്കുന്ന ഓരോ ചെറിയ ചലനങ്ങളും സ്ഫോടനാത്മകമായ വാർത്തയാക്കി മാറ്റുമ്പോൾ അവനവന്റെ വിശ്വാസ്യതയാണ് തകരുന്നതന്ന ബോധ്യം ലവലേശമില്ല . ജലസേചന വകുപ്പ് ചീഫ് എഞ്ചിനിയറോട് നിയമസഭാ ചോദ്യങ്ങൾക്ക് , ഉത്തരം നൽകാൻ പലവട്ടം ആവശ്യപ്പെട്ടിട്ടും ഇയാൾ നൽകിയില്ലന്ന് മാത്രമല്ല കീഴ്ജീവനക്കാരെ അതിന് അനുവദിച്ചതുമില്ല.

മന്ത്രിയുടെ ഓഫീസിൽ നിയമ സഭ ചോദ്യോത്തരങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രേംജി ഇയാളുടെ ഉത്തരവാദിത്തമില്ലായ്മ മന്ത്രിയെ അറിയിച്ചു . അതിന്‍ പ്രകാരം ഇനി മന്ത്രിയെ കണ്ടിട്ട് ഓഫീസിൽ പ്രവേശിച്ചാൽ മതിയെന്ന് മന്ത്രി വാക്കാൽ ഉത്തരവിട്ടിരുന്നുവെന്നാണ് അറിയാൻ സാധിച്ചത്.

ഇതിൽ കോപാകുലനായി ഉദ്യോഗസ്ഥൻ മന്ത്രിയെ കാണാൻ ഓഫീസിലെത്തി. മന്ത്രി ഇല്ല. സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറിയിൽ കയറിയപ്പോൾ അതാ അവിടെ ഇരിക്കുന്നു എപിഎസ് പ്രേംജി.
സൗമ്യനായ പ്രേംജി ഉദ്യോഗസ്ഥനെ ചില കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ശ്രമിച്ചപ്പോൾ അയാൾ ബഹളം വെച്ച് പ്രേംജിയെ പിടിച്ചു തള്ളി. സിസിടിവി സാക്ഷിയാണ് .

തുടർന്ന് ചില കോപ്രായങ്ങൾ കാട്ടിക്കൂട്ടി അവിടെനിന്ന് ഇറങ്ങിയ ഉദ്യോഗസ്ഥന്‍ സെക്രട്ടറിയേറ്റിലെ ക്ലിനിക്കിൽ പോയി മരുന്നും വച്ചു കെട്ടി മാധ്യമങ്ങളുടെ മുന്നിൽ കരഞ്ഞുകാണിച്ചു . ഇതെല്ലാം മുൻകൂട്ടി പദ്ധതി ഇട്ടാണോ ഈ ഉദ്യോഗസ്ഥൻ വന്നതെന്നാണ് സാഹചര്യങ്ങൾ പറയുന്നത് .

ഒടുവിൽ ജനങ്ങളുടെ ശമ്പളം വാങ്ങി ജനങ്ങളെ കൊഞ്ഞനം കുത്തി കാണിക്കുന്ന ഉദ്യോഗസ്ഥൻ പുണ്യവാളൻ. ഉദ്യോഗസ്ഥന്റെ നല്ല നടപ്പ് ചോദ്യം ചെയ്ത പ്രേംജി , വിഡ്ഢി, ഗുണ്ട. ആഭാസൻ , ഇതാണ് കേരളം.

ഇതുകൊണ്ടാണ് പറഞ്ഞത് റോഷിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ ചട്ടം പഠിപ്പിക്കണമെന്ന് . എംഎൽഎ ചിത്തരന്ജന്‍ ചോദിച്ച ചോദ്യമാണ് അവസാനം നിയമസഭയിൽ ഉത്തരം മുട്ടിനിൽക്കുന്നത് . ഇതുപോലെയുള്ള മുട്ടാളന്മാരായ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്തണം. പറഞ്ഞാൽ കേൾക്കുന്നില്ലങ്കിൽ ആദ്യം പിതൃപൂജ നടത്തണം .

എന്നിട്ടും ശരിയാകുന്നില്ലങ്കിൽ പേര് വെട്ടി വീട്ടിലിരുത്തണം. ഇവനോന്നുമില്ലങ്കിലും ഈ കേരളം ഇങ്ങനെ തന്നെ മുന്നോട്ടു പോയിക്കൊള്ളും. മുൻപൊരിക്കൽ റോഷിയുടെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ പറ്റി ഞങ്ങൾ പറഞ്ഞത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു .

ആശ്രിത നിയമനത്തിൽ പ്യുണായി നിയമനം കിട്ടിയ ഒരു ജീവനക്കാരൻ കൊല്ലത്ത് മൈനർ ഇറിഗേഷനിൽ കഴിഞ്ഞ 10 വർഷത്തിലധികമായി അട്ടിപ്പേറു കിടപ്പുണ്ട് . കലാകാലങ്ങളിൽ മാറിമാറി വരുന്ന മേലുദ്യോഗസ്ഥരെ പറ്റി അപവാദം പറയുകയും കോൺട്രാക്ടർമാരിൽ നിന്ന് പടി വാങ്ങുകയും അതിന് എതിര് നിൽക്കുന്നവരെ വിജിലൻസിനെക്കൊണ്ട് പിടിപ്പിക്കുകയും ചെയ്യുന്ന ഒരു നല്ല ഉദ്യോഗസ്ഥ സേവകൻ .

ഇവാൻ പ്യുണായി കേറിയെങ്കിലും ഇപ്പോൾ മൂത്ത ക്ലർക്കാണ് . ഈ കഴിഞ്ഞ ദിവസം സ്ഥല മാറ്റം കിട്ടിയ മേല് ഉദ്യോഗസ്ഥന്റെ പേരില്‍ വിജിലന്‍സിന് ഊമ കത്ത് എഴുതി വിജിലൻസിനെക്കൊണ്ട് പരിശോധിപ്പിച്ചു. ഇവനെ ഒരു വിജിലൻസും പരിശോധിക്കുന്നില്ല , വിജിലന്സിലും ഇവന് പിടിപാടെന്നാ മറ്റുള്ള ഉദ്യോഗസ്ഥർ പറയുന്നത് . അതുകൊണ്ട് അവർക്കെല്ലാം പേടിയാ അവനോടൊപ്പം ജോലി ചെയ്യാൻ .

മുന്‍പ് പല മന്ത്രിമാരും ഇയാളെ മാറ്റാൻ ശ്രമിച്ചിട്ടും നടന്നില്ല. റോഷിയെ പോലെ തന്റേടിയായ ഒരു മന്ത്രിയിൽ നിന്ന് നല്ല നടപടി പ്രതീക്ഷിച്ചിരുന്നു. അതും തദൈവ. കാലാകാലങ്ങളിൽ വരുന്ന മന്ത്രിമാരുടെ പിണിയാളുകളെ പരിപോഷിപ്പിക്കുന്ന ഇവൻ നല്ലയൊരു തരകനാണ് .

റോഷിയുടെ പാർട്ടിയുടെ ഒരു മുൻ ജില്ലാ നേതാവിന്റിന്റെയും ഒരു താക്കോൽ സ്ഥാനീയന്‍റെയും പേര് അന്തരീക്ഷത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഏതായാലും അഴിമതിക്കാരനായ ഒരു ക്ലർക്കിനെ മാറ്റാൻ പോലും കഴിവില്ലാത്ത മന്ത്രിയുടെ ഓഫീസിൽ ഇതല്ല ഇതിനപ്പുറവും കാണിക്കാൻ ഒരു ഉദ്യോഗസ്ഥനും മടിക്കില്ല .

Leave a Reply

Your email address will not be published. Required fields are marked *