Your Image Description Your Image Description
Your Image Alt Text

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഖ്‌നൗവിൽ ‘വികസിത ഭാരതം വികസിത ഉത്തർപ്രദേശ്’ പരിപാടിയെ അഭിസംബോധന ചെയ്തു. 2023 ഫെബ്രുവരിയിൽ നടന്ന ‘ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023’ന്റെ നാലാമത്തെ സമാരംഭച്ചടങ്ങിൽ ഉത്തർപ്രദേശിലുടനീളം 10 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 14,000 പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. ഉൽപ്പാദനം, പുനരുപയോഗ ഊർജം, ഐടി, ഐടിഇഎസ്, ഭക്ഷ്യസംസ്കരണം, ഭവനനിർമാണം, റിയൽ എസ്റ്റേറ്റ്, അതിഥിസൽക്കാരവും വിനോദവും, വിദ്യാഭ്യാസം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികളാണ് ഇത്.

വികസിത ഉത്തർപ്രദേശിന്റെ വികസനത്തിലൂടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഇന്നത്തെ പരിപാടിയെന്നു സമ്മേളനത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു.

വിദൂരദൃശ്യസംവിധാനത്തിലൂടെ ഉത്തർപ്രദേശിലെ 400ലധികം നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു ജനങ്ങൾ പരിപാടിയിൽ പങ്കെടുത്തതായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അവരെ സ്വാഗതം ചെയ്യുകയും, 7-8 വർഷം മുമ്പു സങ്കൽപ്പിക്കാൻപോലും കഴിയാത്ത സാങ്കേതികവിദ്യയുടെ സഹായത്തോടെ പൗരന്മാർക്ക് ഇപ്പോൾ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഉത്തർപ്രദേശിൽ മുമ്പുണ്ടായിരുന്ന കുറ്റകൃത്യങ്ങളുടെ ഉയർന്ന നിരക്കു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നിക്ഷേപങ്ങളെയും തൊഴിലവസരങ്ങളെയും സംബന്ധിച്ചു സംസ്ഥാനത്തു സംജാതമായ അനുകൂല അന്തരീക്ഷത്തെ അഭിനന്ദിച്ചു. “ഇന്ന്, ഉത്തർപ്രദേശ് ലക്ഷക്കണക്കിനു കോടി രൂപയുടെ നിക്ഷേപത്തിനു സാക്ഷ്യം വഹിക്കുന്നു” – വാരാണസിയിൽനിന്നുള്ള പാർലമെന്റംഗം കൂടിയായതിനാൽ സംസ്ഥാനത്തിന്റെ പുരോഗതിയിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു.

ഇന്നത്തെ വികസനപദ്ധതികളെക്കുറിച്ചു സംസാരിക്കവെ, ഇത് ഉത്തർപ്രദേശിന്റെ മുഖച്ഛായ മാറ്റുമെന്നു പറഞ്ഞ പ്രധാനമന്ത്രി, നിക്ഷേപകരെയും യുവാക്കളെയും അഭിനന്ദിക്കുയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *