Your Image Description Your Image Description

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെടുന്നു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിക്കൊപ്പം പൂഞ്ചിലെ സൈനിക കേന്ദ്രം മാറ്റണമെന്ന ആവശ്യവും പ്രദേശവാസികൾ മുന്നോട്ടുവെക്കുന്നുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് സിദ്ദീഖ്, സുരക്ഷിതരല്ലെന്ന മാനസികാവസ്ഥയിലാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കി.

യുവാക്കളുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. പുരുഷന്മാരെ പിടികൂടി സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടു പോയപ്പോൾ അവരെ തങ്ങളും പിന്തുടർന്നതായി മരിച്ച സഫീർ ഹുസൈന്‍റെ ഗർഭിണിയായ ഭാര്യ ഫാത്തിമ ടെലിഗ്രാഫിനോട് പറഞ്ഞു. പുരുഷന്മാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള സൈനിക കേന്ദ്രത്തിലേക്ക് തങ്ങളും പോയി.

വഴിയിലുടനീളം പുരുഷന്മാരെ മർദ്ദിച്ച സൈനികർ ക്യാമ്പിലേക്ക് അവരെ വലിച്ചിഴച്ചു. കരഞ്ഞു കൊണ്ട് തങ്ങൾ ക്യാമ്പിന് പുറത്തു കാത്തുനിന്നു. എന്നാൽ, സ്ഥലത്ത് നിന്ന് പോകാൻ പറഞ്ഞ സൈനികർ, സമാന അവസ്ഥ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും ഫാത്തിമ വ്യക്തമാക്കി. ജമ്മുവിലെത്തിയ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ സ്ഥിതിഗതികൾ വിലയിരുത്തി.

ജമ്മു ഡിവിഷനൽ കമീഷണർ രമേഷ് കുമാറും ഐ.ജി ആനന്ദ് ജയിനും പൂഞ്ചിൽ ക്യാംപ് ചെയ്യുകയാണ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നാളെ പൂഞ്ചിലും രജൗരിയിലും സന്ദർശനം നടത്തുന്നുണ്ട്. സൈന്യവുമായും സിവിലിയന്മാരുമായും കേന്ദ്ര മന്ത്രി കൂടിക്കാഴ്ച നടത്തും. കുറ്റക്കാരായ സൈനിക ഉദ്യോഗസ്ഥരെ ചുമതലയിൽ നിന്ന് മാറ്റി നിർത്തണമെന്ന ആവശ്യവും ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *