Your Image Description Your Image Description
Your Image Alt Text

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024ന്റെ ഭാഗമായുള്ള ഡയറി എക്‌സ്‌പോ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അടുത്ത ഒരു വർഷം കൊണ്ട് പാൽ ഉത്പാദനത്തിൽ നൂറു ശതമാനം സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലക്‌ഷ്യം നേടുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കി വരികയാണ്.

മുഖാമുഖം പോലുള്ള പരിപാടികളിലൂടെ ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കിയാണ് സർക്കാർ മുന്നേറുന്നത്. അത്പോലെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന തീറ്റകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഇതിനായി നിയമസഭയിൽ ബില്ല് പാസാക്കാൻ കഴിഞ്ഞിട്ടുണ്ട്. സുരക്ഷിതമല്ലാത്തവ വിതരണം ചെയ്യുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി അത് സമയബന്ധിതമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത് . ഇവ കൃത്യതയോടെ പ്രാവർത്തികമാക്കുനതിനായി, ബില്ലുകൾ നിലവിലുള്ള മറ്റു സംസ്ഥാനങ്ങളെ, മാതൃകകളാക്കി പഠിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരവികസന വകുപ്പിലെയും ക്ഷീര സംഘത്തിലെയും ജീവനക്കാരുടെ കലാസന്ധ്യ എം.എം.മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിന് ആവശ്യമായ പാൽ നമ്മൾ തന്നെ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുകയാണ് വേണ്ടതെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു സംസാരിച്ച വാഴൂര്‍ സോമന്‍ എംഎല്‍എ പറഞ്ഞു. വിഷാംശമില്ലാത്ത പാൽ നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും എം. എൽ. എ വ്യക്തമാക്കി.

ഫെബ്രുവരി 20 വരെ ഇടുക്കി അണക്കര സെന്റ് തോമസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന സംഗമത്തില്‍ ക്ഷീരകര്‍ഷകരുടെയും സഹകാരികളുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. പാലുല്‍പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ , പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനുള്ള പുതിയ രീതികൾ , മേഖലയിലെ പുതിയ മാറ്റങ്ങൾ എന്നിവ ചര്‍ച്ച ചെയ്യും. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരസഹകരണ സംഘങ്ങള്‍, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് മില്‍മ, കേരള ഫീഡ്‌സ്, കെ.എല്‍.ഡി ബോര്‍ഡ്, വെറ്ററിനറി സര്‍വകലാശാല എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ 5000 ത്തോളം ക്ഷീരകര്‍ഷകരാണ് പങ്കെടുക്കുക .

ഉദ്ഘാടന യോഗത്തിൽ ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കുസുമം സതീഷ്, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജി കെ ഫിലിപ്പ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *